KERALAMLATEST NEWS

ആഹ്ളാദത്തിൽ പാറാട്ട് വീട്

കിഴക്കമ്പലം: പാരീസിൽ കരിയറിലെ അവസാന ഹോക്കി മത്സരം തുടങ്ങുന്നതിന് മുമ്പ് പി.ആർ. ശ്രീജേഷിന്റെ പതിവ് വിളി മക്കളെത്തേടി എത്തിയിരുന്നു.

ഇന്ത്യൻ സമയം വൈകിട്ട് 4 മണിയോടെ വന്ന വിളിക്ക് മറുപടിയായി മകൾ അനുശ്രീ നൽകിയ ‘ഓൾ ദ ബെസ്റ്റി”ന് ഫ്ളയിംഗ് കിസ് തിരിച്ചു നൽകിയാണ് ശ്രീജേഷ് കളിക്കളത്തിലേക്ക് പോയത്.

”അച്ച പറഞ്ഞു നമ്മള് ജയിക്കുമെന്ന്…”” അഭിനന്ദനം അറിയിക്കാൻ പള്ളിക്കരയിലെ പാറാട്ട് വീട്ടിൽ എത്തിയവരോട് അനുശ്രീ പറഞ്ഞു. വെങ്കല മെഡലോടെ മകൻ കളിക്കളം വിടുന്നത് ഏറെ അഭിമാനമാണെന്ന് അമ്മ ഉഷയും അച്ഛൻ രവീന്ദ്രനും പറഞ്ഞു.

”അന്താരാഷ്ട്ര ഹോക്കിയിലെ എന്റെ അവസാന അദ്ധ്യായത്തിന്റെ പടിയിൽ നിൽക്കുമ്പോൾ ഹൃദയം നന്ദികൊണ്ട് വീർപ്പുമുട്ടുന്നു. എന്നിൽ വിശ്വസിച്ചതിന് നന്ദി…”” ശ്രീജേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകൾ അക്ഷരാർത്ഥത്തിൽ ഏറ്റെടുത്തത് നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമാണ്. പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തുമാണ് പാരീസിലെ വെങ്കലത്തെ നാട് ഏറ്റെടുത്തത്.

അവസാന കളിക്ക് ഭാര്യ അനീഷ്യയുടെ പേരെഴുതിയ സ്റ്റിക്കുമായാണ് ശ്രീജേഷ് കളത്തിൽ ഇറങ്ങിയത്. വീരോചിതമാകണം കളിയിൽ നിന്നുള്ള മടക്കം എന്നായിരുന്നു ഇതേക്കുറിച്ച് പ്രതികരിച്ചതെന്ന് അനീഷ്യ പറയുന്നു. വിരമിക്കൽ തീരുമാനം ശ്രീജേഷിന്റേതു മാത്രമാണെന്നും അദ്ദേഹത്തോടൊപ്പം നിൽക്കുമെന്നും അനീഷ്യ പറഞ്ഞു.

”10 ന് നാട്ടിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. അവന് വേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു ഇന്നലെ മുഴുവൻ. അത് ഫലം കണ്ടു,”” അമ്മ ഉഷ പറഞ്ഞു.

രാത്രി വൈകിയും പാറാട്ട് വീട്ടിൽ ആഘോഷം തുടരുകയായിരുന്നു.


Source link

Related Articles

Back to top button