യുക്രെയ്ൻ സൈനികരെ തുരത്താൻ വിഷമിച്ച് റഷ്യ

മോസ്കോ: അതിർത്തി കടന്ന യുക്രെയ്ൻ ഭടന്മാരെ തുരത്താൻ റഷ്യൻ സേന വിഷമിക്കുന്നതായി റിപ്പോർട്ട്. കുർസ്ക് മേഖലയിലേക്കു കൂടുതൽ സൈനികരെ അയച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം ഇന്നലെ അറിയിച്ചു. ചൊവ്വാഴ്ച രാവിലെയാണു യുക്രെയ്ൻ ഭടന്മാർ റഷ്യയിലെ കുർസ്ക് മേഖലയിൽ ആക്രമണം തുടങ്ങിയത്. അതിർത്തിയിലെ ഗ്രാമങ്ങളിലും സുദ്ഷ പട്ടണത്തിലും വലിയ ഏറ്റുമുട്ടലുകളുണ്ടായി. യുക്രെയ്ൻ ഭടന്മാർ പത്തുകിലോമീറ്റർ ഉള്ളിൽ വരെ എത്തിയെന്നാണു പുതിയ റിപ്പോർട്ട്. യുക്രെയ്ൻ സേന റഷ്യക്കുള്ളിൽ നടത്തുന്ന ഏറ്റവും വലിയ മുന്നേറ്റമാണിത്. അധിനിവേശത്തിന്റെ പ്രത്യാഘാതങ്ങൾ റഷ്യ ബോധ്യപ്പെടണമെന്നാണു യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പ്രതികരിച്ചത്. ആക്രമികളെ തുരത്തിക്കൊണ്ടിരിക്കുകയാണെന്നും ശത്രുവിനു വലിയ നാശമുണ്ടായെന്നും റഷ്യൻ പ്രതിരോധമന്ത്രാലയം പറയുന്നു. ഇതുവരെ 945 യുക്രെയ്ൻ ഭടന്മാരെ വധിച്ചെന്നും 12 ടാങ്കുകളടക്കം 102 കവചിത വാഹനങ്ങൾ നശിപ്പിച്ചെന്നും റഷ്യ ഇന്നലെ അറിയിച്ചു. ആയിരത്തോളം യുക്രെയ്ൻ ഭടന്മാരാണ് അതിർത്തി കടന്നെത്തിയതെന്നു റഷ്യ മുന്പ് അറിയിച്ചിരുന്നു.
കൂടുതൽ സൈനികർക്കൊപ്പം റോക്കറ്റ് ലോഞ്ചറുകളും പീരങ്കികളും മേഖലയിലേക്കു റഷ്യ അയച്ചു. യുദ്ധവിമാനങ്ങൾ നേരത്തെതന്നെ ആക്രമണത്തിൽ പങ്കെടുക്കുന്നുണ്ട്. ഇതിനിടെ, അതിർത്തിയിൽനിന്ന് 350 കിലോമീറ്റർ അകലെയുള്ള റഷ്യൻ പട്ടണമായ ലിപെറ്റ്സ്കിൽ യുക്രെയ്ൻ സേന ഡ്രോൺ ആക്രമണം നടത്തി. റഷ്യൻ സേനയുടെ ബോംബുകൾ ശേഖരിച്ച സ്ഥലത്തായിരുന്നു ആക്രമണമെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു. യുക്രെയ്നിലെ കോസ്റ്റ്യാൻടൈനിവ്ക പട്ടണത്തിൽ റഷ്യ നടത്തിയ പീരങ്കിയാക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. സൂപ്പർ മാർക്കറ്റിലായിരുന്നു ആക്രമണം.
Source link