തിരുവനന്തപുരം: കള്ളിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണം ടോഡി ബോർഡ് വൈകാതെ തുടങ്ങും. അധികമുള്ള കള്ള് ഉപയോഗിച്ച് വിനാഗിരി നിർമ്മാണമാവും ആദ്യ സംരംഭം. കാർഷിക സർവകലാശാല, നാളീകേര വികസന ബോർഡ്, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ചർച്ച കഴിഞ്ഞു.
കാർഷിക സംഘടനാ പ്രതിനിധികൾ, തൊഴിലാളി സംഘടനകൾ, കള്ള് ഷാപ്പ് ലൈസൻസികൾ തുടങ്ങിയവരുമായും ചർച്ച നടത്തി. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് കള്ള് വിനാഗിരിയാക്കി മാറ്റാനുള്ള സാങ്കേതിക സംവിധാനമാണ് ആലോചിക്കുന്നത്.
കള്ള് ഉത്പാദനം ഗണ്യമായി ഉയർത്താൻ സർക്കാരിന്റെയും സഹകരണ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും തെങ്ങിൻ തോപ്പുകളും പ്രയോജനപ്പെടുത്തും. ടോഡിബോർഡിന്റെ ആസ്ഥാന മന്ദിരം ഓണത്തിന് മുമ്പ് പ്രവർത്തന സജ്ജമാവും. സെക്രട്ടേറിയറ്ര് പരിസരത്ത് ഗവ. പ്രസിന് സമീപം ബി.എസ്.എൻ.എല്ലിൽ നിന്ന് വാടകയ്ക്ക് എടുത്ത കെട്ടിടത്തിന്റെ നവീകരണം പൂർത്തിയാവുന്നു.
ഉള്ളൂരിൽ കള്ള് ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡ് മന്ദിരത്തിലാണ് ബോർഡ് പ്രവർത്തിക്കുന്നത്. ചെയർമാനും സി.ഇ.ഒയും രണ്ട് ജീവനക്കാരുമാണ് ഓഫീസിലുള്ളത്. ആസ്ഥാന മന്ദിരം സജ്ജമാവുന്നതോടെ ഓഫീസ് ജീവനക്കാർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭിക്കും. ടോഡി വെൽഫെയർ ഫണ്ട് ബോർഡിൽ നിന്ന് കടമെടുത്ത രണ്ട് കോടി രൂപയാണ് പ്രവർത്തന മൂലധനം.
19 കോടി കൈമാറും
പാലക്കാട്ടെ തെങ്ങിൻതോപ്പുകളിൽ ഉത്പാദിപ്പിച്ച് മറ്ര് ജില്ലകളിലേക്ക് കൊണ്ടുപോകുന്ന കള്ളിന് ലിറ്ററിന് ഒരു രൂപ നിരക്കിൽ സെസ് ഈടാക്കി ടോഡി ബോർഡിന്റെ ഫണ്ട് സമാഹരിക്കും.. സെസ് ഇനത്തിൽ എക്‌സൈസിന്റെ അക്കൗണ്ടിലുള്ള 19 കോടി രൂപ വൈകാതെ ടോഡി ബോർഡിന് കൈമാറും. സെപ്റ്റംബറിന് ശേഷം സെസ് പിരിവ് ടോഡി ബോർഡിന്റെ അക്കൗണ്ടിലെത്തും. പ്രതിദിനം രണ്ട് ലക്ഷത്തിന് മേൽ സെസായി കിട്ടുന്നുണ്ട്.
4700
പ്രവർത്തിക്കുന്ന കള്ള് ഷാപ്പുകൾ
25,000
ആകെ തൊഴിലാളികൾ.
‘കള്ള് ഉത്പാദനം കൂട്ടാൻ ദീർഘകാല പദ്ധതികൾ നടപ്പാക്കണം.കൂടുതൽ മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിപണയിലിറക്കണം.’
-യു.പി.ജോസഫ്
ചെയർമാൻ,
ടോഡി ബോർഡ്
Source link