ബസ് കാത്തുനിൽക്കുന്നതിനിടെ കുഴഞ്ഞുവീണ സ്‌കൂൾ വിദ്യാർത്ഥി മരിച്ചു
പാലക്കാട്: ബസ് കാത്തുനിൽക്കുന്നതിനിടെ തളർന്നുവീണ വിദ്യാർത്ഥി മരിച്ചു. പാലക്കാട് കൂറ്റനാട് ആണ് സംഭവം. കൂറ്റനാട് അൽ അമീൻ ഇംഗ്ളീഷ് മീഡിയം സ്‌കൂളിലെ വിദ്യാർത്ഥി മുഹമ്മദ് സിയാൻ (15) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കഴിഞ്ഞ വെള്ളിയാഴ്‌ച വൈകിട്ട് നാല് മണിയോടെയാണ് സിയാൻ ബസ് സ്റ്റോപ്പിൽ കുഴഞ്ഞുവീണത്. പിന്നാലെ കൂടെയുണ്ടായിരുന്ന സഹപാഠിയും അദ്ധ്യാപികയും മറ്റുള്ളവരും ചേർന്ന് സിയാനെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ പത്ത് മണിയോടെ മരണപ്പെടുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി.
കറുകപുത്തൂർ ഇഞ്ചിരവളപ്പിൽ ലത്തീഫിന്റെയും റെജിലയുടെയും മകനാണ് സിയാൻ. റാഷിഫ് മിഥിലാജ്, മുഹമ്മദ് ദിനൂസ് എന്നിവരാണ് സഹോദരങ്ങൾ. ഇന്ന് രാവിലെ കറുകപുത്തൂർ ജുമാ മസ്‌ജിദിൽ കബറടക്കം നടന്നു.
കഴിഞ്ഞദിവസം തൃശൂരിൽ ഫുട്ബാൾ കളിക്കിടെ ബോൾ കൊണ്ടുള്ള ആഘാതത്തെത്തുടർന്ന് കോളേജ് വിദ്യാർത്ഥി മരിച്ചിരുന്നു. സെന്റ് തോമസ് കോളേജ് ബികോം വിദ്യാർത്ഥി മാധവ് ആണ് മരിച്ചത്. ശനിയാഴ്ച വെെകിട്ട് തൃശൂർ മണ്ണുത്തി പെൻഷൻ മൂലയിലെ ടർഫിൽ കളിച്ചു കൊണ്ടിരിക്കേയായിരുന്നു സംഭവം. ഫുട്‌ബോൾ കളിക്കുന്നതിനിടെ പന്ത് വയറിൽ ഇടിച്ചിരുന്നു. പരിക്കേറ്റ മാധവിനെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
Source link