31 വർഷങ്ങൾക്കുശേഷം അതേ ലുക്കിൽ ‘മണിച്ചിത്രത്താഴിലെ’ ശ്രീദേവി; മോഹൻലാൽ കണ്ടെത്തിയ ‘കഥാപാത്രം’
31 വർഷങ്ങൾക്കുശേഷം അതേ ലുക്കിൽ ‘മണിച്ചിത്രത്താഴിലെ’ ശ്രീദേവി; മോഹൻലാൽ കണ്ടെത്തിയ ‘കഥാപാത്രം’ | Vinaya Prasad Manichitrathazhu
31 വർഷങ്ങൾക്കുശേഷം അതേ ലുക്കിൽ ‘മണിച്ചിത്രത്താഴിലെ’ ശ്രീദേവി; മോഹൻലാൽ കണ്ടെത്തിയ ‘കഥാപാത്രം’
മനോരമ ലേഖകൻ
Published: August 09 , 2024 11:05 AM IST
3 minute Read
വിനയ പ്രസാദ്
‘മണിച്ചിത്രത്താഴ്’ സിനിമയിൽ അഭിനയിക്കാൻ അവസരം തേടി വന്നത് മോഹൻലാൽ വഴിയാണെന്ന് വെളിപ്പെടുത്തി നടി വിനയ പ്രസാദ്. ബെംഗളൂരിൽ വച്ചൊരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ മോഹന്‍ലാൽ തന്നെ കാണാനിടയായെന്നും അതിനുശേഷം ഫാസിലിനോട് തന്നെക്കുറിച്ച് പറയുകയുമായിരുന്നുവെന്ന് വിനയ പ്രസാദ് പറയുന്നു. കൊച്ചിയിലെ ഫോറം മാളിലെ പിവിആർ ഐനോക്സിൽ നടന്ന ‘മണിച്ചിത്രത്താഴ്’ ഫോർ കെ പതിപ്പ് പ്രിമിയറിനുശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നടി.
‘‘മൂന്ന് തലമുറയായി എല്ലാ മലയാളികളും കണ്ടുകൊണ്ടിരിക്കുന്ന ഒരു സിനിമയാണ് മൺചിത്രത്താഴ്. മണിച്ചിത്രത്താഴ് കാണാത്ത ഒരു മലയാളിയെയും നമുക്ക് എവിടെയും കാണാൻ സാധിക്കില്ല. എന്റെ ജീവിതത്തിൽ മണിച്ചിത്രത്താഴ് ഒരു പടം മാത്രമല്ല അത് വലിയൊരു സംഭവമായിരുന്നു. ഇന്ന് ഈ സിനിമയ്ക്ക് പുതുക്കിയ ഒരു വേർഷൻ ഉണ്ടായി. എല്ലാ സിനിമകളുടെയും പ്രിമിയർ ഷോ കാണുമ്പോൾ ഇത് സക്സസ് ആകുമോ നന്നായിരിക്കും എന്നൊരു ആശങ്ക എല്ലാവരിലും ഉണ്ടാകും. പക്ഷേ ഇത് അങ്ങനെയല്ല ഇത് എല്ലാ തരത്തിലും വിജയിച്ച സിനിമയാണ്. എത്ര വർഷങ്ങൾ എത്ര പ്രാവശ്യം കണ്ടാലും പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു സ്ഥിതിയിലേക്ക് പ്രേക്ഷകരെ എത്തിക്കുന്ന ഒരു അദ്ഭുതകരമായ സിനിമയാണ് മണിച്ചിത്രത്താഴ്.
ഈ പടത്തിന്റെ ഷൂട്ട് നടക്കുമ്പോൾ ഞാൻ ഫാസിൽ സാറിനോട് ചോദിക്കുമായിരുന്നു, ‘‘സർ എന്റെ കഥാപാത്രം എന്താണ്? എങ്ങനെയാണ്?’ എന്നൊക്കെ. കാരണം ചെറിയ ഭാഗങ്ങളായിട്ടാണ് ഷൂട്ട് ചെയ്യുന്നത് അപ്പൊ നമുക്കൊന്നും മനസ്സിലാകില്ല. ഇത്രയും സ്വാധീനം ചെലുത്തുന്ന ഒരു കഥാപാത്രമാണ് എന്ന് അന്ന് അറിയില്ലായിരുന്നു. ഇപ്പൊ 31 വർഷങ്ങൾക്ക് ശേഷം ഈ പടം കാണുമ്പോ ആദ്യം കണ്ടപ്പോഴുണ്ടായ രോമാഞ്ചം വീണ്ടും ഉണ്ടാവുകയാണ്. ഫോർ കെയിൽ ആണ് സിനിമ വന്നിരിക്കുന്നത്. മണിച്ചിത്രത്താഴ് എന്ന് എഴുതിയിരിക്കുന്നതിൽ പോലും പുതിയ കാലത്തെ സാങ്കേതിക തികവ് മനസ്സിലാകും. അപ്ഡേറ്റ് ചെയ്ത ഈ പതിപ്പ് പുതിയ തലമുറയെ കൂടുതൽ ആസ്വദിപ്പിക്കും എന്നാണു എന്റെ വിശ്വാസം.
മുപ്പതു വർഷം മുൻപുള്ള എന്നെ സ്‌ക്രീനിൽ കാണുമ്പോ സന്തോഷം തോന്നുന്നു. അടുത്തിടെ വേറൊരു പടത്തിന്റെ ഷൂട്ടിനു പോയപ്പോൾ എന്നെ ശ്രീദേവി എന്ന് ആളുകൾ വിളിക്കുന്നത് കേട്ടിട്ടുണ്ട്. ഇത്രയും സ്വീകാര്യതയും അംഗീകാരവും ആ പടത്തിനും കഥാപാത്രത്തിനും കിട്ടി എന്നത് ഞാൻ അപ്പോഴാണ് മനസ്സിലാക്കുന്നത്. അന്നത്തെ കാലത്ത് സമൂഹമാധ്യമങ്ങൾ ഒന്നും ഇല്ലല്ലോ. ശ്രീദേവി എന്ന് വിളിക്കുമ്പോ മഞ്ജു വാരിയർ എന്റെ ഒപ്പമുണ്ട്. മഞ്ജു എന്നോട് പറഞ്ഞു, ‘ചേച്ചീ ചേച്ചിയെ ആണ് വിളിക്കുന്നത്’. അപ്പോഴാണ് ഞാൻ തിരിഞ്ഞു നോക്കിയത്. ഈ കഥാപാത്രത്തിന്റെ പേര് ഇപ്പോഴും ആളുകൾ ഓർക്കുന്നു എന്നത് സന്തോഷമാണ്.
എവിടെ പോയാലും ഇപ്പോഴും ഒരു ശ്രീദേവി ആയി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നുണ്ടെങ്കിൽ അത് ഈ പടം തന്ന സ്വീകാര്യതയാണ്. ഇന്നും തിയറ്ററിൽ പടം കണ്ടപ്പോൾ അന്നത്തെ സന്തോഷം തന്നെയാണ് കിട്ടുന്നത്. ഫാസിൽ സാറിന്റെ വിഷനും മധു മുട്ടം സാറിന്റെ സ്ക്രിപ്റ്റിന്റെ ഭംഗിയും എം.ജി. രാധാകൃഷ്ണൻ സാറിന്റെ സംഗീതം, വേണുവിന്റെ ക്യാമറ എന്തൊക്കെയാണ് ഈ പടത്തെപ്പറ്റി പറയാനുള്ളത്. നമ്മുടെ പ്രിയപ്പെട്ട സംവിധായകർ സിബി മലയിൽ സാർ, പ്രിയൻ സാർ എന്നിവർ ഈ പടത്തിന്റെ പല സീനുകളും സംവിധാനം ചെയ്തിട്ടുണ്ട്. ഇങ്ങനെ എല്ലാവരും ഒരുമിച്ച് ഉണ്ടാക്കിയ ഒരു ആസ്വാദ്യകരമായ സദ്യയാണ് മണിച്ചിത്രത്താഴ്. ഇത് ഇന്ന് മാത്രമല്ല വരും തലമുറക്കും ഓർക്കാൻ പറ്റുന്ന ഒരു സിനിമയായി നിൽക്കും. അടുത്തിടെയും ഒരു കൊച്ചുകുട്ടി എന്നോട് ചോദിച്ചു മണിച്ചിത്രത്താഴിൽ അഭിനയിച്ച മാഡമല്ലേ എന്ന്. ഞാൻ അവളോട് ചോദിച്ചു നീ ആ പടം കണ്ടിട്ടുണ്ടോ. അവൾ പറഞ്ഞു, ‘കണ്ടിട്ടുണ്ടല്ലോ’. ഞാൻ ചോദിച്ചു നിനക്ക് പേടി തോന്നിയില്ലേ, അവൾ പറഞ്ഞു ഇല്ല സിനിമ നല്ല രസമായിരുന്നു. അപ്പൊ എല്ലാവരും സന്തോഷത്തോടെയാണ് ഈ പടം കാണുന്നത്.
മോഹൻലാൽ സാറിനോട് എനിക്ക് ഒരുപാട് നന്ദി പറയാനുണ്ട് . അദ്ദേഹം ഒരിക്കൽ ഒരു ഓണം പ്രോഗ്രാമിന് ചീഫ് ഗസ്റ്റ് ആയി ബെംഗളൂരില്‍ വന്നപ്പോൾ ഞാനും ഒരു ഗസ്റ്റ് ആയി അവിടെ പോയിരുന്നു. അന്ന് എന്റെ ആദ്യത്തെ കന്നഡ പടം റിലീസ് ചെയ്ത സമയമാണ്. അവിടെ എന്നെ കണ്ടിട്ടാണ് മോഹൻലാൽ സർ, ഫാസിൽ സാറിനോട് പറഞ്ഞത് ‘മണിച്ചിത്രത്താഴിലെ ശ്രീദേവി എന്ന കഥാപാത്രത്തിന് പറ്റിയ ഒരു സ്ത്രീയെ ഞാൻ കണ്ടിട്ടുണ്ട്’ എന്നാണ്. ഫാസിൽ സാർ പറഞ്ഞതാണ് ഇത്. അന്ന് മോഹൻലാൽ സാർ അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ ഈ പടത്തിൽ ഉണ്ടാകില്ലായിരുന്നു. ഈ പടവും ശ്രീദേവി എന്ന കഥാപാത്രവും എനിക്ക് തന്നതിന് മോഹൻലാൽ സാറിനോട് ഒരുപാട് നന്ദിയുണ്ട്.
തിലകൻ സാർ നന്നായി ഹിന്ദി സംസാരിക്കുമായിരുന്നു. ആ സമയത്ത് എനിക്ക് മലയാളം ഒരക്ഷരം പോലും പറയാൻ അറിയില്ലായിരുന്നു. കേട്ടാൽ മനസ്സിലാകും. അന്ന് തിലകൻ സാറാണ് ഹിന്ദിയിൽ എനിക്ക് എല്ലാം പറഞ്ഞു തന്നത്. നെടുമുടി സർ എനിക്ക് ഇംഗ്ലിഷിൽ ആണ് പറഞ്ഞു തന്നത്. പെരുന്തച്ചൻ എന്ന എന്റെ ആദ്യത്തെ മലയാളം സിനിമയിൽ നെടുമുടി സാറിന്റെ ഭാര്യയായി ഞാൻ അഭിനയിച്ചിട്ടുണ്ട്. മണിച്ചിത്രത്താഴിൽ മകൾ ആയാണ് അഭിനയിച്ചത്. തിലകൻ സാറും പെരുന്തച്ചനിൽ ഉണ്ടായിരുന്നു. അവരെയൊക്കെ ഇപ്പൊ ശരിക്കും മിസ് ചെയ്യുന്നുണ്ട്. അവരെ മാത്രമല്ല ഇന്നസന്റ് സർ, കുതിരവട്ടം പപ്പു സർ, ലളിത ചേച്ചി തുടങ്ങിയവയെല്ലാം മിസ് ചെയ്യുന്നു. ഓരോരുത്തരുടെയും ഓരോ എക്സ്പ്രക്ഷനും കാണാൻ എന്ത് ഭംഗിയാണ്. ഇനി പുതിയ സിനിമകളിൽ ഇവരെയൊക്കെ കാണാൻ പറ്റില്ലല്ലോ എന്ന വിഷമം തോന്നുന്നു. അവരുടെയെല്ലാം അഭിനയം ഞാൻ ആദ്യം കണ്ടപ്പോ ആസ്വദിച്ചപോലെ ഇന്നും ആസ്വദിച്ചു.’’–വിനയ പ്രസാദിന്റെ വാക്കുകൾ.
English Summary:
Vinaya Prasad About Manichitrathazhu
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-entertainment-common-malayalammovienews mo-entertainment-movie-fazil-director f3uk329jlig71d4nk9o6qq7b4-list 2n1fu5p8gb0ncpc2tivp2pr7p7
Source link