പാരീസ് ഒളിന്പിക്സിന് ഇന്നു കൊടിയിറക്കം
പ്രകാശത്തിന്റെ നഗരത്തിലെ ഉൗഷ്മള വരവേൽപ്പിനുശേഷം ഒളിന്പിക്സ് ഈ രാത്രി ഉറങ്ങും; നാലു വർഷം നീളുന്ന കുംഭകർണ സുഷുപ്തിക്കുശേഷം അമേരിക്കയിലെ ലോസ് ആഞ്ചലസിൽ മിഴിതുറക്കാമെന്ന ഉറപ്പുമായി… അതെ, 2024 പാരീസ് ഒളിന്പിക്സിന് ഇന്നു കൊടിയിറക്കം. ജൂലൈ 24ന് ആരംഭിച്ച്, രണ്ടു ദിവസത്തിനുശേഷം ഒൗദ്യോഗിക ഉദ്ഘാടനം നടത്തി ലോകത്തിന് ആവേശമായ ഒളിന്പിക്സിന്റെ സമാപനം ഇന്നു നടക്കും. ഇന്ത്യൻ സമയം രാത്രി 11.30നാണ് സമാപന സമ്മേളനം. അതോടെ മെഹ്സി (നന്ദി എന്നതിന്റെ ഫ്രഞ്ച്) എന്നു പറഞ്ഞു പിരിയും… ഒളിന്പിക് ചരിത്രത്തിൽ ആദ്യമായി തുറന്ന വേദിയിൽ ഉദ്ഘാടനം നടന്നെന്നതായിരുന്നു 2024 പാരീസ് എഡിഷന്റെ ഏറ്റവും വലിയ പ്രത്യേകത. സെയ്ൻ നദിയിൽവച്ചു നടന്ന ഉദ്ഘാടനചടങ്ങിൽ മഴ വില്ലനായിരുന്നു. മാത്രമല്ല, നടത്തിയ കലാപരിപാടികളിൽ ഫ്രാൻസിന്റെ തനത് കലാരൂപങ്ങളെ പരിഗണിച്ചില്ലെന്നതുൾപ്പെടെയുള്ള വിവാദങ്ങളുമുണ്ടായി. ഒളിന്പിക് ചരിത്രത്തിലെ ഏറ്റവും തണുപ്പൻ ഉദ്ഘാടനം എന്നായിരുന്നു പൊതുവേ ഉയർന്ന വിമർശനം. ഏതായാലും ഉദ്ഘാടനത്തിന്റെ പിഴവു തിരുത്തിയുള്ള സമാപന സമ്മേളനമായിരിക്കും പാരീസ് ഒളിന്പിക്സ് അധികൃതർ ലക്ഷ്യംവയ്ക്കുക. ടോം ക്രൂസ് വരും സമാപനചടങ്ങിലെ മുഖ്യ ആകർഷണം ബോളിവുഡ് താരം ടോം ക്രൂസിന്റെ സാന്നിധ്യമായിരിക്കുമെന്നു റിപ്പോർട്ടുണ്ട്. ചില ഒളിന്പിക് മത്സരവേദികളിൽ ടോം ക്രൂസ് എത്തിയിരുന്നു. ഫ്രഞ്ച് ഫുട്ബോൾ ടീമിന്റെ തട്ടകമായ സ്റ്റേഡ് ഡെ ഫ്രാൻസിലാണ് സമാപന സമ്മേളനം. സ്റ്റേഡിയത്തിന്റെ റൂഫിൽ ടോം ക്രൂസ് അഭ്യാസപ്രകടനം നടത്തുമെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഉദ്ഘാടനസമ്മേളനത്തിനിടെ സംഗീത പരിപാടി അവതരിപ്പിച്ച സെലിൻ ഡിയോണ്, ലേഡി ഗാഗ, അയ നാകാമുറ തുടങ്ങിയവരും സമാപന ചടങ്ങിനു കൊഴുപ്പേകാനെത്തിയേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത സൂചന. ശ്രീജേഷ്, മനു പതാക വഹിക്കും സമാപനസമ്മേളനത്തിലെ മാർച്ച് പാസ്റ്റിൽ ഇന്ത്യയുടെ പതാക മലയാളി ഹോക്കി ഗോൾകീപ്പർ പി.ആർ. ശ്രീജേഷും ഹരിയാനയുടെ വനിതാ ഷൂട്ടിംഗ് സൂപ്പർ താരം മനു ഭാകറും വഹിക്കും. രണ്ട് ഒളിന്പിക് മെഡലുള്ള ആദ്യ മലയാളിയാണ് ശ്രീജേഷ്. മാത്രമല്ല, ഒളിന്പിക്സോടെ ശ്രീജേഷ് രാജ്യാന്തര ഹോക്കിയിൽനിന്നു വിരമിച്ചു. മനു ഭാകർ ഇന്ത്യൻ പതാക വഹിക്കുമെന്നു തിങ്കളാഴ്ചത്തന്നെ ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ (ഐഒഎ) അറിയിച്ചിരുന്നു. പാരീസിൽ രണ്ടു വെങ്കലം മനു ഭാകർ വെടിവച്ചിട്ടിരുന്നു. ഒരു ഒളിന്പിക്സിൽ രണ്ടു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് മനു. പാരീസിൽ ഇന്ത്യയുടെ ഏക വെള്ളി നേടിയ ജാവലിൻ ത്രോ താരം നീരജ് ചോപ്രയെ മനുവിനൊപ്പം പതാക വഹിക്കാൻ ഐഒഎ പരിഗണിച്ചിരുന്നു. എന്നാൽ, ശ്രീജേഷിനെ കർത്തവ്യം ഏൽപ്പിക്കുന്നതിനോടായിരുന്നു നീരജ് ചോപ്രയ്ക്കു താത്പര്യമെന്നു ഐഒഎ പ്രസിഡന്റ് പി.ടി. ഉഷ അറിയിച്ചു. കഴിഞ്ഞ വർഷം ഏഷ്യൻ ഗെയിംസ് സമാപന സമ്മേളനത്തിൽ ഇന്ത്യയുടെ പതാക വഹിച്ചതും പി.ആർ. ശ്രീജേഷായിരുന്നു.
Source link