ആശ്വാസ സന്ദർശനം
കൽപ്പറ്റ: ഒരു രാത്രി കൊണ്ട് വീടും ഉറ്റവരെയും നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം. ദുരന്തമുഖത്ത് മുഖ്യമന്ത്രിക്കും ഗവർണർക്കും മന്ത്രിമാർക്കുമൊപ്പം വയനാട്ടിലെത്തിയ അദ്ദേഹം നൽകിയ ‘കൂടെയുണ്ട് കേന്ദ്രം’ എന്ന വാക്കിൽ പ്രതീക്ഷയോടെ മലയോര നാട്.
മുൻകൂട്ടി നിശ്ചയിച്ചതിനേക്കാൾ രണ്ടരമണിക്കൂറോളം കൂടുതലെടുത്ത് പ്രധാനമന്ത്രി ദുരന്തമേഖലയിലും ദുരിതാശ്വാസ ക്യാമ്പുകളിലും ആശുപത്രികളിലുമെത്തിയ അദ്ദേഹം ദുരന്തബാധിതർക്ക് പ്രതീക്ഷയേകുന്ന വെളിച്ചമായി. കണ്ടും തൊട്ടും തലോടിയും തലയിൽ കൈവച്ചും അദ്ദേഹം ആശ്വാസം പകർന്നു. കളക്ടറേറ്റിലെ അവലോകന യോഗത്തിൽ സംസാരിച്ച അദ്ദേഹം വയനാടിന്റെ കണ്ണീരൊപ്പാനും പുനരധിവാസത്തിനും പണം തടസമാകില്ലെന്ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എം.എൽ.എമാരുടെയും സാന്നിദ്ധ്യത്തിൽ അറിയിച്ചു.
നിലവിൽ ശേഖരിച്ച കണക്കുകളും നഷ്ടങ്ങളുമടങ്ങിയ നിവേദനം മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. വിശദമായ കണക്കുകളും ഇടപെടേണ്ട മേഖലകളും സംബന്ധിച്ച് വിശദമായ റിപ്പോർട്ട് വേണമെന്നും എല്ലാത്തിനും കൂടെയുണ്ടെന്നും യോഗത്തിനെത്തിയവരെ അറിയിച്ചായിരുന്നു പ്രധാനമന്ത്രിയുടെ മടക്കം.
ആശ്വാസം പകർന്ന സന്ദർശനം
കൽപ്പറ്റ: പ്രധാനമന്ത്രിയുടെ വാക്കുകളിൽ വിശ്വാസമുണ്ടെന്നും എല്ലാം നേരിട്ടറിഞ്ഞതിൽ വയനാട് ജനതയ്ക്കുണ്ടായ ആശ്വാസം കുറവല്ലെന്നും ടി.സിദ്ദിഖ് എം.എൽ.എ കേരളകൗമുദിയോട് പറഞ്ഞു. എം.എൽ.എ എന്ന നിലയിൽ നിവേദനം കൈമാറിയെന്നും സിദ്ദിഖ് പറഞ്ഞു.
ദുരന്തമേഖലയുടെ പഴയചിത്രങ്ങളും പുതിയ ചിത്രങ്ങളുമടക്കം ദുരന്തത്തിന്റെ വ്യാപ്‌തി അറിയിക്കുന്ന ചിത്രീകരണം പ്രധാനമന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ച ശേഷമാണ് യോഗം തുടങ്ങിയത്. 1979ൽ തന്റെ നാട്ടിലുണ്ടായ ദുരന്തത്തിൽ രക്ഷാപ്രവർത്തകനായതിന്റെ അനുഭവം വിവരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയത്. വയനാട് ദുരന്തത്തിന്റെ ആഴം തിരിച്ചറിയുന്നു, മരിച്ചവരുടെയും രക്ഷപ്പെട്ടവരുടെയും ചികിത്സയിലിരിക്കുന്നവരുടെയും അവസ്ഥ തൊട്ടറിയുന്നുണ്ടെന്നും അദ്ദേഹം പങ്കുവച്ചു.
പുനരധിവാസവും സാമ്പത്തിക സഹായവും നൽകുന്നതിനപ്പുറം അവരുടെ മനോനില നേരെയാകാനുള്ള പരിശ്രമങ്ങളും പ്രധാനമാണ്. കേവലം റിപ്പോർട്ടുകളും നിവേദനങ്ങളും പരിശോധിക്കുന്നതിനപ്പുറത്ത് നേരിട്ട് ദുരന്തം വിലയിരുത്തിയ പ്രധാനമന്ത്രിയുടെ അനുഭവങ്ങളാണ് വയനാടിന്റെ പുനർജനിക്ക് പ്രതീക്ഷ നൽകുന്നതെന്ന് മന്ത്രിമാരായ കെ.രാജൻ,പി.എ.മുഹമ്മദ് റിയാസ്,എ.കെ.ശശീന്ദ്രൻ എന്നിവർ പറഞ്ഞു.
കേരളത്തിന്റെ ആവശ്യങ്ങൾക്കെല്ലാം പരിഗണനയുണ്ടാകുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. താൻ നേരത്തെ വന്നപ്പോഴുള്ള റിപ്പോർട്ട് പ്രത്യേകമായി കൊടുത്തിരുന്നു, ഇപ്പോൾ കണ്ടറിഞ്ഞതടക്കം വിശദമായ റിപ്പോർട്ടും അടുത്ത ദിവസം നൽകുമെന്ന് സുരേഷ്‌ഗോപി വ്യക്തമാക്കി.
Source link