കെ.എസ്.ആർ.ടി.സി- അടുത്ത മാസം ഫുൾ ശമ്പളവും ബോണസും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഓണത്തിനു മുമ്പ് ഒറ്റത്തവണയായി ശമ്പളം കൊടുക്കുന്നതിന് കേരള ബാങ്കിൽ നിന്നും 100 കോടി രൂപ ലഭ്യമാക്കും. 72 കോടിയാണ് ശമ്പളത്തിനു വേണ്ടത്. സർക്കാർ സഹായത്തോടെ ബോണസും നൽകാനും ധാരണയായി. ഓഗസ്റ്റിലെ ശമ്പളം സെപ്തംബറിൽ ഒറ്റത്തവണയായി വിതരണം ചെയ്യുമെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
ഓവർഡ്രാഫ്റ്റായാണ് കേരള ബാങ്കിൽ നിന്നും തുക ലഭ്യമാക്കുന്നത്. പ്രതിമാസ സർക്കാർ ധനസഹായം ലഭിക്കുമ്പോൾ തിരിച്ചടയ്ക്കും. സർക്കാർ നൽകുന്ന 50 കോടിക്ക് പുറമെയുള്ള തുക വരുമാനത്തിൽ നിന്നും കണ്ടെത്തും. ബോണസിനെക്കുറിച്ച് തൊഴിലാളി സംഘടനകളുമായി മാനേജ്മെന്റ് ചർച്ച നടത്തും.
ബാങ്ക് കൺസോർഷ്യത്തിൽ നിന്നും അധിക വായ്പ വൈകുന്നതു കൊണ്ടാണ് കേരള ബാങ്കിനെ സമീപിച്ചത്. എസ്.ബി.ഐ നേതൃത്വം നൽകുന്ന കൺസോർഷ്യത്തിൽ നിന്നും 3100 കോടി 2018 ൽ കെ.എസ്.ആർ.ടി.സി കടമെടുത്തിട്ടുണ്ട്. ഇതുവരെയുള്ള തിരിച്ചടവ് പരിഗണിച്ച് 450 കോടി കൂടി ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല.
എസ്.ബി.ഐ അക്കൗണ്ടുകൾ വഴിയുള്ള ശമ്പള വിതരണം ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കേരള ബാങ്ക്
കൺസോർഷ്യത്തിൽ
കെ.ടി.ഡി.എഫ്.സിയും ബാങ്ക് കൺസോർഷ്യത്തിലുണ്ട്. 2018 ൽ കൺസോർഷ്യം രൂപീകരിക്കുമ്പോൾ 2150 കോടിയാണ് ബാങ്കുകളിൽ നിന്നും ലഭിച്ചത്. 950 കോടി കെ.ടി.ഡി.എഫ്.സിയുടെ വായ്പാ വിഹിതമായി നിലനിറുത്തിയിരുന്നു. തിരിച്ചടവ് മുടങ്ങിയ കെ.ടി.ഡി.എഫ്.സിയുടെ ബാദ്ധ്യത ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽപ്പെടുത്തി 650 കോടി രൂപ നൽകി സർക്കാർ ജൂലായിൽ തീർത്തിരുന്നു. ഈ സാഹചര്യത്തിൽ കെ.ടി.ഡി.എഫ്.സിയെ കൺസോർഷ്യത്തിൽ നിന്നും ഒഴിവാക്കാനും പകരം കേരള ബാങ്കിനെ ഉൾക്കൊള്ളിക്കാനും പദ്ധതിയുണ്ട്.
ഗുരുദേവജയന്തി ആഘോഷം ആർഭാടരഹിതമാക്കണം
ശിവഗിരി : 20ന് ശ്രീനാരായണ ഗുരുദേവന്റെ 170 -ാം ജയന്തി ആഘോഷംആത്മീയ പരിപാടികളോടെ നടത്താൻ ശിവഗിരിമഠത്തിൽ കൂടിയ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് തീരുമാനിച്ചു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ജയന്തിദിനത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കാൻ തീരുമാനിച്ചത്.
ജയന്തി ദിവസം രാവിലെ 6 മുതൽ 6.30 വരെ തിരുഅവതാര മുഹൂർത്ത പൂജ, തുടർന്ന് നാമജപം, പ്രസാദ വിതരണം, പ്രഭാഷണം, അന്നദാനം, ജയന്തി സമ്മേളനം എന്നിവ സംഘടിപ്പിക്കാം. ഗുരുജയന്തിക്ക് പതിവായുള്ള ഘോഷയാത്ര ആർഭാടരഹിതമായി നാമ സങ്കീർത്തനശാന്തി യാത്രയായി സംഘടിപ്പിക്കണം. കലാപരിപാടികൾ പൂർണ്ണമായും ഒഴിവാക്കണം. സന്ധ്യാസമയത്ത് വയനാട്ടിൽ മരണപ്പെട്ടവരുടെ ആത്മശാന്തിക്കായി ഗുരുദേവ പ്രസ്ഥാനങ്ങളിലും വീഥികളിലും ശാന്തി ദീപം തെളിക്കാം. ചിങ്ങം ഒന്നു മുതൽ കന്നി 9 വരെ നടത്തുന്ന ശ്രീനാരായണ മാസാചരണവും ധർമ്മചര്യായജ്ഞവും ജയന്തിക്ക് ഒരാഴ്ചയ്ക്കു മുമ്പായി ശ്രീനാരായണ ജയന്തി വാരാഘോഷവും സംഘടിപ്പിക്കേണ്ടതാണെന്നും ശിവഗിരിമഠം അറിയിച്ചു.
ബി.എസ്.എൻ.എൽ സൊസൈറ്റി തട്ടിപ്പ്:
സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: തിരുവനന്തപുരത്തെ ബി.എസ്.എൻ.എൽ എൻജിനിയേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപത്തട്ടിപ്പിൽ പൊലീസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് ബഡ്സ് ആക്ട് പ്രകാരമുള്ള കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി മടക്കിയതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി.
സഹകരണ സ്ഥാപനത്തിലെ ക്രമക്കേടിൽ ബഡ്സ് ആക്ട് ബാധകമല്ലെന്ന് പറഞ്ഞാണ് റിപ്പോർട്ട് മടക്കിയത്. പൊലീസ് സമർപ്പിച്ച മറ്റ് റിപ്പോർട്ടുകളിൽ പ്രത്യേകകോടതി തീരുമാനമെടുക്കുന്നത് വിലക്കിയിട്ടുണ്ട്. സഹകരണ സ്ഥാപനത്തിലെ ജീവനക്കാർ നടത്തിയ തട്ടിപ്പായതിനാൽ ബഡ്സ് ആക്ട് ബാധമാകുമെന്നാണ് സക്കാരിന്റെ വാദം. ഹർജി അടുത്തമാസം പരിഗണിക്കും.
Source link