പാരീസ്: 2024 ഒളിന്പിക്സിലും ഇന്ത്യൻ പുരുഷ ഹോക്കി ടീം വെങ്കലമെഡൽ നിലനിർത്തി. വെങ്കലത്തിനായുള്ള ആവേശകരമായ പോരാട്ടത്തിൽ ഇന്ത്യ 2-1ന് സ്പെയിനിനെ തോൽപ്പിച്ചു. മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷിന്റെ പ്രകടനമാണ് ഇന്ത്യക്കു വിജയം സമ്മാനിച്ചത്. ഒളിന്പിക്സോടെ വിരമിക്കുന്ന ശ്രീജേഷ് ഗോൾ വലയ്ക്കു മുന്നിൽ അസാമാന്യപ്രകടനമാണ് നടത്തിയത്. ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗാണ് ഇന്ത്യയുടെ രണ്ടു ഗോളും നേടിയത്. 52 വർഷത്തിനുശേഷം 52 വർഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യ ഹോക്കിയിൽ തുടർച്ചയായി മെഡൽ നേടുന്നത്. മൂന്നു വർഷം മുന്പ് നടന്ന 2020 ടോക്കിയോ ഒളിന്പിക്സിലും ഇന്ത്യ വെങ്കലം നേടി. 1948 ലണ്ടൻ ഒളിന്പിക്സ് മുതൽ 1972 മ്യൂണിക് ഒളിന്പിക്സ് വരെ തുടച്ചയായ ഏഴ് ഒളിന്പിക്സിൽ ഇന്ത്യ മെഡൽ നേടി. ഇതിനു മുന്പ് 1928 ആംസ്റ്റർഡാം ഒളിന്പിക്സ് മുതൽ 1936 ഒളിന്പിക്സ് വരെ തുടർച്ചയായി ഹാട്രിക് സ്വർണമെഡൽ നേട്ടം കൈവരിച്ചു. ഒളിന്പിക് ഹോക്കിയിൽ എട്ട് സ്വർണം, ഒരു വെള്ളി, നാലു വെങ്കലം എന്നിങ്ങനെ 13 മെഡലുകളുമായി ഏറ്റവും കൂടുതൽ മെഡൽ നേടിയ രാജ്യമെന്ന റിക്കാർഡ് ഇന്ത്യ ഉയർത്തി. ഓസ്ട്രേലിയയാണ് (10) രണ്ടാമത്. ഹർമൻപ്രീത്, ശ്രീജേഷ് മത്സരത്തിന്റെ ആദ്യ രണ്ടു ക്വാർട്ടറിലും ഇരു ടീമിന്റെയും പ്രകടനം ഒരേ പോലെയായിരുന്നു. ആദ്യ ക്വാർട്ടറിൽ ഗോൾരഹിതമായി. ഒന്പതാം മിനിറ്റിൽ സ്പെയിനിന്റെ ശ്രമം ശ്രീജേഷ് രക്ഷപ്പെടുത്തി. രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽ പെനാൽറ്റി സ്ട്രോക്കിലൂടെ മാർക് മിറാലസ് സ്പെയിനിനെ മുന്നിലെത്തിച്ചു. തിരിച്ചടിക്കാനുള്ള അവസരം ഇന്ത്യ നഷ്ടമാക്കി. ആദ്യപകുതി തീരാൻ രണ്ടു മിനിറ്റുള്ളപ്പോഴാണ് ഇന്ത്യ മത്സരത്തിലെ ആദ്യ പെനാൽറ്റി കോർണർ നേടുന്നത്. ആദ്യ പകുതി തീരാൻ 20 സെക്കൻഡുകൾ കൂടിയുള്ളപ്പോൾ പെനാൽറ്റി കോർണർ നേടിയ ഇന്ത്യക്ക് ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ് സമനില നൽകി. 33-ാം മിനിറ്റിൽ ക്യാപ്റ്റൻ ഇന്ത്യക്ക് ലീഡ് നൽകി. ഈ ഗോളും പെനാൽറ്റി കോർണറിന്റെ തുടർച്ചയായിരുന്നു.
ഹർമൻപ്രീത് സിംഗ് പാരീസ് ഒളിന്പിക്സിൽ നേടുന്ന പതിനൊന്നാമത്തെ ഗോളാണ്. ലീഡ് നേടിയതോടെ ഇന്ത്യ മത്സരത്തിൽ ആധിപത്യം പുലർത്തി. എന്നാൽ, മറുവശത്ത് സമനിലയ്ക്കായി സ്പെയിൻ ആക്രമിച്ചുകൊണ്ടിരുന്നു. 40-ാം മിനിറ്റിൽ സ്പെയിൻ വലകുലുക്കിയെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല. അവസാന ക്വാർട്ടറിന്റെ തുടക്കത്തിൽ ലീഡ് ഉയർത്താനുള്ള സുവർണാവസരം സുഖ്ജീത് സിംഗ് നഷ്ടമാക്കി. 53-ാം മിനിറ്റിൽ സുഖ്ജീത് ഗ്രീൻകാർഡ് കണ്ടതോടെ അടുത്ത രണ്ടു മിനിറ്റ് ഇന്ത്യക്കു പത്തുപേരായി കളിക്കേണ്ടിവന്നു. 57-ാം മിനിറ്റിൽ ആക്രമണം ശക്തമാക്കി സമനിലയെന്ന ഉദ്ദേശ്യത്തോടെ സ്പെയിൻ ഗോൾകീപ്പറെ പിൻവലിച്ച് പകരമൊരു ഒൗട്ട്ഫീൽഡ് കളിക്കാരനെ ഇറക്കി. അവസാന മിനിറ്റുകളിൽ തുടർച്ചയായി പെനാൽറ്റി കോർണറുകൾ നേടി സ്പെയിൻ ഭീഷണി ഉയർത്തിക്കൊണ്ടിരുന്നു. എന്നാൽ, ഉറച്ചുനിന്ന ശ്രീജേഷ് ഇന്ത്യയുടെ രക്ഷകനായി. 59-ാം മിനിറ്റിൽ സ്പെയിനിന്റെ ശ്രമം മലയാളി ഗോൾകീപ്പറുടെ പാഡിൽ തട്ടിത്തെറിച്ചു. കളി തീരാൻ 60 സെക്കൻഡുള്ളപ്പോൾ സ്പെയിനിനു ലഭിച്ച പെനാൽറ്റി കോർണറും ശ്രീജേഷ് തട്ടിയകറ്റി. ഗ്രൂപ്പ് ബിയിൽ ശക്തരായ ഓസ്ട്രേലിയ, ബെൽജിയം ടീമുകൾക്കൊപ്പം ഉൾപ്പെട്ട ഇന്ത്യ അഞ്ചു കളിയിൽ മൂന്നു ജയം, ഒരു സമനില, ഒരു തോൽവി എന്നിങ്ങനെ പത്തുപോയിന്റുമായാണ് ക്വാർട്ടറിലെത്തിയത്. ക്വാർട്ടറിൽ ബ്രിട്ടനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് സെമിയിലെത്തിയത്. സെമിയിൽ ജർമനിയോട് തോറ്റു.
Source link