KERALAMLATEST NEWS

വന്ദേഭാരത് വന്നതോടെ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും വലഞ്ഞു; എറണാകുളത്ത് പ്രതിഷേധിച്ച് യാത്രക്കാർ

കൊച്ചി: വന്ദേഭാരത് എക്‌സ്‌പ്രസ് കടന്നുപോകുന്നതിന് വേണ്ടി പാലരുവി എക്‌സ്‌പ്രസ് ട്രെയിൻ മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിൽ പിടിച്ചിടുന്ന നടപടിക്കെതിരെ പ്രതിഷേധം. എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിലാണ് യാത്രക്കാരുടെ ശക്തമായ പ്രതിഷേധം. സംഭവത്തിൽ സ്റ്റേഷൻ മാസ്റ്റർക്ക് യാത്രക്കാർ നിവേദനം നൽകിയിട്ടുണ്ട്.

രാവിലെ 8.25ന് എറണാകുളം ടൗണിലെത്തുന്ന വന്ദേഭാരതിന് കടന്നുപോകാനായാണ് പാലരുവി എക്‌സ്‌പ്രസ് മുളന്തുരുത്തിയിൽ പിടിച്ചിടുന്നത്. 7.52ന് മുളന്തുരുത്തിയിൽ നിന്ന് പുറപ്പെടേണ്ട പാലരുവി പലപ്പോഴും അരമണിക്കൂറോളം പിടിച്ചിടാറുണ്ട്. കോളേജ് വിദ്യാർത്ഥികളും ജോലിക്കാരും സ്ഥിരമായി ആശ്രയിക്കുന്ന ട്രെയിനാണ് പാലരുവി എക്‌സ്‌പ്രസ്.

കഴിഞ്ഞ കുറേ മാസങ്ങളായി വിഷയത്തിൽ നടപടി വേണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്. കറുത്ത ബാഡ്ജും പോസ്റ്ററുമായാണ് യാത്രക്കാർ പ്രതിഷേധിച്ചത്. പാലരുവി എക്‌സ്‌പ്രസ് മുളന്തുരുത്തി സ്റ്റേഷനിൽ പിടിച്ചിടുന്നതിന് പകരം തൃപ്പൂണിത്തുറയിൽ പിടിച്ചിട്ടാൽ ജോലിക്ക് പോകുന്നവർക്ക് ഉപകാരമാകുമെന്നാണ് യാത്രക്കാർ പറയുന്നത്.

കോട്ടയം വഴി എറണാകുളം ഭാഗത്തേക്കുള്ള യാത്രാക്ലേശം രൂക്ഷമാണെന്നും അവർ കൂട്ടിച്ചേർത്തു. ഇതിനും പരിഹാരം കാണണമെന്നാണ് യാത്രക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. പുനലൂർ – ചെങ്കോട്ട പാതയിൽ 18 കോച്ചുകൾക്ക് അനുമതി ലഭിച്ചെങ്കിലും പാലരുവി എക്‌സ്‌പ്രസിലെ പ്രശ്നങ്ങളിൽ പരിഹാരം കാണാത്തത് ഖേദകരമാണെന്നും ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് പറഞ്ഞു.

പാലരുവിക്കും വേണാടിനുമിടയിൽ ഒന്നരമണിക്കൂർ ഇടവേളയുണ്ടെന്നും ഈ സമയം ഉപയോഗപ്പെടുത്തി ഒരു മെമുവോ പാസഞ്ചറോ അനുവദിക്കുകയാണെങ്കിൽ യാത്ര ദുരിതത്തിന് പരിഹാരമാകുമെന്നും യാത്രക്കാർ പറയുന്നു.


Source link

Related Articles

Back to top button