തിരുവനന്തപുരം: ഗ്രാമീണ മേഖലയിൽ സമ്പൂർണ കുടിവെള്ള വിതരണം ചെയ്യുന്നതിനുള്ള ജലജീവൻ മിഷൻ പദ്ധതിക്കായി കേരളത്തിന്റെ വിഹിതമായ 285 കോടി രൂപ ധനവകുപ്പ് അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കേന്ദ്ര വിഹിതമായ 292 കോടി രൂപ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാനത്തിന്റെ വിഹിതം പ്രഖ്യാപിച്ചത്. ഇതോടെ 573 കോടി രൂപ പദ്ധതിക്കായി ലഭിച്ചു. 40,000 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 10086.98 കോടി രൂപയാണ് ഇതുവരെ ആകെ അനുവദിച്ചിരിക്കുന്നത്.
കേന്ദ്ര സംസ്ഥാന പദ്ധതിയായ ജലജീവൻ മിഷനിൽ 50 ശതമാനം തുക സംസ്ഥാനമാണ് മുടക്കുന്നത്.
ഇതിനോടകം 54 ശതമാനത്തോളം കണക്ഷനുകളാണ് നൽകിയിട്ടുള്ളത്. ശേഷിക്കുന്നത് ഒരു വർഷത്തിനകം പൂർത്തിയാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ജലജീവൻ മിഷൻ തുടങ്ങും മുൻപ് സംസ്ഥാനത്ത് 17 ലക്ഷം കണക്ഷനുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് 40 ലക്ഷത്തോളം ആയിരിക്കുകയാണ്. സംസ്ഥാനത്തെ മുഴുവൻ ഗ്രാമീണ ഭവനങ്ങളിലും ടാപ്പിലൂടെ കുടിവെള്ളം എത്തിക്കുന്നതാണ് പദ്ധതി.
കേരള വാട്ടർ അതോറിറ്റി, ജലനിധി, ഭൂജല വകുപ്പ് എന്നിവയാണ് സംസ്ഥാനത്ത് പദ്ധതിയുടെ നിർവഹണ ഏജൻസികൾ. പദ്ധതിയുടെ നടത്തിപ്പ് ചുമതല ദ്ദേശ സ്ഥാപനങ്ങൾക്കാണ്. കേന്ദ്ര മാർഗ നിർദേശമനുസരിച്ച് ഒരാൾക്ക് പ്രതിദിനം 55 ലിറ്റർ വെള്ളമാണ് നൽകേണ്ടതെങ്കിലും കേരളീയരുടെ ജലവിനിയോഗത്തിന്റെ പ്രത്യേകതകൾ പരിഗണിച്ച് സംസ്ഥാനത്ത് ഒരാൾക്ക് പ്രതിദിനം 100 ലിറ്റർ എന്ന് കണക്കാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
Source link