വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമല ഹാരിസ് സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്ന് ഡെമോക്രാറ്റുകള്‍ ഗംഭീര തിരിച്ചുവരവ് നടത്തിയതായി വിവിധ സര്‍വേകള്‍. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് നാടകീയമായി മത്സരരംഗം വിട്ടശേഷം സ്ഥാനാര്‍ഥിയായ ഇന്ത്യന്‍ വംശജ കമല ഹാരിസ് കൈവിട്ടുപോയ മത്സരം തിരിച്ചുപിടിച്ചു. കമല ഹാരിസും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഗവര്‍ണര്‍ ടിം വാൽസും ഡെമോക്രാറ്റുകളുടെ പ്രതീക്ഷ ഊതിക്കത്തിച്ചു. ഏറ്റവുമൊടുവില്‍ ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ സര്‍വേയില്‍ ദേശീയതലത്തില്‍ കമലയ്ക്ക് ട്രംപിനുമേല്‍ ഒരു ശതമാനം ലീഡുണ്ട്. ചാഞ്ചാടുന്ന സംസ്ഥാനങ്ങളായ മിഷിഗണ്‍, പെന്‍സില്‍വാനിയ, വിസ്കോണ്‍സിന്‍ എന്നിവിടങ്ങളില്‍ കമല ഹാരിസ് നേടിയ ലീഡാണ് ഏറ്റവും ശ്രദ്ധേയം. തേര്‍ട്ടിഫൈവ് എയിറ്റ് എന്ന പ്രമുഖ തെരഞ്ഞൈടുപ്പ് വിശകലന ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ കമലയ്ക്ക് ദേശീയതലത്തില്‍ 2.1 ശതമാനം ലീഡുണ്ട്. ചാഞ്ചാടുന്ന സംസ്ഥാനങ്ങളിലും കമല ഹാരിസ് ലീഡെടുത്തു. അരിസോണ, ജോര്‍ജിയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ട്രംപിന് അരശതമാനം മാത്രമാണ് ലീഡ്. വിടര്‍ന്ന ചിരിയും നിറയെ പ്രസരിപ്പുമായി പ്രചാരണരംഗത്ത് കമല നിറഞ്ഞുനില്ക്കുമ്പോള് സമാനമായ ഊര്‍ജം പ്രസരിപ്പിക്കാന്‍ ടിം വാല്‍സിനും സാധിക്കുന്നു. ഇവരുടേത് മികച്ച ടീം തന്നെ.
“ഞങ്ങള്‍ തിരിച്ചുപോകുന്നില്ല’’ എന്ന കമല ഹാരിസിന്റെ മുദ്രാവാക്യം ഭാവിയിലേക്കുള്ള മുന്നേറ്റത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. 2008ലും 2012ലും ബറാക് ഒബാമ ഉയര്‍ത്തിയ ആവേശത്തിനു സമാനമാണ് ഡെമോക്രാറ്റുകളുടെ ഇപ്പോഴത്തെ മുന്നേറ്റമെന്ന് രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കാന്‍ കമല ഹാരിസിനു സാധിക്കുന്നുണ്ട്. യുവജനങ്ങളുടെ ഊറ്റമായ പിന്തുണയുമുണ്ട്. വെള്ളക്കാര്ക്കിടയിലേക്കു വരെ കമല ഹാരിസിന് കടന്നുകയറാന്‍ സാധിക്കുന്നു. ഇതൊക്കെയാണെങ്കിലും ഒരു വനിത പ്രസിഡന്റാകുന്നതിനെ ഉള്‍ക്കൊള്ളാന്‍ അമേരിക്കക്കാര്‍ക്കു സാധിക്കുമോ എന്നതാണ് വലിയ ചോദ്യം. കറുത്ത വംശജനെ പ്രസിഡന്റാക്കാന്‍ അമേരിക്കക്കാര്‍ സമ്മതിക്കുമോ എന്ന ചോദ്യം ബറാക് ഒബാമ മത്സരിച്ചപ്പോള്‍ ഉയര്‍ന്നിരുന്നു. അതിനു 2008ലും 2012ലും അമേരിക്കക്കാര്‍ ഉചിതമായ മറുപടി നല്കി. വനിതയുടെ കാര്യം വന്നപ്പോള്‍ 2016ല്‍ വലിയ ആവേശം ഉയര്‍ത്തിയ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലാരി ക്ലിന്റണ് പരാജയപ്പെട്ടു. 2024ല്‍ ചരിത്രം തിരുത്താന്‍ കമല ഹാരിസിനു കഴിയുമോ?
Source link