വയനാട്ടിലെ 1000 വിദ്യാർത്ഥികൾക്ക് സൗജന്യ ഉന്നതവിദ്യാഭ്യാസം

സമഗ്രപാക്കേജുമായി നിംസും നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റിയും.
തിരുവനന്തപുരം : വയനാടിന് സമഗ്ര ആരോഗ്യ ഉന്നത വിദ്യാഭ്യാസ പാക്കേജുമായി നിംസും നൂറുൽ ഇസ്ലാം സർവകലാശാലയും. ദുരിതമേഖലയിലെ 1000 വിദ്യാർത്ഥികൾക്ക് സൗജന്യ ഉന്നതവിദ്യാഭ്യാസം, അപകടം പറ്റിയവർക്കായുള്ള റീഹാബിലിറ്റേഷനായി നിംസ് സ്‌പെക്ട്രം ശിശുവികസന ഗവേഷണ കേന്ദ്രം എന്നിങ്ങനെ നീളുകയാണ് പദ്ധതികൾ. കേരളത്തിനകത്തും പുറത്തുമുള്ള ആർട്സ് ആൻഡ് സയൻസ്, മെഡിക്കൽ, എൻജിനിയറിംഗ് കോളേജുകളിലാണ് സൗജന്യ വിദ്യാഭ്യാസം ഒരുക്കുന്നത്.ദുരിതാശ്വാസ നിധിയിലേക്ക് സർവകലാശാല ചാൻസലർ ഡോ.എ.പി.മജീദ് ഖാൻ നൽകിയ ഒരു കോടി രൂപയുടെ ചെക്കും സമഗ്ര ആരോഗ്യഉന്നത വിദ്യാഭ്യാസ പാക്കേജും മുഖ്യമന്ത്രി പിണറായി വിജയന് പ്രോ ചാൻസിലറും നിംസ് മെഡിസിറ്റി എം.ഡിയുമായ എം.എസ് ഫൈസൽ ഖാൻ കൈമാറി. സർവകലാശാല വൈസ് ചാൻസിലർ ഡോ.ടെസി തോമസ് , നിംസ് സെപ്ക്ട്രം ഡയറക്ടർ ഡോ. എം.കെ.സി.നായർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
വയനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിംസ് സ്‌പെക്ട്രം ശിശുവികസന ഗവേഷണ കേന്ദ്രം ആരംഭിച്ച് കുട്ടികൾക്കുള്ള തെറാപ്പികൾ, കൗൺസിലിംഗ്, പ്രത്യേകപരിചരണം, പ്രോത്സാഹനം എന്നിവ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. കൊവിഡ് കാലത്ത് ഏറ്റവും കൂടുതൽ ദുരിതമാനഭവിച്ച ഭിന്നശേഷികുട്ടികൾക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ നിംസ് മെഡിസിറ്റി 2021ൽ ആരംഭിച്ച പെൻഷൻ പ്ലാനിന്റെ പരിധിയിൽ വയനാടുള്ള ഭിന്നശേഷികുട്ടികളെയും ഉൾപ്പെടുത്തും. പാക്കേജിലൂടെ വയനാട്ടിലെ ആരോഗ്യ സംരക്ഷണത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും കൂടുതൽ ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ സൃഷ്ടിച്ച് സുസ്ഥിര വികസനം ഉറപ്പാക്കി പ്രദേശവാസികൾക്ക് മെച്ചപ്പെട്ട ജീവിത നിലവാരം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഇതിന് പുറമേ അവശ്യവസ്തുക്കൾ, വിഭവങ്ങൾ എന്നിവ സമാഹരിച്ച് വിതരണം ചെയ്യുന്നതിലൂടെ ദുരിതബാധിതരുടെ അടിയന്തര ആവശ്യങ്ങൾക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും എം.എസ്.ഫൈസൽ ഖാൻ പറഞ്ഞു.
Source link