വയനാട് ദുരന്തം,​ കാലാവസ്ഥാ ക്ഷോഭം ; ധന സഹായം വേണം: മോദിയോട് മുഖ്യമന്ത്രി

കൽപ്പറ്റ: വയനാട് പുനരധിവാസത്തിന് സാമ്പത്തിക പിന്തുണയും കാലാവസ്ഥ വ്യതിയാനം നേരിടാനുള്ള സഹായങ്ങളും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദുരന്ത വ്യാപ്തി വിശദീകരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ കുറിപ്പായാണ് കൈമാറിയത്. വിശദമായ നിവേദനം കേന്ദ്രത്തിന് പിന്നീട് സമർപ്പിക്കും.

ആയിരക്കണക്കിന് കോടിയുടെ നാശമാണുണ്ടായത്. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും സംസ്ഥാനത്തിന് വലിയ ആഘാതമാണ്. ഇതിന്റെ ഫലമാണ് അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ. ഇക്കൊല്ലത്തെ ഉഷ്ണതാപം ചരിത്രത്തിലാദ്യമാണ്. ഇത്തരം പ്രകൃതിക്ഷോഭങ്ങൾ നേരിടാനുള്ള സജ്ജീകരണങ്ങൾ കേരളത്തിന് വേണം.

ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ, ഇന്ത്യ മീറ്റിയറോളജിക്കൽ ഡിപ്പാർട്ട്മെന്റ്, നാഷണൽ സീസ്‌മിക് സെന്റർ, ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളുടെ സ്‌പെഷ്യൽ സെന്ററുകളും ആധുനിക സൗകര്യങ്ങളുള്ള പ്രാദേശിക ഓഫീസുകളും സംസ്ഥാനത്ത് ആരംഭിക്കണം. കാലാവസ്ഥാ നിരീക്ഷണത്തിനും ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തണം. കാലാവസ്ഥ പഠനത്തിന് കോട്ടയത്ത് സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസിന് കേന്ദ്രത്തിന്റെ സാമ്പത്തിക പിന്തുണ വേണം.

വയനാട് സന്ദർശിച്ച പ്രധാനമന്ത്രിയെ മുഖ്യമന്ത്രി നന്ദി അറിയിച്ചു. കേന്ദ്രത്തിലെ വകുപ്പുകൾ സംസ്ഥാന സർക്കാരുമായി സഹകരിക്കാൻ നിർദ്ദേശിക്കണം. വയനാട്ടിലെ ഉരുൾപൊട്ടലിനെ അതിതീവ്ര ദുരന്തമായും ദേശീയ ദുരന്തമായും പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.


Source link
Exit mobile version