ശ്രീജേഷിന്റെ കരുത്തിൽ ഇന്ത്യക്കു ഹോക്കി വെങ്കലം
പാരീസിൽനിന്ന് ആൽവിൻ ടോം കല്ലുപുര ചരിത്രം കുറിച്ച് മലയാളി ഹോക്കി സൂപ്പർ താരം പി.ആർ. ശ്രീജേഷ്. 2024 പാരീസ് ഒളിന്പിക്സിൽ ഇന്ത്യയെ പുരുഷ ഹോക്കിയിൽ വെങ്കല മെഡലിലെത്തിച്ച് ശ്രീജേഷ് മലയാളശ്രീയുയർത്തി. ഒളിന്പിക് വെങ്കല മെഡലിനായി നടന്ന പോരാട്ടത്തിൽ ഇന്ത്യ 2-1നു സ്പെയിനിനെ കീഴടക്കി. ഗോൾവലയ്ക്കു മുന്നിൽ ശ്രീജേഷ് നടത്തിയ മിന്നും പ്രകടനമാണ് ഇന്ത്യയെ വെങ്കലത്തിലെത്തിച്ചത്. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രമുള്ളപ്പോൾ ശ്രീജേഷ് നടത്തിയ അദ്ഭുത രക്ഷപ്പെടുത്തൽ പാരീസിൽ ത്രിവർണം പാറിച്ചു. 2020 ടോക്കിയോയിൽ നേടിയ വെങ്കലം പാരീസിലും നിലനിർത്താൻ ഇന്ത്യക്കു സാധിച്ചു. 1972നു ശേഷം ഇന്ത്യ ഒളിന്പിക് മെഡൽ നിലനിർത്തുന്നത് ഇതാദ്യം. ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗിന്റെ ഇരട്ടഗോളാണ് (30, 33 മിനിറ്റുകൾ) ഇന്ത്യയുടെ ജയത്തിൽ നിർണായകം. 18-ാം മിനിറ്റിൽ മാർക്ക് മിറാലെസിന്റെ ഗോളിലൂടെ സ്പെയിൻ ലീഡ് നേടിയശേഷമായിരുന്നു ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. പാരീസ് ഒളിന്പിക് പുരുഷ ഹോക്കിയിൽ ഹർമൻപ്രീത് സിംഗിന്റെ ഗോൾനേട്ടം ഇതോടെ പത്തായി. ടൂർണമെന്റിന്റെ ടോപ് സ്കോറർ സ്ഥാനത്തും ഇന്ത്യൻ ക്യാപ്റ്റനാണ്.
ബൈ ബൈ ശ്രീ… പാരീസ് ഒളിന്പിക്സോടെ ഹോക്കിയിൽനിന്നു വിരമിക്കുകയാണെന്ന് ശ്രീജേഷ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ഒളിന്പിക് വെങ്കലമെഡൽ നേട്ടത്തോടെ കരിയർ അവസാനിപ്പിക്കാൻ ഈ മലയാളി ഇതിഹാസത്തിനു സാധിച്ചെന്നത് അഭിമാനമായി. തുടർച്ചയായി രണ്ട് ഒളിന്പിക് മെഡൽ ശ്രീജേഷ് കഴുത്തിലണിഞ്ഞു. ഇതോടെ രണ്ട് ഒളിന്പിക് മെഡലുള്ള ആദ്യ മലയാളിയുമായി മുപ്പത്താറുകാരനായ ശ്രീജേഷ്. 2020 ടോക്കിയോ ഒളിന്പിക്സിൽ ഇന്ത്യ വെങ്കലം നേടിയതും ശ്രീജേഷിന്റെ ഗോൾവല കാക്കൽ മികവിലൂടെയായിരുന്നു. മാനുവൽ ഫ്രെഡറിക് മാത്രമാണ് ഒളിന്പിക് മെഡലുള്ള മറ്റൊരു മലയാളി. 1972 മ്യൂണിക് ഒളിന്പിക് ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പറായിരുന്നു മാനുവൽ ഫ്രെഡറിക്.
Source link