കൂട്ടുകെട്ടിലും ഒറ്റയ്ക്കും പടുത്തെടുത്ത വിജയകിരീടം; ഓർമകളിൽ സിദ്ദീഖ്

കൂട്ടുകെട്ടിലും ഒറ്റയ്ക്കും പടുത്തെടുത്ത വിജയകിരീടം; ഓർമകളിൽ സിദ്ദീഖ് | Siddique First Death Anniversary

കൂട്ടുകെട്ടിലും ഒറ്റയ്ക്കും പടുത്തെടുത്ത വിജയകിരീടം; ഓർമകളിൽ സിദ്ദീഖ്

മനോരമ ലേഖകൻ

Published: August 08 , 2024 09:05 AM IST

2 minute Read

സംവിധായകൻ സിദ്ദീഖ് ഓർമയായിട്ട് ഒരു വർഷം

ചിത്രത്തിനു കടപ്പാട്: www.youtube.com/@sanvivo5370

പതിഞ്ഞ ശബ്ദത്തില്‍ ചെറുപുഞ്ചിരിയോടെ വലിയ പൊട്ടിച്ചിരികള്‍ സമ്മാനിച്ച സംവിധായകന്‍. ആ സിനിമകള്‍ ഹാസ്യം മാത്രമായിരുന്നില്ല. ജീവിതത്തിന്റെ വൈകാരികതയും ഗൗരവമുമൊക്കെ അതില്‍ സമ്മേളിച്ചു. സിദ്ദീഖ് എന്ന സംവിധായകനെ കാലം ഓര്‍ത്തെടുക്കുന്നതും അങ്ങനെ തന്നെയായിരിക്കും. മൂന്നു പതിറ്റാണ്ടിലേറെ നീണ്ടു നില്‍ക്കുന്ന സിനിമാ ജീവിതത്തില്‍ സംവിധാനം ചെയ്ത സിനിമകളുടെ എണ്ണം കുറവെങ്കിലും അവയൊക്കെയും മലയാളികളുടെ ഹൃദയത്തില്‍ ഇടം പിടിച്ചു. അന്യഭാഷാ സിനിമകള്‍ ഒരുക്കിയപ്പോഴും സിദ്ദീഖിന് പിഴച്ചില്ല. തമിഴിലും ഹിന്ദിയിലും മികച്ച സംവിധായകനെന്ന പേരെടുത്തു. 
ലാലിനൊപ്പവും അല്ലാതെയും ഒരുക്കിയ ചിത്രങ്ങളില്‍ ഭൂരിപക്ഷവും മലയാളത്തിലെ സൂപ്പര്‍ ഹിറ്റുകളായി മാറി. കലാഭവനില്‍ നിന്നും പകര്‍ന്നുകിട്ടിയ തമാശയുടെ കൂട്ട് തന്റെ സിനിമകളുടെയൊക്കെ രുചിയാക്കി. സിദ്ദീഖിന്റെ സിനിമകള്‍ പ്രേക്ഷകര്‍ക്ക് എക്കാലവും പ്രതീക്ഷയ്തക്കുള്ള വക നല്‍കി. പ്രത്യേകിച്ച് കുടുംബ പ്രേക്ഷകര്‍ക്ക്. തമാശ കലര്‍ത്തി പറയുമ്പോഴും സിദ്ദീഖ് സിനിമകളിലെ കഥാപാത്രങ്ങള്‍ കാലത്തെയും അതിജീവിച്ചു. നാട്ടിന്‍പുറത്തെ പരിചയക്കാരെപ്പോലെ മലയാളികള്‍ ഇന്നും അവരെ ഓര്‍ത്തെടുക്കും. പൊട്ടിച്ചിരിയുടെ അങ്ങേതലത്തിലേക്ക് നമ്മെ കൊണ്ടുപോയ ആ സിനിമകളൊക്കെ നമ്മോട് പറഞ്ഞത് ആസ്വാദനത്തിന് സിനിമയിലും നല്ലൊരു മാധ്യമമില്ലെന്നാണ്.

മലയാള സിനിമയുടെ പരിണാമത്തില്‍ നിര്‍ണായകമായ എണ്‍പതുകളുടെ അവസാനം. സിനിമ അതിന്റെ പുതുവഴികള്‍ തേടുന്ന കാലം. ചിരിപ്പടങ്ങളില്‍ പുത്തന്‍ ഫോര്‍മുലയുമായി അക്കാലത്ത് കടന്നെത്തിയ സിദ്ദീഖ്–ലാല്‍ കൂട്ടുകെട്ട് പ്രേക്ഷകരെ കുറച്ചൊന്നുമല്ല വിസ്മയിപ്പിച്ചത്. കോമഡി എവിടെയൊക്കെ ചേര്‍ക്കാമോ അവിടെയൊക്കെ അതിന്റെ സാധ്യതകളെ അവര്‍ കണ്ടെത്തി. സന്ദര്‍ഭം, സംഭാഷണം, സംഗീതം എന്നുവേണ്ട സര്‍വത്ര ചിരിമയം. അപ്പോഴും ആ സിനിമകള്‍ കോമഡി പടങ്ങളായി മാത്രം പ്രേക്ഷകര്‍ കണ്ടില്ല എന്ന സവിശേഷതയും സിദ്ദീഖ്–ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങള്‍ക്കുണ്ട്. റാംജിറാവു സ്പീക്കിങ്ങില്‍ തുടങ്ങിവെച്ച പൊട്ടിച്ചിരി, ഇന്‍ ഹരിഹര്‍ നഗറിലൂടെ വേറെ ലെവലിലെത്തി. ഗോഡ്ഫാദര്‍ മലയാളത്തിന്റെ സര്‍വകാല റെക്കോര്‍ഡുകളും ഭേദിച്ചു. വിയറ്റ്‌നാം കോളനിയിലേക്ക് എത്തിയപ്പോഴേക്കും സിദ്ദീഖ്–ലാല്‍ ചിത്രങ്ങള്‍ പ്രേക്ഷകരെ ഇളക്കി മറിച്ചു. കാബൂളിവാല ഈ കൂട്ടുകെട്ടിലെ അവസാനചിത്രമെങ്കിലും പ്രേക്ഷകരെ ആര്‍ദ്രമാക്കി.

സിദ്ദീഖ് എന്ന സംവിധായകന്റെ കരിയറിലെ ഒറ്റയ്ക്കുള്ള യാത്രകളുടെ തുടക്കമായിരുന്നു ‘ഹിറ്റ്‌ലര്‍’. മമ്മൂട്ടിയെന്ന നായകന്റെ കുടുംബപരിവേഷവും അതിലേക്ക് തമാശയുമൊക്കെ കലര്‍ത്തി ഹിറ്റ്‌ലര്‍ അതുവരെയുള്ള മമ്മൂട്ടി ചിത്രങ്ങളില്‍ നിന്നും വേറിട്ടുനിന്നു. ഒറ്റയ്ക്കുള്ള യാത്രയില്‍ സിദ്ദീഖ് ഒട്ടും പിന്നിലായില്ല എന്ന് ചിത്രത്തിന്റെ ബോക്‌സ്ഓഫിസ് വിജയം തെളിയിച്ചു. പൊട്ടിച്ചിരിയുടെ രാജകീയഭാവമായിരുന്നു പിന്നീട് വന്ന ഫ്രണ്ട്‌സിന്. തുടക്കം മുതല്‍ അനുവര്‍ത്തിച്ചുപോന്ന ഫോര്‍മുലയ്ക്ക് സിദ്ദീഖ് മാറ്റം വരുത്തിയില്ല. ഹിറ്റ്‌ലറിലെന്നപോലെ മമ്മൂട്ടിയുടെ താരപരിവേഷം ഉപയോഗിച്ച് തമാശയ്ക്ക് ലവലേശം കുറവില്ലാതെ ഒരുക്കിയ ക്രോണിക്ക് ബാച്ചിലര്‍ ഇന്നും മലയാളിയുടെ ഫാമിലി ഹിറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. തമാശപ്പടങ്ങളില്‍ നിറഞ്ഞു നിന്ന ദിലീപിന്റെ സിനിമാ ജീവിതത്തിലെ വ്യത്യസ്തമായ പ്രകടനമായിരുന്നു ബോഡി ഗാര്‍ഡ്. ദിലീപിന്റെ തമാശയ്‌ക്കൊപ്പം കാര്യവും ഇടകലര്‍ന്നപ്പോള്‍ മലയാളത്തിലെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായി ചിത്രം മാറി.

ലേഡിസ് ആന്‍ഡ് ജെന്റില്‍മാന്‍ തിയറ്ററില്‍ കാര്യമായ ചലനങ്ങളുണ്ടാക്കിയില്ലെങ്കിലും പ്രേക്ഷകരെ നിരാശരാക്കിയില്ല ഭാസ്‌ക്കര്‍ ദ് റാസ്‌ക്കല്‍, ഫുക്രി, ബിഗ് ബ്രദര്‍ എന്നി അവസാനകാല ചിത്രങ്ങളില്‍ സിദ്ദീഖ് എന്ന സംവിധായകന്റെ ഭാവമാറ്റങ്ങളും കാണാം. സിനിമയിലെ പുതുസങ്കേതങ്ങള്‍ക്കൊപ്പം നിന്ന് സിദ്ദീഖ് മാറുന്ന സിനിമകള്‍ക്കൊപ്പം സഞ്ചരിക്കാന്‍ ശ്രമിച്ചു.
അന്യഭാഷകളിലേക്ക് എത്തിയപ്പോഴും സിദ്ദീഖ് സിനിമകള്‍ പിഴച്ചില്ല. ഫ്രണ്ട്‌സ്, എങ്കള്‍ അണ്ണ, ബോഡി ഗാര്‍ഡ്, കാവലന്‍ എന്നി ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായി. ഹിന്ദിയിൽ സൽമാന്‍ നായകനായ ബോഡി ഗാർഡും ബോക്സ്ഓഫിസിൽ ചരിത്രമായി.

English Summary:
Siddique First Death Anniversary

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-directorsiddique 65gbv45mv332m73iahnngl025k f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link
Exit mobile version