ഫോഗട്ടിന്റെ അപ്പീലിൽ വാദം ഇന്ന്

പാരീസ്: വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയുടെ ഫൈനലിനു മുന്പ് അനുവദനീയമായതിലും ഭാരം കൂടിയതിന് അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ട് അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതിയിൽ അപ്പീൽ നൽകി. വിനേഷിന്റെ അപ്പീൽ കോടതി സ്വീകരിച്ചു. വാദം ഇന്നു നടക്കും. വെള്ളി മെഡൽ പങ്കുവയ്ക്കണമെന്നാണ് താരം നല്കിയ അപ്പീലിൽ പറയുന്നത്. രണ്ടു കാര്യങ്ങൾ ഉദ്ധരിച്ചാണ് വിനേഷ് അപ്പീൽ നൽകിയതെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ആദ്യത്തേത് ഒരിക്കൽക്കൂടി ഭാര പരിശോധനയ്ക്കു തന്നെ അനുവദിക്കണമെന്നായിരുന്നു. എന്നാൽ, ഫൈനൽ മത്സരം നടന്നു കഴിഞ്ഞതിനായിൽ കോടതി ഇതു തള്ളി. രണ്ടാമത്തേതിലാണ് വെള്ളി മെഡൽ പങ്കുവയ്ക്കണമെന്ന് അപ്പീലിലുള്ളത്. സെമി വരെ അനുവദിച്ച തൂക്കത്തിലാണ് മത്സരിച്ചതെന്നാണ് അപ്പീലിൽ പറയുന്നത്. വിനേഷിന്റെ ഫൈനൽ പ്രവേശനത്തിലൂടെ ഇന്ത്യ മെഡൽ ഉറപ്പിച്ചിരിക്കേയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് അനുവദനീയമായതിലും 100 ഗ്രാം ഭാരം കൂടിയതിനെത്തുടർന്ന് അയോഗ്യയാക്കിയത്.
വിരമിക്കൽ പ്രഖ്യാപിച്ച് ഫോഗട്ട് ഒളിന്പിക്സിൽനിന്ന് അയോഗ്യയാക്കപ്പെട്ടതിനു പിന്നാലെ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. “ഗുസ്തി ജയിച്ചു, ഞാൻ തോറ്റു, എന്നോട് ക്ഷമിക്കൂ. നിങ്ങളുടെ സ്വപ്നവും എന്റെ ധൈര്യവും തകർന്നിരിക്കുന്നു. എനിക്ക് ഇപ്പോൾ കൂടുതൽ ശക്തിയില്ല’’ എന്നാണ് സമൂഹ മാധ്യമത്തിൽ പങ്കിട്ട വിരമിക്കൽ പോസ്റ്റിൽ വിനേഷ് ഫോഗട്ട് കുറിച്ചിരിക്കുന്നത്. 50 കിലോഗ്രാം വനിതാ ഫ്രീസ്റ്റൈൽ ഗുസ്തി ഫൈനലിനു തൊട്ടുമുൻപ് ശരീരഭാരം 100 ഗ്രാം കൂടുതലാണെന്നു പറഞ്ഞാണ് മത്സരത്തിൽനിന്നു വിലക്കിയത്.
Source link