KERALAMLATEST NEWS

തുടർ പ്രകമ്പനങ്ങളില്ല, വയനാട്ടിൽ വിദഗ്ദ്ധ സംഘം പഠനം ആരംഭിച്ചു

കൽപ്പറ്റ: ഉരുൾപൊട്ടലിന് പിന്നാലെ വയനാട്ടിലും കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലും കഴിഞ്ഞ ദിവസം ഭൂമിക്കടിയിൽ അനുഭവപ്പെട്ട പ്രകമ്പനം ആവർത്തിച്ചില്ല. വയനാട്ടിലെ പ്രകമ്പനം സംബന്ധിച്ച് വിദഗ്ദ്ധസംഘം പഠനം ആരംഭിച്ചതായി ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീ പറഞ്ഞു. സംഭവത്തെ തുടർന്ന് ബന്ധുവീടുകളിലേക്കും ആശ്വാസ കേന്ദ്രങ്ങളിലേക്കും പോയവർ ഇന്നലെ സ്വന്തം വീടുകളിൽ തിരിച്ചെത്തി. അഞ്ച് ജില്ലകളിൽ വെള്ളിയാഴ്ചയുണ്ടായത് ഭൂമികുലുക്കമല്ലെന്ന് ആദ്യം സ്ഥിരീകരിച്ചത് നാഷണൽ സെന്റർഫോർ സീസ്‌മോളജി (എൻ.സി.എസ്) ഡയറക്ടർ ഡോ.ഒ.പി.മിശ്രയാണ്. ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് അസ്ഥിരമായ പാറക്കൂട്ടങ്ങൾ ഒരുതട്ടിൽ നിന്ന് മറ്റൊരു തട്ടിലേക്ക് നിരങ്ങി നീങ്ങി സ്ഥാനമുറപ്പിക്കുമ്പോഴുള്ള ഘർഷണമാണ് ഉണ്ടായതെന്നും ഇത് ഭൂമിക്കടിയിലൂടെ കിലോമീറ്ററുകളോളം സഞ്ചരിച്ചതാണ് സമീപ ജില്ലകളിലും പ്രകമ്പനമുണ്ടാക്കിയതെന്ന് ഡോ.ഒ.പി.മിശ്ര വ്യക്തമാക്കി.

വയനാട്ടിൽ വൈത്തിരി താലൂക്കിലെ മൂന്നു പഞ്ചായത്തുകളിലും ബത്തേരി താലൂക്കിലെ രണ്ടു പഞ്ചായത്തുകളിലുമാണ് വെള്ളിയാഴ്ച രാവിലെ പത്തോടെ പ്രകമ്പനം ഉണ്ടായത്. ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈ മേഖലയിൽ നിന്ന് 25 കിലോമീറ്റർ മാറിയാണ് സംഭവം.


Source link

Related Articles

Back to top button