KERALAMLATEST NEWS

ചൈനയിലെ സാമ്പത്തിക തകർച്ച: ഇന്ത്യയെ കണ്ണുവച്ച് ആഗോള ഭീമൻമാർ, നിക്ഷേപം കുതിക്കും

കൊച്ചി: ചൈനയിലെ സാമ്പത്തിക രംഗത്ത് തളർച്ചയേറിയതോടെ ഇന്ത്യൻ വിപണിയിൽ പ്രവർത്തനം വിപുലീകരിക്കാൻ ആഗോള റീട്ടെയിൽ വ്യാപാര കമ്പനികൾ ഒരുങ്ങുന്നു. കൊക്കോ കോള, പെപ്‌സികോ, പ്രോക്‌ടർ ആൻഡ് ഗാബിൾ, യൂണിലിവർ, റെക്കിറ്റ് തുടങ്ങിയവയാണ് ഇന്ത്യയിൽ നിക്ഷേപം വർദ്ധിപ്പിക്കുന്നത്. വികസ്വര രാജ്യങ്ങളിൽ ഏറ്റവും മികച്ച സാമ്പത്തിക വളർച്ച നേടുന്ന ഇന്ത്യയിൽ കൂടുതൽ വില്പന കൈവരിച്ച് ചൈനയിലെ തിരിച്ചടി മറികടക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി പുതിയ ഫ്ളേവറുകളും വൈവിദ്ധ്യമാർന്ന പായ്‌ക്കുകളും കമ്പനികൾ അവതരിപ്പിച്ചു.

ഇന്ത്യയിലെ ഉയർന്ന ജനസംഖ്യയും ഇനിയും ഉപയോഗപ്പെടുത്താത്ത ഗ്രാമീണ വിപണിയും വിപുലമായ സാദ്ധ്യതകളാണ് തുറന്നിടുന്നതെന്ന് പെപ്‌സികോയുടെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ പതിറ്റാണ്ടിൽ ചൈനയിലെ വില്പനയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കമ്പനികൾ ഇപ്പോൾ ഇന്ത്യയിൽ വിപണി വിഹിതം ഉയർത്താൻ മത്സരിക്കുകയാണെന്ന് അനക്‌സ് വെൽത്ത് മാനേജ്‌മെന്റിലെ ചീഫ് ഇക്കണോമിസ്‌റ്റ് ബ്രയാൻ ജേക്കബ്‌സൺ പറഞ്ഞു.

കൊക്കോ കോള, പെപ്‌സികോ, പ്രോക്‌ടർ ആൻഡ് ഗാബിൾ, യൂണിലിവർ, റെക്കിറ്റ് എന്നീ കമ്പനികളുടെ വിപണി വിഹിതം കഴിഞ്ഞ വർഷം ഇന്ത്യയിൽ 20.53 ശതമാനമായാണ് ഉയർന്നത്. മുൻവർഷമിത് 19.27 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം ഈ കമ്പനികളുടെ ചൈനയിലെ വിപണി വിഹിതം 4.3 ശതമാനമായി കുറഞ്ഞിരുന്നു.

അനുകൂല സാഹചര്യം

കേന്ദ്ര സർക്കാർ മൂലധന നിക്ഷേപം ഉയർത്തുന്നു

കാലവർഷ ലഭ്യത കൂടിയതോടെ കാർഷിക ഉത്പാദനത്തിലുണ്ടാകുന്ന വർദ്ധന

വ്യക്തിഗത ഉപഭോഗത്തിലെ ഉണർവ്

സാമ്പത്തിക മേഖല മികച്ച വളർച്ച

കിതച്ച് ചൈന

കൊവിഡ് രോഗ വ്യാപനത്തിന് ശേഷം ചൈന സാമ്പത്തിക തളർച്ചയിൽ നിന്ന് കരകയറാൻ പാടുപെടുകയാണ്. നടപ്പു വർഷത്തിന്റെ തുടക്കത്തിൽ സർക്കാർ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചതോടെ വിപണിയിൽ ഉണർവുണ്ടായെങ്കിലും വീണ്ടും മാന്ദ്യ സൂചനകൾ ശക്തമാണ്.


Source link

Related Articles

Back to top button