‘അജിത്തിനും സൂര്യയ്ക്കും ഉള്ളത്ര ആരാധകര്‍ ഇല്ലല്ലോ?’; മാധ്യമ പ്രവർത്തകന് മറുപടിയുമായി വിക്രം

‘അജിത്തിനും സൂര്യയ്ക്കും ഉള്ളത്ര ആരാധകര്‍ ഇല്ലല്ലോ?’; മാധ്യമ പ്രവർത്തകന് മറുപടിയുമായി വിക്രം | Vikram Ajith Suriya
‘അജിത്തിനും സൂര്യയ്ക്കും ഉള്ളത്ര ആരാധകര്‍ ഇല്ലല്ലോ?’; മാധ്യമ പ്രവർത്തകന് മറുപടിയുമായി വിക്രം
മനോരമ ലേഖകൻ
Published: August 12 , 2024 10:46 AM IST
1 minute Read
വിക്രം (ചിത്രത്തിനു കടപ്പാട്: www.youtube.com/@ManaStarsdotcom)
അജിത്, സൂര്യ തുടങ്ങിയ താരങ്ങളുമായി താരതമ്യം ചെയ്തു കൊണ്ടുള്ള ചോദ്യത്തിന് ഗംഭീര മറുപടി നൽകി കയ്യടി നേടി തെന്നിന്ത്യൻ താരം വിക്രം. ‘അജിത്തിനും സൂര്യയ്ക്കും ഉള്ളതുപോലെ ആരാധകർ നിങ്ങൾക്കില്ലല്ലോ’ എന്ന ചോദ്യത്തിനാണ് സിനിമയോടുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന മറുപടിയുമായി വിക്രം രംഗത്തെത്തിയത്. “എന്റെ ആരാധകരെക്കുറിച്ച് നിങ്ങൾക്ക് അറിയില്ല. തിയറ്ററിലേക്ക് വരൂ. അവിടെ നിങ്ങൾക്കു കാണാം,” പുഞ്ചിരിയോടെ വിക്രം പറഞ്ഞു.
എല്ലാ സിനിമാ ആരാധകരും തന്റെയും ആരാധകരാണെന്നായിരുന്നു ചോദ്യകർത്താവുമായി ഒരു സംവാദത്തിന് ആമുഖം കുറിച്ച് വിക്രം പറഞ്ഞു തുടങ്ങിയത്. ‘‘ടോപ് 3, ടോപ് 4, ടോപ് 5 അങ്ങനെയൊന്നുമില്ല. ആരാധകരെക്കുറിച്ചു പറഞ്ഞല്ലോ. അതുപോലെ സാധാരണ പ്രേക്ഷകരുമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം എല്ലാ സിനിമാ ആരാധകരും എന്റെയും ആരാധകരാണ്. നിങ്ങളെന്തായാലും തിയറ്ററിലേക്ക് വരുമല്ലോ. നിങ്ങളുടെ നമ്പർ എന്റെ അസിസ്റ്റന്റിനെ ഏൽപ്പിക്കാൻ മറക്കല്ലേ. ഇതു കഴിഞ്ഞു സംസാരിക്കാം. ഇതേ ചോദ്യം ഒരു ദിവസം നിങ്ങൾ ആ താരങ്ങളോടു ചോദിക്കും. ഒരുപക്ഷേ, ആ ദിവസം നാളെ തന്നെയാകാം,’’ വിക്രം പറഞ്ഞു.
നിങ്ങൾ വലിയ നിലയിലെത്തണമെന്ന് ആഗ്രഹിക്കുന്നതു കൊണ്ടാണ് ചോദിച്ചതെന്നായി ചോദ്യകർത്താവിന്റെ വാദം. അതിനും കൃത്യമായ മറുപടി വിക്രം നൽകി. ‘‘ഞാൻ വലിയ നിലയിൽ എത്തിക്കഴിഞ്ഞു. ധൂൾ, സാമി പോലുള്ള സിനിമകൾ ചെയ്താണ് ഞാൻ ഇവിടം വരെയെത്തിയത്. അതിനപ്പുറം എന്തു ചെയ്യാം എന്ന ആലോചനയാണ് എനിക്കെപ്പോഴുമുള്ളത്. സിനിമയെ പുതിയ ഉയരങ്ങളിലേക്ക് എങ്ങനെ എത്തിക്കാം, എന്തുകൊണ്ട് നമുക്ക് അതു ചെയ്തുകൂടാ തുടങ്ങിയ ചിന്തകളാണ് എന്നെ നയിക്കുന്നത്. അങ്ങനെ ഒരു ശ്രമം ഉള്ളതുകൊണ്ടാണ് തങ്കലാൻ സംഭവിച്ചത്. അതുകൊണ്ടാണ് വീര ധീര സൂരൻ സംഭവിക്കുന്നത്,’’ വിക്രം പറയുന്നു
‘‘രാവണൻ ഹിന്ദിയിൽ അധികം ഓടിയില്ല. പക്ഷേ, അതൊരു ഐതിഹാസിക സിനിമയാണ്. രാവണൻ ആണ് എന്റെ ഏറ്റവും മികച്ച സിനിമയെന്ന് പറയുന്നവരുണ്ട്. സിനിമയെ വേറെ ഉയരങ്ങളിലേക്ക് കൊണ്ടു പോകണം. അതാണ് ലക്ഷ്യം,’’ വിക്രം വ്യക്തമാക്കി.
തങ്കലാന്റെ പ്രസ് മീറ്റിലാണ് ഈ സംവാദം അരങ്ങേറിയത്. ചോദ്യകർത്താവിനെ തിയറ്ററിലേക്ക് ക്ഷണിച്ച വിക്രം അദ്ദേഹം ആരുടെ ആരാധകനാണെന്നും ചോദിച്ചു. തന്റെ പ്രിയപ്പെട്ട നായകൻ സ്വന്തം അച്ഛനും നായിക അമ്മയും ആണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘‘നിങ്ങൾ നന്നായി അഭിനയിക്കുന്നുണ്ടല്ലോ,’ എന്നായിരുന്നു അദ്ദേഹത്തിന് ഉത്തരത്തോടുള്ള വിക്രത്തിന്റെ കമന്റ്. താരത്തിന്റെ പക്വവും വിവേകപൂർണവുമായ ഉത്തരങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായി.
English Summary:
Vikram’s Iconic Response to Comparisons with Ajith and Suriya Wins Hearts
7rmhshc601rd4u1rlqhkve1umi-list 4eo6tnpklp14p76s8266t8f0s1 mo-entertainment-common-kollywoodnews f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-vikram mo-entertainment-movie-suriya
Source link