KERALAMLATEST NEWS

പ്രധാനമന്ത്രി ഇന്ന് വയനാട് ദുരിതമേഖലയിൽ; ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് സ്വീകരിക്കും

കണ്ണൂർ :വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകൾ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ പതിനൊന്നരയോടെ വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങും. തുടർന്ന് വ്യോമസേനാ ഹെലികോപ്റ്ററിൽ വയനാട്ടിലേക്കു പോകും.കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഒപ്പമുണ്ടാകും.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു പ്രധാനമന്ത്രിയെ സ്വീകരിക്കും. ഇരുവരും വയനാട്ടിലേക്കു പ്രധാനമന്ത്രിയെ അനുഗമിക്കും. മോദിക്കായി വ്യോമസേനയുടെ മൂന്നു കോപ്റ്ററുകൾ ഇന്നലെ കണ്ണൂരിലെത്തി. ആവശ്യമെങ്കിൽ റോഡ് മാർഗം പോകാൻ ബുള്ളറ്റ് പ്രൂഫ് കാറും സുരക്ഷാ സന്നാഹങ്ങളും പ്രത്യേക വിമാനത്തിൽ കണ്ണൂരിലെത്തിച്ചു. എസ്.പി.ജി കമാൻഡോകൾക്കുള്ള വാഹനം, മൊബൈൽ ജാമർ തുടങ്ങിയവയും എത്തിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ വിമാനത്താവളത്തിൽ കളക്ടറുടെ അദ്ധ്യക്ഷതയിൽ ഉന്നത യോഗം ചേർന്നു.

12.15ഓടെ ദുരന്തമേഖലയിലെത്തുന്ന മോദി മൂന്ന് മണിക്കൂറോളം സ്ഥലത്ത് തുടരും. ദുരിതാശ്വാസ ക്യാമ്പുകളും പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയും സന്ദർശിക്കും. പിന്നാലെ ഉന്നതതല യോഗവും ചേരും.

പ്രധാനമന്ത്രി വരുന്നതിനാൽ കാണാതായവർക്കായി ഇന്ന് തെരച്ചിലുണ്ടാവില്ല. സന്ദർശനത്തോടനുബന്ധിച്ച് വയനാട്ടിൽ ഗതാഗത നിയന്ത്രണമുണ്ട്. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ താമരശേരി ചുരം വഴി ഹെവി വാഹനങ്ങളും ചരക്ക് വാഹനങ്ങളും കടത്തിവിടില്ല.

വയനാട്ടിൽ നിന്ന് ഹെലികോപ്റ്ററിൽ ഉച്ചകഴിഞ്ഞ് 3.40ന് കണ്ണൂർ വിമാനത്താവളത്തിൽ തിരിച്ചെത്തുന്ന പ്രധാനമന്ത്രി 3.45ന് ഡൽഹിയിലേക്കു മടങ്ങും. വിമാനത്താവളത്തിലും റോഡിലും പൊലീസ് കനത്ത സുരക്ഷ ഒരുക്കുന്നുണ്ട്.


Source link

Related Articles

Back to top button