CINEMA

കസകസ ആടി വിനായകനും സുരാജും: ആഘോഷം നിറച്ച് തെക്ക് വടക്ക് ആദ്യ പോസ്റ്റർ

ഓണത്തിന് ആഘോഷമായി റിലീസ് ചെയ്യുന്ന തെക്ക് വടക്കിന്റെ ആദ്യ പോസ്റ്ററിലും നിറയെ ആഘോഷം. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ഡാൻസ് ചെയ്യുന്ന പോസാണ് ആദ്യ പോസ്റ്ററിലേത്. #കസകസ എന്ന ഹാഷ്ടാഗ് മാത്രമാണ് പോസ്റ്ററിലൂടെ സിനിമ സംബന്ധിച്ചുള്ള സൂചന. ജയിലറിൽ വിനായകന്റെ ഡാൻസ് ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. വിനായകനും സുരാജും ചേർന്ന് സിനിമയിൽ സൃഷ്ടിക്കുന്ന ആഘോഷത്തിന്റെ സ്വഭാവം പോസ്റ്ററിലും വ്യക്തം. 
സിനിമയുടേതായി ആമുഖ വീഡിയോകൾ പുറത്തു വന്നിരുന്നു. പരസ്പരം മുഖത്തടിക്കുകയും അലറി വിളിക്കുകയും മുഖം തിരിക്കുകയുമൊക്കെ ചെയ്ത ആമുഖ വീഡിയോകൾ ഇരുവരും തമ്മിലുള്ള പോരാണ് വെളിപ്പെടുത്തിയത്. സീനിയർ സിറ്റിസൺസിന്റെ വേഷത്തിലേക്ക് ഇരുവരുടേയും മേക്കോവർ ആദ്യ പോസ്റ്ററിലും വ്യക്തം.

റിട്ടയേർഡ് കെഎസ്ഇബി എഞ്ചിനീയർ മാധവനായാണ് വിനായകൻ വേഷമിടുന്നത്. സുരാജ് അരിമില്ല് ഉടമ ശങ്കുണ്ണിയും. കോട്ടയം രമേഷ്, മെറിൻ ജോസ്, മെൽവിൻ ജി ബാബു, ഷമീർ ഖാൻ, വിനീത് വിശ്വം, സ്നേഹ, ശീതൾ, മഞ്ജുശ്രീ, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ തുടങ്ങി മലയാള സിനിമയിലെ പുതിയ ചിരിത്താരങ്ങളാണ് വിനായകനും സുരാജിനുമൊപ്പം അണിനിരക്കുന്നത്.

നൻപകൽ നേരത്ത് മയക്കത്തിനു ശേഷം എസ്. ഹരീഷിന്റെ രചനയിൽ പ്രേംശങ്കറാണ് സിനിമ സംവിധാനം ചെയ്യുന്നത്. അൻജന ഫിലിപ്പ്, വി.എ ശ്രീകുമാർ എന്നിവർ ചേർന്ന് രൂപീകരിച്ച അൻജന- വാർസ് ആണ് നിർമ്മാണം. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും തെക്കു വടക്കിനുണ്ട്.

ചിത്രത്തിലെ മുഴുവൻ സാങ്കേതിക വിദഗ്ധരുടെ പട്ടികയും ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ പ്രഖ്യാപിക്കപ്പെട്ടു. ആർഡിഎക്സിലെ ഹിറ്റ് ഗാനങ്ങൾക്കു ശേഷം സാം സി.എസ് ആണ് സംഗീതം. അൻവർ റഷീദിന്റെ ബ്രിഡ്ജ് സിനിമയുടെ ഛായാഗ്രാഹകനായി ആരംഭിച്ച് കിസ്മത്ത്, വലിയപെരുന്നാൾ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഡിഒപി. ഉള്ളൊഴുക്ക്, രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്ററായ കിരൺ ദാസാണ് ചിത്രസംയോജനം. പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, ആക്ഷൻ: മാഫിയ ശശി, ഡാൻസ്: പ്രസന്ന മാസ്റ്റർ, വരികൾ: ലക്ഷ്മി ശ്രീകുമാർ, കോസ്റ്റ്യും: അയിഷ സഫീർ സേഠ്, മേക്കപ്പ്: അമൽ ചന്ദ്ര, പ്രോഡക്ഷൻ കൺട്രോളർ: സജി ജോസഫ്, ചീഫ് അസോസിയേറ്റ്: ബോസ്. വി, കാസ്റ്റിങ്: അബു വളയംകുളം, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ: നിധിൻ ലൂക്കോസ്, സ്റ്റിൽസ്: അനീഷ് അലോഷ്യസ്, ഡിസൈൻ:  പുഷ് 360, വിഎഫ്എക്സ്: കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്.

English Summary:
Vinayak and Suraj vibrant movie : The first poster of South North full of celebration


Source link

Related Articles

Back to top button