KERALAMLATEST NEWS

മകളെ അച്ഛൻ പീഡിപ്പിച്ചതായി അമ്മ നൽകിയ കേസ് ഹൈക്കോടതി റദ്ദാക്കി

□അച്ഛനെയാണ് കൂടുതൽ ഇഷ്ടമെന്ന് ബാലിക

□ പരാതിക്കാരിക്കെതിരെ കേസെടുക്കാൻ നി‌ർദ്ദേശം

കൊച്ചി: തിരുവനന്തപുരത്ത് മൂന്നു വയസുകാരിയെ പിതാവ് ലൈംഗികമായി ചൂഷണം ചെയ്തതായി അമ്മ നൽകിയ പരാതി വ്യാജമാണെന്നു കണ്ടെത്തിയ ഹൈക്കോടതി, പിതാവിനെതിരെ മംഗലപുരം പൊലീസ് ര‌ജിസ്റ്റർ ചെയ്ത കേസിൽ ആറ്റിങ്ങൽ ഫാസ്റ്റ്ട്രാക്ക് കോടതിയുടെ തുടർ നടപടികൾ റദ്ദാക്കി. അമ്മയ്‌ക്കെതിരെ കേസെടുക്കാനും ജസ്റ്റിസ് പി.വി. കുഞ്ഞി കൃഷ്ണൻ നിർദ്ദേശിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജിയിലാണ് നടപടി.

‘അച്ഛനെയും അമ്മയെയും ഇഷ്ടമാണെന്നും, അച്ഛനെയാണ് കൂടുതൽ ഇഷ്ട”മെന്നും മജിസ്ട്രേറ്റ് കോടതിയിൽ കുട്ടി നൽകിയ മൊഴി തന്നെ ശക്തമായ തെളിവാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വ്യാജ പരാതിയിൽ പിതാവിനുണ്ടായ മനോവിഷമം വ്യക്തമാക്കാൻ കൈതപ്രത്തിന്റെ ‘സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം…” എന്ന പാട്ടും ഉത്തരവിൽ ഉദ്ധരിച്ചിട്ടുണ്ട്. വിവാഹത്തർക്കങ്ങൾക്ക് ബലം കിട്ടാൻ കുട്ടികളെ ആയുധമാക്കുന്ന തെറ്റായ പ്രവണത വർദ്ധിക്കുന്നതായും കോടതി വിലയിരുത്തി.

2015ലാണ് കേസിനാസ്പദമായ സംഭവം. ജോലി സ്ഥലത്തു നിന്ന് വാരാന്ത്യത്തിൽ വീട്ടിലെത്തുന്ന ഭർത്താവ് മടങ്ങിയ ശേഷം മകൾ അസ്വാഭാവികമായി പെരുമാറുന്നത് താൻ ശ്രദ്ധിച്ചെന്നാണ് യുവതി പറയുന്നത്. ഭർത്താവ് കുട്ടിയെ ഉപദ്രവിക്കുന്നത് ഒരിക്കൽ മറഞ്ഞു നിന്ന് കണ്ടതോടെ തന്റെ മാതാപിതാക്കളെ അറിയിക്കുകയും ചോദ്യം ചെയ്യുകയുമുണ്ടായി. തട്ടിക്കയറിയ ഭർത്താവ് വിവാഹമോചന ഭീഷണിയുമായി വീട്ടിൽ നിന്നിറങ്ങി. പിന്നീട് ഭാര്യയെയും മകളെയും കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി. സ്റ്റേഷനിൽ വിളിപ്പിച്ചപ്പോഴാണ് കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് യുവതി ഭർത്താവിനെതിരേ പരാതി നൽകിയത്.

വൈരുദ്ധ്യങ്ങൾ അക്കമിട്ട്

നിരത്തി ഹൈക്കോടതി

പീഡനം നേരിട്ട് കണ്ടെന്ന് പറഞ്ഞപ്പോഴും അമ്മ പരാതി നൽകിയിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മൂന്നു മാസത്തിന് ശേഷം ഭർത്താവ് പൊലീസിനെ സമീപിച്ചപ്പോൾ മാത്രമാണ് പരാതി നൽകിയത്. കുട്ടിയെ അണുബാധ കാരണം ഗൈനക്കോളജിസ്റ്റിനെ കാണിച്ചെന്ന് പറഞ്ഞെങ്കിലും ഡോക്ടറുടെ പേരു വെളിപ്പെടുത്താൻ തയ്യാറായില്ല. കുട്ടിയുടെ ദേഹത്ത് പരിക്കുകളില്ലെന്ന് മെഡിക്കൽ റിപ്പോർട്ടും സ്രവ സാന്നിദ്ധ്യമില്ലെന്ന് രാസപരിശോധനാ റിപ്പോർട്ടുമുണ്ട്. പരാതിക്കാരിയുടെയും കുടുംബത്തിന്റെയും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും, പറ‌ഞ്ഞു പഠിപ്പിച്ച കാര്യങ്ങളാണ് കുട്ടി പറയുന്നതെന്നും ചൈൽഡ് ലൈനും റിപ്പോർട്ട് ചെയ്തു.

വിചാരണക്കോടതിയിൽ നൽകിയ മൊഴിയിൽ അച്ഛനെയാണ് കൂടുതൽ ഇഷ്ടമെന്ന് കുട്ടി പറയുന്നുണ്ട്. കുട്ടിയെ വിട്ടുകൊടുക്കേണ്ടിവരുമെന്ന് ഭയന്നാകണം വ്യാജ പരാതി സൃഷ്ടിച്ചത്. ഹീനമായ ആരോപണങ്ങളുന്നയിച്ച യുവതിയുടെ പേര് പൊതുസമൂഹം അറിയേണ്ടതാണെങ്കിലും കുട്ടിയുടെ സ്വകാര്യത മാനിച്ച് അതിന് മുതിരുന്നില്ലെന്നും ഉത്തരവിൽ പറയുന്നു. പോക്സോ കേസുകളിലെ പരാതികൾ വ്യാജമാണെന്നു ബോദ്ധ്യപ്പെട്ടാൽ അതുന്നയിച്ചവ‌ർക്കെതിരേ കേസെടുക്കാൻ വിചാരണക്കോടതികൾ പൊലീസിനോട് നിർദ്ദേശിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.


Source link

Related Articles

Back to top button