പ്രധാനമന്ത്രിയുടെ വരവിനെ സ്വാഗതം ചെയ്യുന്നു; മുണ്ടക്കൈ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്നു

കൽപ്പറ്റ: പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനത്തെ സ്വാഗതം ചെയ്യുന്നെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അദ്ദേഹത്തിന് ഇവിടത്തെ സാഹചര്യമെന്തെന്ന് കാണുമ്പോൾ തന്നെ മനസിലാകും. മുണ്ടക്കൈ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് തന്നെയാണ് ഉറച്ചുവിശ്വസിക്കുന്നതെന്ന് മന്ത്രി ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
‘തെരച്ചിലുമായി ബന്ധപ്പെട്ട് ജനങ്ങൾക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ, അവരുടെ വിലയേറിയ നിർദേശം കൂടി അറിയാൻ വേണ്ടിയാണ് ജനകീയ തെരച്ചിൽ വച്ചത്. പ്രധാനമന്ത്രി വരുന്നതിന്റെ ഭാഗമായി, സുരക്ഷയും മറ്റും പരിഗണിച്ച് തെരച്ചിൽ പതിനൊന്നുമണിക്ക് അവസാനിപ്പിക്കും. ജനകീയ തെരച്ചിൽ ഞായറാഴ്ച വീണ്ടും തുടങ്ങും.
സൈന്യത്തിന് ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി അവർ ചെയ്‌തിട്ടുണ്ട്. തെരച്ചിലിന്റെ കാര്യത്തിൽ നമുക്ക് സാദ്ധ്യമാകുന്ന എല്ലാം ചെയ്യും. ദുരന്തബാധിതരുടെയും രാഷ്ട്രീയ പാർട്ടികളടക്കമുള്ളവരുടെയും അഭിപ്രായമെടുത്തായിരിക്കും പുനഃരധിവാസം സംബന്ധിച്ച തീരുമാനമെടുക്കുക.’- അദ്ദേഹം പറഞ്ഞു. മന്ത്രിയും തെരച്ചിൽ സംഘത്തിനൊപ്പമുണ്ട്.
അതേസമയം, വയനാട്ടിലെ ദുരന്ത ബാധിതർ നേരിട്ട് തെരച്ചിലിന്റെ ഭാഗമാകില്ലെന്ന് ഐ ജി സേതുരാമൻ പ്രതികരിച്ചു. രക്ഷൗദൗത്യ രീതി ജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഇരയാക്കപ്പെട്ടവരുടെ സംശയം തീർക്കുകയെന്ന ലക്ഷ്യം കൂടി ഇതിനുപിന്നിലുണ്ടെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
ദുരന്ത ബാധിതർ നേരിട്ട് പരിശോധന നടത്തില്ല. മറിച്ച് അവർ ചൂണ്ടിക്കാണിക്കുന്നയിടങ്ങളിൽ തെരച്ചിൽ നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ദുരന്തമേഖലയെ ആറായി തിരിച്ചാണ് പരിശോധന നടത്തുന്നത്. ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ കൂടി ഉൾപ്പെടുത്തി തെരച്ചിൽ നടത്തുമെന്ന് ഇന്നലെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. തെരച്ചിൽ പതിനൊന്നാം നാൾ പിന്നിട്ടിരിക്കുകയാണ്. ഇതുവരെ നാനൂറിലധികം മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനി 131 പേരെക്കൂടെ കിട്ടാനുണ്ട്. ചാലിയാറിൽ ഇന്നും വ്യോമമാർഗം തെരച്ചിൽ നടത്തും.
നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത ഭൂമി സന്ദർശിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ദുരന്ത ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് വയനാട്ടിലെത്തുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ജോയിന്റ് സെക്രട്ടറി രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്. വൈകിട്ട് മൂന്നരയ്ക്ക് സർക്കാർ പ്രതിനിധികളുമായി സംഘം ചർച്ച നടത്തും.
Source link