സമയോചിതമായ ഇടപെടലിലൂടെ ഒഴിവാക്കാനാകുന്ന ദുരന്തം: മുല്ലപ്പെരിയാർ വിഷയത്തിൽ ജോജു ജോർജ് | Joju George Mullapperiyar
സമയോചിതമായ ഇടപെടലിലൂടെ ഒഴിവാക്കാനാകുന്ന ദുരന്തം: മുല്ലപ്പെരിയാർ വിഷയത്തിൽ ജോജു ജോർജ്
മനോരമ ലേഖകൻ
Published: August 10 , 2024 10:28 AM IST
1 minute Read
ജോജു ജോർജ്
വയനാട് ദുരന്തം വിതച്ച ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിനെക്കുറിച്ചുള്ള തന്റെ ആശങ്ക പങ്കുവച്ച് നടൻ ജോജു ജോർജ്. മുല്ലപ്പെരിയാർ അണക്കെട്ടിനെക്കുറിച്ചുള്ള തീരുമാനം അധികാര സ്ഥാനത്തിരിക്കുന്നവർ എത്രയും വേഗം എടുക്കേണ്ടതാണെന്ന് ജോജു ജോർജ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. പലപല കാരണങ്ങൾ പറഞ്ഞ് മുല്ലപ്പെരിയാർ പോലെ അപകടാവസ്ഥയിൽ ഇരിക്കുന്ന ഒരു അണക്കെട്ടിനെപ്പറ്റിയുള്ള തീരുമാനങ്ങൾ മാറ്റിവെക്കുന്നത് ശരിയല്ല. മനുഷ്യ ഇടപെടലിലൂടെ ഒഴിവാക്കാൻ കഴിയുന്ന ഒരു ദുരന്തം സമയോചിതമായ പ്രവർത്തനങ്ങളിലൂടെ ഒഴിവാക്കാനായി രാഷ്ട്രീയതാല്പര്യങ്ങൾ മറന്ന് എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ജോജു ജോർജ് കുറിച്ചു.
‘‘മുല്ലപ്പെരിയാർ അണക്കെട്ട്. അണക്കെട്ടിനോട് ചേർന്ന് ഒരു തുരങ്കം നിർമിച്ചോ, അണക്കെട്ട് ഡീ കമ്മീഷൻ ചെയ്തോ എങ്ങനെയും ദയവുചെയ്ത് ഈ ശപിക്കപ്പെട്ട പ്രശ്നം എത്രയും വേഗം പരിഹരിക്കുക. നിങ്ങളുടെ എല്ലാ രാഷ്ട്രീയ താൽപ്പര്യങ്ങളും മാറ്റിവച്ച് സമയോചിതമായ മനുഷ്യ ഇടപെടലിലൂടെ ഒഴിവാക്കാനാകുന്ന ഒരു ദുരന്തം തടയാൻ വേണ്ടി ഒരുമിച്ച് നിൽക്കാൻ അധികാരസ്ഥാനത്തിരിക്കുന്ന ഓരോരുത്തരോടും അഭ്യർഥിക്കുന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിനെക്കുറിച്ചും അതിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചും ആധികാരികമായ റിപ്പോർട്ടുകൾ ആശങ്കാജനകമാണ്. പലവിധ കാരണങ്ങളാൽ പറഞ്ഞ് ഇത് നീട്ടിവയ്ക്കുന്നത് പോലെ ഗുരുതരമായ മറ്റൊന്നില്ല. ഇത്തരം നിർണായക നിമിഷങ്ങളിലാണ് എല്ലാ പൗരന്മാരും, ശാസ്ത്ര-രാഷ്ട്രീയ നേതാക്കളും, സ്വാധീനമുള്ളവരും, സെലിബ്രിറ്റികളും ഉൾപ്പെടെയുള്ള പൊതുജനങ്ങൾ ഒരുമിച്ച് ചേർന്ന് അധികാരസ്ഥാനത്തിരിക്കുന്നവർ ജനങ്ങൾക്ക് നീതി നൽകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത്. മുല്ലപ്പെരിയാർ അണക്കെട്ടിനെക്കുറിച്ചുള്ള തീരുമാനം വളരെ വേഗത്തിലെടുക്കേണ്ടത് അത്യാവശ്യമാണ്.’’–ജോജു ജോർജിന്റെ വാക്കുകൾ.
ജൂഡ് ആന്തണി ജോസഫ്, മേതിൽ ദേവിക, അഭിലാഷ് പിളള തുടങ്ങി നിരവധിപ്പേർ ഈ വിഷയത്തിൽ അവരുടെ ആശങ്കകൾ പങ്കുവച്ച് എത്തിയിരുന്നു.
English Summary:
Actor Joju George Calls for Urgent Action on Mullaperiyar Dam Amidst Wayanad Landslide Concerns
7rmhshc601rd4u1rlqhkve1umi-list 1m3fg0uegj5sva656bk5s7svv0 mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-jojugeorge
Source link