KERALAMLATEST NEWS

ചൂരൽമലയിലെ ദുരന്തഭൂമി നേരിട്ടുകണ്ട് മോദി; വെള്ളാർമല സ്‌കൂളിൽ ആദ്യ സന്ദർശനം, ബെയ്‌ലി പാലത്തിലൂടെ നടന്നു

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ മേഖലയായ ചൂരൽമലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തത്തിന്റെ വ്യാപ്‌തി നേരിട്ട് കണ്ട് മനസിലാക്കി. കൽപ്പറ്റയിൽ നിന്ന് റോഡ് മാർഗം ചൂരൽമലയിലെത്തിയ പ്രധാനമന്ത്രി രണ്ട് മണിക്കുശേഷം അവിടെനിന്ന് മടങ്ങി. വെള്ളാർമല സ്‌കൂളിലേക്കായിരുന്നു ആദ്യ സന്ദർശനം. പ്രധാനമന്ത്രി ആദ്യം ആവശ്യപ്പെട്ടത് സ്‌കൂൾ കാണണം എന്നായിരുന്നു.

സ്‌കൂൾ റോഡിന്റെ ഭാഗത്തെത്തിയ മോദി ദുരിതബാധിതരായ കുട്ടികളെക്കുറിച്ച് ചോദിച്ചറിഞ്ഞു. കുട്ടികളുടെ പഠനത്തെക്കുറിച്ചും മറ്റ് വിവരങ്ങളും ചീഫ് സെക്രട്ടറി ഡോ.വി വേണു വിശദീകരിച്ചു. കുട്ടികൾക്കുണ്ടായ പ്രശ്‌നങ്ങൾ, അവരുടെ ഭാവി, അനാഥരായ കുട്ടികൾ, എത്ര കുട്ടികൾ മരണപ്പെട്ടു, എത്ര കുട്ടികൾ രക്ഷപ്പെട്ടു എന്നീ വിവരങ്ങളും മോദി ചോദിച്ചറിഞ്ഞു. സ‌്കൂൾ പരിസരത്തെ തകർന്ന വീടുകളും കണ്ടു. എഡിജിപി എംആർ അജിത് കുമാർ രക്ഷാപ്രവർത്തനത്തെക്കുറിച്ചും ദുരന്തത്തെക്കുറിച്ചും വിശദീകരിച്ചു.

അരമണിക്കൂറോളം ചൂരൽമലയിലെ ദുരന്തമേഖല സന്ദർശിച്ചതിനുശേഷം പ്രധാനമന്ത്രി ബെയ്‌ലി പാലത്തിൽ കയറി. പാലത്തിലൂടെ നടന്ന് രക്ഷാദൗത്യത്തിൽ പങ്കാളികളായ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. പാലത്തിന്റെ മറുകരയിലുള്ള ഉദ്യോഗസ്ഥരെയും കണ്ടു.

50 മിനിട്ടോളം ചൂരൽമലയിൽ ചെലവഴിച്ച പ്രധാനമന്ത്രി മേപ്പാടിയിലെ സെന്റ് ജോസഫ് സ്‌കൂൾ ക്യാമ്പിലെത്തി ദുരന്തബാധിതരെ നേരിട്ട് കണ്ടു. ക്യാമ്പിൽ നിന്ന് വിംസ് ആശുപത്രിയിലേക്കായിരിക്കും പോവുക. ശേഷം മേപ്പാടി സർക്കാർ സ്‌കൂളിലെ ദുരന്തബാധിതരെയും സന്ദർശിക്കും. ഇതിനുശേഷം കൽപ്പറ്റ കളക്‌ടറേറ്റിലെത്തി അവലോകന യോഗത്തിൽ പങ്കെടുക്കും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്.


Source link

Related Articles

Back to top button