KERALAMLATEST NEWS

നിരക്ക് പരിഷ്ക്കരിക്കാൻ അപേക്ഷ, വൈദ്യുതിക്ക് 30.19 പൈസ കൂട്ടാൻ കെ.എസ്.ഇ.ബി

തിരുവനന്തപുരം:പ്രവർത്തന നഷ്ടം 2613കോടിയാകുന്ന സാഹചര്യത്തിൽ മൂന്ന് വർഷത്തേക്ക് വൈദ്യുതി നിരക്കിൽ വൻ വർദ്ധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി. സംസ്ഥാന റെഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകി.

ഇക്കൊല്ലം 30.19 പൈസയും അടുത്ത വർഷം 19.50 പൈസയും പിന്നത്തെ വർഷം 1.8 പൈസയും യൂണിറ്റിന് കൂട്ടണമെന്നാണാവശ്യം. ജനുവരി – മേയിൽ യൂണിറ്റിന് 10പൈസ വേനൽക്കാല അധികനിരക്കും ആവശ്യപ്പെടുന്നു. ഇത് വേനൽക്കാലത്ത് നിരക്ക് കുത്തനെ ഉയർത്തും. വേനൽക്കാലത്തെ അമിത ഉപഭോഗം നിയന്ത്രിക്കാനെന്ന പേരിലാണിത്. വൻ വരുമാന വർദ്ധനയാണ് ലക്ഷ്യം. രാത്രികാല വൈദ്യുതിക്കും കൂടുതൽ നിരക്കും ആവശ്യപ്പെടുന്നുണ്ട്. വേനൽക്കാല, രാത്രികാല അധികനിരക്കും പൊതുവായ വർദ്ധനയും ചേർത്ത് വേനൽക്കാലത്ത് വൻ വർദ്ധനയുണ്ടാവും.

പുരപ്പുറ സോളാറിലും കൊള്ള

പുരപ്പുറ സോളാർ ഉപഭോക്താക്കളുടെ താരിഫ് പരിഷ്ക്കാരവും ആവശ്യപ്പെട്ടിട്ടുണ്ട്. പകൽ ഗ്രിഡിലേക്ക് നൽകുന്ന സോളാർ വൈദ്യുതിക്ക് തുല്യമായി രാത്രിയിൽ ഗ്രിഡിൽ നിന്ന് വൈദ്യുതി നൽകുന്ന രീതിയാണിപ്പോൾ. അതിന് പകരം പകൽ ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിയുടെ 80%ത്തിൽ താഴെ മാത്രം രാത്രി പകരം നൽകിയാൽ മതിയെന്നാണ് നിർദ്ദേശം. പകൽ ഗ്രിഡലേക്ക് നൽകുന്ന വൈദ്യുതിക്ക് വെറും മൂന്നേകാൽ രൂപയാണ് യൂണിറ്റ് നിരക്ക്. രാത്രി തിരിച്ചു നൽകുന്ന വൈദ്യുതിക്ക് എട്ടര രൂപയോളം വിലയുണ്ടെന്നാണ് കെ.എസ്.ഇ.ബിയുടെ ന്യായം.

നഷ്‌ടക്കണക്ക്

2024-25ൽ 3020.3കോടി

2025-26ൽ 2837.26കോടി

2026-27ൽ 2882.09കോടി

നിരക്ക് കൂട്ടിയാൽ അധിക വരുമാനം

2024-25ൽ 812.16കോടി

2025-26ൽ 549.10കോടി

2026-27ൽ 53.82കോടി

പെൻഷൻ വിതരണത്തിനുള്ള മാസ്റ്റർ ട്രസ്റ്റിലേക്കുള്ള വിഹിതമായി 400കോടി രൂപയും ഉൾപ്പെടുത്തിയാണ് ഇത്തവണ പ്രവർത്തന നഷ്ടം. മാസ്റ്റർ ട്രസ്റ്റ് കൈകാര്യം ചെയ്യുന്നതിൽ കെ.എസ്.ഇ.ബി.ക്കുണ്ടായ വീഴ്ച മൂലമാണ് ഇൗ നഷ്ടമുണ്ടായത്. അതിന്റെ ബാധ്യതയും ഉപഭോക്താക്കളിൽ ചുമത്തുകയാണ് താരിഫ് പരിഷ്ക്കരണ അപേക്ഷയിൽ.

നിരക്ക് വർദ്ധിപ്പിക്കും മുമ്പ് റെഗുലേറ്ററി കമ്മിഷൻ കാര്യകാരണ വിശകലനവും ജനങ്ങളിൽ നിന്ന് പരസ്യ തെളിവെടുപ്പും നടത്തും. അതിന് ശേഷമാവും താരിഫ് പരിഷ്ക്കരണ പ്രഖ്യാപനം.കഴിഞ്ഞ വർഷം നവംബർ ഒന്നിനാണ് സംസ്ഥാനത്ത് താരിഫ് വർദ്ധിപ്പിച്ചത്. അതിന്റെ കാലാവധി ഇൗ വർഷം ജൂൺ 30ന് അവസാനിച്ചതോടെയാണ് പുതിയ അപേക്ഷ സമർപ്പിച്ചത്.


Source link

Related Articles

Back to top button