പാകിസ്ഥാനിൽ പിറന്ന സുമൈറയ്ക്കും മറിയമിനും ഇന്ത്യൻ പൗരത്വം, തലശേരി സ്വദേശികൾ
കൊച്ചി: പാകിസ്ഥാനിൽ ജനിച്ച സുമൈറ മറൂഫിനും മറിയം മറൂഫിനും ഇന്ത്യക്കാരായി കേരളത്തിൽ ജീവിക്കാം. ഇരുവർക്കും പൗരത്വം നൽകാൻ കേന്ദ്രസർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. വർഷങ്ങൾനീണ്ട അനിശ്ചിതത്വത്തിന് പരിഹാരമായി. പൗരത്വം ഉപേക്ഷിച്ചെന്ന പാകിസ്ഥാൻ സർക്കാരിന്റെ സർട്ടിഫിക്കറ്റ് ഇല്ലാതെതന്നെ ഇന്ത്യൻ പാസ്‌പോർട്ട് നൽകണമെന്നാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ ഉത്തരവ്.
പാകിസ്ഥാൻ പൗരത്വം ഉപേക്ഷിക്കുകയും ഇന്ത്യൻ പൗരത്വം കിട്ടാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഈ യുവതികളും മാതാവായ തലശേരി സ്വദേശി റഷീദ ബാനുവുമാണ് ഹൈക്കോടതിയെ സമീപിച്ചത്. റഷീദയുടെ ഭർത്താവ് മുഹമ്മദ് മറൂഫ് ജനിച്ചത് കണ്ണൂരിലാണെങ്കിലും ഒമ്പതാം വയസിൽ രക്ഷിതാക്കൾ മരിച്ചതോടെ 1977ൽ മുത്തശ്ശിയോടൊപ്പം പാകിസ്ഥാനിലേക്ക് കുടിയേറി. എന്നാൽ വിവാഹംകഴിച്ചത് തലശേരിയിലുള്ള അമ്മാവന്റെ മകൾ റഷീദ ബാനുവിനെയാണ്. അദ്ദേഹം ഇപ്പോൾ യു.എ.ഇയിൽ ജോലിചെയ്യുകയാണ്.
2008ൽ റഷീദയും മക്കളും കേന്ദ്രസർക്കാരിന്റെ അനുമതിയോടെ ഇന്ത്യയിലേക്ക് മടങ്ങി. നിശ്ചിതകാലം ഇന്ത്യയിൽ ജീവിക്കാൻ നൽകിയ അനുമതി പലതവണ പുതുക്കി നൽകി. തുടർന്ന് മക്കളുടെ പൗരത്വത്തിന് റഷീദ ബാനു അപേക്ഷ നൽകിയെങ്കിലും പാകിസ്ഥാൻ പൗരത്വം ഉപേക്ഷിച്ചെന്ന സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ അനുവദിച്ചില്ല. 21 വയസ് തികയുംമുമ്പ് പാകിസ്ഥാൻ പൗരത്വം ഉപേക്ഷിച്ചതിനാൽ സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്നായിരുന്നു പാകിസ്ഥാൻ എംബസിയുടെ വിശദീകരണം. എന്നാൽ ഇന്ത്യൻ പൗരത്വം നൽകുന്നതിൽ എതിർപ്പില്ലെന്ന സർട്ടിഫിക്കറ്റ് നൽകി. ഇതു പോരെന്ന് ഇന്ത്യൻ സർക്കാർ അറിയിച്ചതോടെ യുവതികൾക്ക് ഒരു പൗരത്വവും ഇല്ലാത്ത സ്ഥിതിയായി. ഈ സാഹചര്യത്തിലാണ് നിലവിലുള്ള രേഖകളുടെ അടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കാൻ കോടതി ഉത്തരവിട്ടത്.
Source link