പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: അര്‍ഹിച്ചത് പോയിട്ട് അത്യാവശ്യം വേണ്ടുന്ന കാര്യങ്ങള്‍ പോലും കേരളത്തിന് റെയില്‍വേ നല്‍കാറില്ല. കാലങ്ങളായി തുടരുന്ന അവഗണനയും റെയില്‍വേ ബഡ്ജറ്റിലെ അവഗണനയും കേന്ദ്രമന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപി. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയാണ് അദ്ദേഹം കേരളത്തിന്റെ ആവശ്യങ്ങള്‍ അറിയിച്ചത്. മന്ത്രിയില്‍ നിന്ന് അനുകൂല നടപടി പ്രതീക്ഷിക്കുന്നുവെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളുടെ വികസനം, തിരുവനന്തപുരം – ഷൊര്‍ണൂര്‍ റൂട്ടിലെ അതിവേഗ മൂന്നാം പാത, ഉത്സവ സീസണ്‍ പ്രമാണിച്ച് തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുവെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കേരളത്തില്‍ നിലവില്‍ ഓടുന്ന പല ട്രെയിനുകളിലും നിലവിലുള്ള കോച്ചുകളുടെ കാലപ്പഴക്കം മൂലമുള്ള തുരുമ്പിച്ച അവസ്ഥ, ദീര്‍ഘദൂര ട്രെയിനുകളിലെ ജനറല്‍ കോച്ചുകളുടെ അപര്യാപ്തത, സ്റ്റേഷനുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ എംപി മന്ത്രിയുമായി ചര്‍ച്ച നടത്തി.
കേരളത്തിന്റെ വളരെക്കാലത്തെ ആവശ്യമായ കാഞ്ഞങ്ങാട് – പാണത്തൂര്‍, തലശ്ശേരി – മൈസൂര്‍ , നിലമ്പൂര്‍ നഞ്ചങ്കോട്, ഗുരുവായൂര്‍ – തിരുനാവായ, അങ്കമാലി – എരുമേലി, ചെങ്ങന്നൂര്‍ – പമ്പ, എന്നീ പാതകള്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് യാഥാര്‍ത്ഥ്യമാക്കേണ്ട അനിവാര്യതയെ കുറിച്ച് മന്ത്രിയെ ബോധ്യപ്പെടുത്തി. അതോടൊപ്പം പുതുതായി തിരുവനന്തപുരം ഷോര്‍ണൂര്‍ മൂന്നാം അതിവേഗ പാത അനുവദിക്കുകയും, തൃശ്ശൂര്‍ ഷോര്‍ണൂര്‍ പാലക്കാട് ഡൈവേര്‍ഷന്‍ സംബന്ധിച്ചുള്ള പുതിയ പാളത്തിന്റെ പണികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുകയും ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയെന്നും അദ്ദേഹം കുറിച്ചു.
കൊടിക്കുന്നില്‍ സുരേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്
കേരളത്തോടുള്ള റെയില്‍വേ ബഡ്ജറ്റിലെ അവഗണനയെക്കുറിച്ചും കേരളത്തിന്റെ ആവശ്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുവാനായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ സന്ദര്‍ശിച്ചു. കേരളത്തിലെ പ്രധാനപ്പെട്ട സ്റ്റേഷനുകളില്‍ അമൃതഭാരത് പദ്ധതിക്ക് കീഴില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നിര്‍മ്മാണ പുരോഗതി വളരെ കുറവാണ്. ഇതുമൂലം യാത്രക്കാര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് വളരെയധികമാണ്. ശബരിമലയുടെ കവാടമായ ചെങ്ങന്നൂരിലും കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ എറണാകുളത്തുമടക്കം നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടണം. ചെങ്ങന്നൂരിലെ വികസന പ്രവര്‍ത്തനങ്ങള്‍ അടുത്ത മണ്ഡലകാലത്തിന് മുന്‍പെങ്കിലും അടിയന്തരമായി പൂര്‍ത്തീകരിക്കേണ്ടതുണ്ട്. നിലവില്‍ തിരഞ്ഞെടുത്തിട്ടുള്ള സ്റ്റേഷനുകള്‍ക്കൊപ്പം അടുത്തഘട്ടത്തില്‍ കൊട്ടാരക്കര, ശാസ്താംകോട്ട അടക്കമുള്ള കേരളത്തിലെ മറ്റു റെയില്‍വേ സ്റ്റേഷനുകളില്‍ കൂടി അമൃത് ഭാരത് പദ്ധതി വ്യാപിപ്പിക്കണമെന്നും കുര, മണ്‍റോത്തുരുത്ത്, ചെറിയനാട് എന്നീ സ്റ്റേഷനുകള്‍ ക്രോസിംഗ് സ്റ്റേഷനുകള്‍ ആയി അപ്‌ഗ്രേഡ് ചെയ്യണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.
കേരളത്തിന്റെ വളരെക്കാലത്തെ ആവശ്യമായ കാഞ്ഞങ്ങാട് പാണത്തൂര്‍, തലശ്ശേരി മൈസൂര്‍ , നിലമ്പൂര്‍ നഞ്ചങ്കോട്, ഗുരുവായൂര്‍ തിരുനാവായ, അങ്കമാലി എരുമേലി, ചെങ്ങന്നൂര്‍ പമ്പ, എന്നീ പാതകള്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് യാഥാര്‍ത്ഥ്യമാക്കേണ്ട അനിവാര്യതയെ കുറിച്ച് മന്ത്രിയെ ബോധ്യപ്പെടുത്തി. അതോടൊപ്പം പുതുതായി തിരുവനന്തപുരം ഷോര്‍ണൂര്‍ മൂന്നാം അതിവേഗ പാത അനുവദിക്കുകയും, തൃശ്ശൂര്‍ ഷോര്‍ണൂര്‍ പാലക്കാട് ഡൈവേര്‍ഷന്‍ സംബന്ധിച്ചുള്ള പുതിയ പാളത്തിന്റെ പണികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുകയും ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി.
കേരളത്തില്‍ നിലവില്‍ ഓടുന്ന ട്രെയിനുകളുടെ അവസ്ഥ പരിതാപകരമാണെന്നും പല ട്രെയിനുകളിലും നിലവിലുള്ള കോച്ചുകള്‍ കാലപ്പഴക്കം മൂലം തുരുമ്പിച്ച അവസ്ഥയിലും ആണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ ദിനംപ്രതി ഉപയോഗപ്പെടുത്തുന്ന ജനശതാബ്ദി അടക്കമുള്ള ട്രെയിനുകളില്‍ വളരെ മോശം കമ്പാര്‍ട്ട്‌മെന്റുകളാണ് നിലവില്‍ ഉപയോഗിക്കുന്നത്. ഭൂരിഭാഗം പാസഞ്ചര്‍ ട്രെയിനുകളിലും പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള കമ്പാര്‍ട്ട്‌മെന്റുകളാണ് നിലവിലുള്ളത്. ഇവയെല്ലാം അടിയന്തരമായി പിന്‍വലിച്ച് പുതിയ കോച്ചുകള്‍ അനുവദിക്കണം. റെയില്‍വേ മേഖലയില്‍ വിശേഷിച്ചും മലബാറിലോട്ടുള്ള യാത്രാദുരിതത്തിന് ശാശ്വതമായ പരിഹാരം അത്യാവശ്യമാണ്. മലബാറിലേക്കുള്ള യാത്ര ദുരിതത്തിന് പരിഹാരമായി കോയമ്പത്തൂരിനും മംഗലാപുരത്തിനും ഇടയില്‍ കൂടുതല്‍ എക്‌സ്പ്രസ് ട്രെയിനുകളും പാസഞ്ചര്‍ ട്രെയിനുകളും അനിവാര്യമാണ്.
ഇത്തവണത്തെ റെയില്‍വേ ബഡ്ജറ്റില്‍ കേരളത്തിലെ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് നാമമാത്രമായ തുകയാണ് അനുവദിച്ചിട്ടുള്ളത്. നിലവിലെ സാഹചര്യത്തില്‍ ഇത് അപര്യാപ്തമാണ്. ആയതിനാല്‍ ഈ തുക വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. അതോടൊപ്പം മധുരയില്‍ നിന്ന് ആരംഭിച്ച കൊട്ടാരക്കര വഴി ഡല്‍ഹി,മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍, മംഗലാപുരം എന്നിവിടങ്ങളിലേക്ക് ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് പ്രത്യേക ട്രെയിനുകളും അനുവദിക്കേണ്ടതുണ്ട്. കോവിഡിന്റെ കാലത്ത് പല ട്രെയിനുകളുടെയും സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട് അവയെല്ലാം അടിയന്തരമായി പുനസ്ഥാപിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു. കേരളത്തില്‍ ഏറ്റവും അധികം അന്യസംസ്ഥാന തൊഴിലാളികള്‍ ഉപയോഗപ്പെടുത്തുന്ന റെയില്‍വേ സ്റ്റേഷനുകളായ ആലുവ, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ ഉത്തരേന്ത്യയിലേക്ക് പോകുന്ന മുഴുവന്‍ ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിക്കണമെന്നും ശാസ്താംകോട്ട പോലെയുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ കൂടി റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നും മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനോടൊപ്പം സമഗ്രമായ മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനങ്ങള്‍, പ്രവര്‍ത്തനക്ഷമമായുള്ള എടിഎം, ഷെല്‍ട്ടര്‍ പാര്‍ക്കിംഗ്, യാത്രക്കാര്‍ക്ക് ഇരിക്കാന്‍ ആവശ്യമായ കസേരകള്‍, ഡിസ്‌പ്ലേ ബോര്‍ഡുകള്‍, കുടിവെള്ളം അടക്കമുള്ള സംവിധാനങ്ങള്‍ മുഴുവന്‍ സ്റ്റേഷനുകളിലും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.
നിലവില്‍ സര്‍വീസ് നടത്തുന്ന എറണാകുളം വേളാങ്കണ്ണി എക്‌സ്പ്രസ്, കൊല്ലം തിരുപ്പതി എക്‌സ്പ്രസ് എന്നിവ ആഴ്ചയില്‍ മുഴുവന്‍ ദിവസവും സര്‍വീസ് നടത്തുക, തിരുവനന്തപുരം ബാംഗ്ലൂര്‍ റൂട്ടില്‍ വന്ദേ ഭാരത് സര്‍വീസ്, കൊല്ലം എറണാകുളം റൂട്ടില്‍ പുതിയ വന്ദേ മെട്രോ മോഡല്‍ ട്രെയിന്‍, തിരുവനന്തപുരത്തുനിന്നും കോട്ടയം മംഗലാപുരം വഴി ഡല്‍ഹിക്ക് രാജധാനി എക്‌സ്പ്രസ്, തിരുവനന്തപുരം കൊട്ടാരക്കര തെങ്കാശി വഴി ചെന്നൈ, തിരുവനന്തപുരത്തുനിന്നും ഹൈദരാബാദ്, കൊല്ലം-മധുര- രാമേശ്വരം, കോട്ടയം കൊല്ലം തിരുനെല്‍വേലി തുടങ്ങിയ പുതിയ ട്രെയിനുകളും ഓരോ മൂന്ന് ജില്ലകളെ ബന്ധിപ്പിച്ചുള്ള സര്‍ക്കുലര്‍ മെമു സര്‍വീസുകളും പുതുതായി അനുവദിക്കണമെന്ന് മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
കേരളത്തിലെ വിവിധ റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്കായി റെയില്‍വേ ഫണ്ട് അനുവദിച്ചിട്ടുണ്ട് എങ്കിലും ഒരിടത്തും പണി ആരംഭിക്കുവാന്‍ കഴിഞ്ഞിട്ടില്ല. മാവേലിക്കര ലോകസഭ മണ്ഡലത്തില്‍ ശാസ്താംകോട്ട കരുനാഗപ്പള്ളി റോഡിലെ മൈനാഗപ്പള്ളി മേല്‍പ്പാലം, മാവേലിക്കര കല്ലുമല റോഡിലെ കല്ലുമല മേല്‍പ്പാലം, ചങ്ങനാശ്ശേരി നാലുകോടി മേല്‍പ്പാലം, പത്തനാപുരം കുന്നിക്കോട് റോഡിലെ ആവണീശ്വരം മേല്‍പ്പാലം, അമ്പലപ്പുഴ തിരുവല്ല റോഡിലെ തകഴി മേല്‍പ്പാലം, ഹരിപ്പാട് വീയപുരം റോഡിലെ കാരിച്ചാല്‍ മേല്‍പ്പാലങ്ങള്‍ക്കാണ് നിലവില്‍ റെയില്‍വേ മന്ത്രാലയം നിലവിലുള്ള ലെവല്‍ ക്രോസുകള്‍ക്ക് പകരമായി മേല്‍പ്പാലം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് ഇവയുടെ പണികള്‍ അടിയന്തരമായി ആരംഭിക്കേണ്ടതുണ്ട്. അതുപോലെ പുതുതായി പല ലെവല്‍ ക്രോസുകളിലും മേല്‍പ്പാലം ആവശ്യമായിട്ടുള്ളതുമുണ്ട്. കേരളത്തിലെ വിവിധ റെയില്‍വേ സ്റ്റേഷനിലൂടെ അനുബന്ധിച്ച് ഏക്കര്‍ കണക്കിന് സ്ഥലമാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. ചെറിയനാട്, എഴുകോണ്‍ തുടങ്ങിയവ അതിനുദാഹരണമാണ്. ഇവയില്‍ ഒന്നുകില്‍ റെയില്‍വേ ഏതെങ്കിലും തരത്തിലുള്ള പദ്ധതികള്‍ ആരംഭിക്കുകയോ മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് പദ്ധതികള്‍ക്കായി ഈ സ്ഥലം കൈമാറുകയോ പൊതു സ്വകാര്യ പങ്കാളിത്തത്തോടുകൂടി സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള നയ രൂപീകരണമോ നടത്തേണ്ടതുണ്ട്. ഇത്തരം വിഷയങ്ങളില്‍ റെയില്‍വേ മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടല്‍ അത്യാവശ്യമാണ്.
നിലവില്‍ കേരളത്തിലെ സ്ഥിര യാത്രക്കാര്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നം ദീര്‍ഘദൂര ട്രെയിനുകളിലെ ജനറല്‍ കോച്ചുകളുടെ അപര്യാപ്തതയാണ്. പലപ്പോഴും പല ട്രെയിനുകളിലും ഒന്നോ ഒന്നരയോ കോച്ചുകള്‍ മാത്രമാണ് ജനറല്‍ കോച്ചുകളായി നിലവിലുള്ളത്. പാസഞ്ചര്‍ അസോസിയേഷനുകളുടെ നിരന്തര ആവശ്യങ്ങളില്‍ ഒന്നാണ് ഇത്തരം ട്രെയിനുകളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം കൂട്ടുക എന്നുള്ളത്. ഇതിനൊരു പരിഹാരം എന്ന നിലയില്‍ കേരളത്തിലോടുന്ന മുഴുവന്‍ ട്രെയിനുകളിലും 24 യാത്ര കമ്പാര്‍ട്ട്‌മെന്റുകള്‍ ഉള്‍പ്പെടുത്തുകയും അവയില്‍ കുറഞ്ഞത് നാലെണ്ണം എങ്കിലും പൂര്‍ണ്ണമായും ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ ആയി നിശ്ചയിക്കുകയും വേണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ ഉന്നയിച്ച ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിച്ച മന്ത്രി പരമാവധി വിഷയങ്ങളില്‍ അനുകൂലമായ സമീപനം കാലതാമസം കൂടാതെ സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.
Source link