കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കേന്ദ്ര സർക്കാർ എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.
ഇന്നലെ ദുരന്തപ്രദേശങ്ങൾ സന്ദർശിച്ച ശേഷം വയനാട് കളക്ടറേറ്റിൽ അവലോകന യോഗത്തിലാണ് പ്രഖ്യാപനം.
കേന്ദ്ര സർക്കാർ കേരളത്തിനൊപ്പമുണ്ട്. ദുരന്തം നേരിടാൻ പണം തടസമാവില്ല. ദുരിതബാധിതർക്ക് ഒപ്പം നിൽക്കുകയാണ് പ്രധാനം. നൂറുകണക്കിന് ആളുകളുടെ സ്വപ്നങ്ങളാണ് തകർന്നത്. അവരുടെ ജീവിത സുരക്ഷ ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. നാശനഷ്ടങ്ങളുടെ വിശദവിവരങ്ങൾ സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് പ്രധാനമന്ത്രി നിർദ്ദേശിച്ചു.
ഇന്നലെ ഉച്ചയ്‌ക്ക് ദുരന്തഭൂമിയിൽ എത്തിയ പ്രധാനമന്ത്രി ഉരുൾ തകർത്ത നാടിന്റെ മുറിവുകൾ നേരിട്ട് കണ്ടു. എല്ലാം നഷ്ടപ്പെട്ട ജനതയുടെ തേങ്ങൽ തൊട്ടറിഞ്ഞു. ഒപ്പമുണ്ടെന്ന് ഉറപ്പു നൽകി സാന്ത്വനം പകർന്നു. പ്രധാനമന്ത്രിയുടെ വാക്കുകൾ അവർക്ക് അതിജീവനത്തിന്റെ വഴിയിൽ പ്രതീക്ഷയായി.
മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ചീഫ് സെക്രട്ടറി ഡോ. വി.വേണുവും എ.ഡി.ജി.പി എം.ആർ. അജിത്കുമാറും ദുരന്തത്തിന്റെ ചിത്രം വിവരിച്ചു.
രാവിലെ കണ്ണൂരിൽ നിന്ന് വ്യോമസേനാ ഹെലികോപ്റ്ററിൽ 11.47നാണ് പ്രധാനമന്ത്രി വയനാട്ടിൽ എത്തിയത്. ഉരുൾ തകർത്ത ചൂരൽമലയും മുണ്ടക്കൈയും കോപ്റ്ററിലിരുന്ന് കണ്ടു.
12.15ന് കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂൾ ഗ്രൗണ്ടിൽ ഇറങ്ങിയ പ്രധാനമന്ത്രിയെ ഗവർണർ, മുഖ്യമന്ത്രി,സുരേഷ് ഗോപി, മന്ത്രിമാരായ കെ.രാജൻ, ഒ.ആർ.കേളു, ടി.സിദ്ദീഖ് എം.എൽ.എ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് മുഖ്യമന്ത്രിക്കൊടൊപ്പം കാറിൽ ദുരന്തഭൂമിയിലേക്ക്.
ബെയ്ലി പാലത്തിൽ നിന്ന് എല്ലാം വീക്ഷിച്ചു. ഉരുൾ കവർന്ന വെളളാർമല സ്‌കൂൾ കാണണമെന്ന് പറഞ്ഞു. ആ കാഴ്ച പ്രധാനമന്ത്രിയെ നൊമ്പരപ്പെടുത്തി. അവിടെ പഠിച്ചിരുന്ന കുട്ടികളെപ്പറ്റി ആശങ്കയോടെ ചോദിച്ചു. അനാഥരായ കുട്ടികളെക്കുറിച്ച് ചോദിച്ചു. തകർന്ന മുണ്ടക്കൈ എൽ.പി സ്‌കൂളിലെ 11 കുട്ടികളെയും ഉരുളെടുത്തെന്ന് ധരിപ്പിച്ചു. സൈനിക ഉദ്യോഗസ്ഥൻ പ്രദേശത്തിന്റെ പഴയ ഭൂപടവും ദുരന്തത്തിന് ശേഷമുളള ഭൂപടവും കാണിച്ചു.
ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചു
മേപ്പാടി സെന്റ് ജോസഫ് സ്‌കൂളിലെ ക്യാമ്പിലെത്തിയ പ്രധാനമന്ത്രി അതിജീവിതരുമായി സംസാരിച്ചു. അവരുടെ കണ്ണുകൾ നിറഞ്ഞു, തൊണ്ടയിടറി, വാക്കുകൾ മുറിഞ്ഞു. വിതുമ്പിയ അവരുടെ തലയിൽ കൈവച്ചും തോളിൽ തട്ടിയും കൈകൾ ചേർത്തുപിടിച്ചും പ്രധാനമന്ത്രി ആശ്വസിപ്പിച്ചു. രാജ്യം ഒപ്പമുണ്ടെന്ന് ഉറപ്പുനൽകി.
പരിക്കേറ്റവരെ ചികിത്സിക്കുന്ന മേപ്പാടി വിംസ് ആശുപത്രിയിലും പ്രധാനമന്ത്രി എത്തി. ചിലരോട് സംസാരിച്ചു. കുരുന്നുകളെ ചേർത്തുപിടിച്ചു. പരിക്കേറ്റവരെയും കൂടെയുള്ളവരെയും ആശ്വസിപ്പിച്ചു. മരിച്ചവരുടെ ചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തി.
ഒരു മണിക്കൂർ വൈകി
ദുരന്തത്തിന്റെ വ്യാപ്തി കണ്ട് നിന്ന് ഒരു മണിക്കൂർ വൈകിയാണ് മോദി ദുരന്തഭൂമിയിൽ നിന്ന് മടങ്ങിയത്. കളക്ടറേറ്റിലെ അവലോകന യോഗം കഴിഞ്ഞ് അഞ്ച് മണി കഴിഞ്ഞാണ് കൽപ്പറ്റയിലെ ഹെലിപാഡിൽ നിന്ന് പറന്നുയർന്നത്. 5.45ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തി. നിശ്ചിത സമയത്തിലും വൈകി 5.57ന് ഡൽഹിക്ക് പോയി.
Source link