യോഗവും ശ്രീനാരായണ പ്രസ്ഥാനങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് 72 ലക്ഷം നൽകി
ചേർത്തല : വയനാട് ദുരന്ത ബാധിതർക്കുള്ള പുനരധിവാസം വേഗത്തിലാക്കാനുള്ള നടപടി ആരംഭിച്ചതായി മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. വയനാടിന്റെ അതിജീവനത്തിനൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗവും എസ്.എൻ ട്രസ്റ്റും കണിച്ചുകുളങ്ങര ദേവസ്വവും ശ്രീനാരായണ പ്രസ്ഥാനങ്ങളും സമാഹരിച്ച തുക കണിച്ചുകുളങ്ങര ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം. വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ചായിരിക്കും പുനരധിവാസം സാദ്ധ്യമാക്കുകയെന്നും മന്ത്രി പറഞ്ഞു.
എസ്.എൻ.ഡി.പി യോഗത്തിന്റെ 25 ലക്ഷം രൂപയുൾപ്പെടെ ആദ്യഘട്ട സഹായമായി 72 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. എസ്.എൻ.ഡി.പി യോഗത്തിന്റെ 25 ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ് ഡോ.എം.എൻ.സോമനും എസ്.എൻ.ട്രസ്റ്റിന്റെ 10ലക്ഷം രൂപ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും മന്ത്രിക്ക് കൈമാറി.
ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്‌കൂൾ 9 ലക്ഷവും കണിച്ചുകുളങ്ങര ദേവസ്വം,എസ്.എൻ ട്രസ്റ്റ് ബോർഡംഗം സുരേഷ് സൗഗന്ധിക, പൂച്ചാക്കൽ ശ്രീകണ്‌ഠേശ്വരം ശ്രീനാരായണ ഹയർസെക്കൻഡറി സ്‌കൂൾ എന്നിവ 5 ലക്ഷം രൂപ വീതവും,എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡംഗം പ്രീതി നടേശൻ 3 ലക്ഷവും ചേർത്തല എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്‌കൂൾ, അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, കണിച്ചുകുളങ്ങര ദേവസ്വം സ്കൂൾസ്, വൈക്കം ആശ്രമം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ,അടിമാലി എസ്.എൻ.ഡി.പി വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂൾ എന്നിവ രണ്ടു ലക്ഷം രൂപ വീതവുമാണ് കൈമാറിയത്. 72 ലക്ഷത്തിന് പുറമേ കണിച്ചുകുളങ്ങര ഈസ്റ്റ് റസിഡന്റ്സ് അസോസിയേഷൻ,വരകാടി റസിഡന്റ്സ് അസോസിയേഷൻ,സഹയാത്ര കുടുംബ ട്രസ്റ്റ് എന്നിവയും തുക കൈമാറി.
യോഗം പ്രസിഡന്റ് ഡോ.എം.എൻ.സോമൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി,പി.പി.ചിത്തരഞ്ജൻ എം.എൽ.എ, യോഗം കൗൺസിലർ പി.എസ്.എൻ. ബാബു, കണിച്ചുകുളങ്ങര ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻ, പാണാവള്ളി മേഖല ചെയർമാൻ കെ.എൽ.അശോകൻ എന്നിവരും പങ്കെടുത്തു.
Source link