മേപ്പാടി: ‘ഈ കാഴ്‌ചകൾ കാണാനാണല്ലോ യോഗം, ആ കുട്ടിയോട് എന്ത് സമാധാനം പറയും. എന്തുപറഞ്ഞ് ഞാൻ അവനെ സമാധാനിപ്പിക്കും”-വാക്കുകൾ കിട്ടാതെ മന്ത്രി എ.കെ. ശശീന്ദ്രൻ മാദ്ധ്യമപ്രവർത്തകർക്ക് മുന്നിൽ വിതുമ്പി. ദുരന്തത്തിൽ മരിച്ച ഉപ്പ നാസറിനെയും കൂടപ്പിറപ്പുകളെയും തെരഞ്ഞ് ദുരന്ത ഭൂമിയിലെത്തിയ ഇസ്ഹാക്ക് എന്ന കുട്ടിയെ കണ്ടപ്പോഴാണ് മന്ത്രിക്ക് നിയന്ത്രണം വിട്ടത്.
കുട്ടി ഉപ്പയെയും ഉറ്റവരെയും തെരയുന്നത് കണ്ടപ്പോൾ മന്ത്രി അടുത്ത് ചെന്നു. ചേർത്തുപിടിച്ച് ആശ്വാസവാക്കുകൾ ചൊരിഞ്ഞു. അവനും കരയുകയായിരുന്നു. ഇത് കണ്ട മാദ്ധ്യമങ്ങൾ മന്ത്രിയെ വളഞ്ഞു. കൈകൾ കൂപ്പിയാണ് മന്ത്രി മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയത്.
‘ഇങ്ങനെയൊരു കാഴ്ചയ്‌ക്ക് സാക്ഷിയാകേണ്ടിവരുമെന്ന് ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിച്ചില്ല. ദുരന്തത്തിന്റെ വ്യാപ്തി അനുഭവിച്ചു. ഈ അനുഭവം എല്ലാവർക്കുമുണ്ടാവും. മനുഷ്യന്റെ പ്രവർത്തനങ്ങൾക്കൊക്കെ ഇത്രയേ ആയുസുള്ളൂ. നമ്മുടെ ജീവിതത്തിലൊക്കെ എന്ത് ദുരന്തമാണ് ഉണ്ടാവുകയെന്ന് ആർക്കാണ് പറയാൻ കഴിയുക. എല്ലാവരും നമ്മുടെ ബന്ധുക്കളാണ്. അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരണം. ആ പ്രതിജ്ഞയാണ് ഇത്തരം ഘട്ടങ്ങളിൽ എടുക്കേണ്ടത്”- മന്ത്രി പറഞ്ഞു.
ജൂലായ് 31ന് ദുരന്തഭൂമിയിലെത്തിയ മന്ത്രി ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പുനരധിവാസ പ്രവർത്തനങ്ങളിലും എല്ലാം ശ്രദ്ധേയമായ ഇടപെടലാണ് നടത്തുന്നത്. ദുരന്ത ഭൂമിയിൽ ഏതൊരാളും അനുഭവിക്കുന്ന ദുഃഖഭാരമാണ് തന്നെ അലട്ടുന്നതെന്നും ചില ഘട്ടങ്ങളിൽ നമ്മൾ കൈവിട്ടുപോകുമെന്നും മന്ത്രി പിന്നീട് പ്രതികരിച്ചു.
Source link