മലയാളി യാത്രക്കാരുടെ ദീര്‍ഘകാലത്തെ പ്രശ്‌നത്തിന് പരിഹാരമാകുന്നു, ഒടുവില്‍ നടപടി സ്വീകരിച്ച് റെയില്‍വേ

പ്രതീകാത്മക ചിത്രം | ഫോട്ടോ: സതേണ്‍ റെയില്‍വേ

പാലക്കാട്: മലയാളി ട്രെയിന്‍ യാത്രക്കാരുടെ പ്രത്യേകിച്ച് മലബാര്‍ ഭാഗത്തേക്കുള്ളവര്‍ ദീര്‍ഘകാലമായി നേരിടുന്ന പ്രശ്‌നമാണ് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് മുമ്പ് ട്രെയിന്‍ പിടിച്ചിടുന്നത്. ഈ പ്രശ്‌നത്തിന് പരിഹാരമായി തൃശൂര്‍ – പാലക്കാട് റെയില്‍ പാതയിലെ ട്രാക്ക് ഇരട്ടിപ്പിക്കല്‍ ഉടന്‍ ആരംഭിക്കും. അടുത്ത വര്‍ഷം ഫെബ്രുവരിയോടെ പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എറണാകുളത്തെ കമ്പനിയുമായി റെയില്‍വേ കരാര്‍ ഒപ്പിടുകയും ചെയ്തു.

തൃശൂര്‍ – ഷൊര്‍ണൂര്‍ പാതയും പാലക്കാട് – ഷൊര്‍ണൂര്‍ പാതയും ഒരു കിലോമീറ്ററില്‍ അധികം ഒറ്റവരിപ്പാതയാണ്. ഈ പാതയിലൂടെ ട്രെയിന്‍ കടന്ന് പോകുമ്പോള്‍ ഷൊര്‍ണൂര്‍, വള്ളത്തോള്‍ നഗര്‍ സ്‌റ്റേഷനുകളിലും അതിന് ഇടയ്ക്കും നിരവധി ട്രെയിനുകള്‍ മണിക്കൂറുകളോളം പിടിച്ചിടാറുണ്ട്. കാലങ്ങളായി ഈ പ്രശ്‌നം യാത്രക്കാരെ വലയ്ക്കുന്നതാണ്. വൈകിയോടുന്ന ട്രെയിനുകളും ദീര്‍ഘദൂര ട്രെയിനുകളും മുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ വരെ ഇത്തരത്തില്‍ പിടിച്ചിടുന്നത് പതിവായിരുന്നു.

തൃശൂര്‍ – ഷൊര്‍ണൂര്‍ പാതയും പാലക്കാട് – ഷൊര്‍ണൂര്‍ പാതയും ഇരട്ടിപ്പിക്കുന്നതിന് ദക്ഷിണ റെയില്‍വേ രണ്ട് വര്‍ഷം മുമ്പ് തന്നെ പദ്ധതി തയ്യാറാക്കിയതാണ്. എന്നാല്‍ പല കാരണങ്ങള്‍ക്കൊണ്ടും അനുമതി ലഭിക്കാതെ ചുവപ്പ് നാടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഷൊര്‍ണൂര്‍ യാര്‍ഡ് റീമോഡലിങ്ങും ഇതിന്റെ ഭാഗമായി നടക്കും. ആദ്യഘട്ടത്തില്‍ പാലത്തിന്റെ നിര്‍മാണമാണ് ആരംഭിക്കുന്നത്. നിലവില്‍ ഒരു പാലത്തിലൂടെയാണു ട്രെയിനുകള്‍ കടന്നുപോകുന്നത്. 2027 ഫെബ്രുവരിയില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണു റെയില്‍വേ ലക്ഷ്യമിടുന്നത്. പദ്ധതിക്ക് 67.39 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.


Source link

Exit mobile version