CINEMA

റജിസ്റ്റർ ചെയ്തപ്പോൾ ഒളിച്ചോടിയതാണോ എന്നായിരുന്നു ചിലരുടെ സംശയം: ഹക്കീം–സന അഭിമുഖം


പ്രണയകഥ തുറന്നു പറഞ്ഞ് ഹക്കീം ഷാജഹാനും സന അൽത്താഫും. അയൽക്കാരായിരുന്ന തങ്ങൾ ആകസ്മികമായി പരിചയപ്പെടുകയും അത് പിന്നീട് പ്രണയത്തിലേക്കു മാറുകയുമായിരുന്നുവെന്ന് ഇരുവരും പറയുന്നു. വനിതയ്ക്കു നൽകിയ അഭിമുഖത്തിലാണ് പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഇവർ തുറന്നു സംസാരിച്ചത്.
എവിടെവച്ചാണ് പരിചയപ്പെട്ടത്?

സന: ഞങ്ങൾ പരിചയപ്പെടുന്നത് ആക്ട്‌ലാബ് വഴിയാണ്. ഹക്കിം കുറെ നാള്‍ ആക്ട്‌ലാബിൽ ഉണ്ടായിരുന്നു. ഞാൻ തമിഴ് സിനിമ ചെയ്യുന്നതിന് മുമ്പ് ആക്ടിങ് ട്രെയിനിങിന് ആക്ട്‌ലാബിനെ സമീപിച്ചിരുന്നു. അപ്പോൾ സജീവ് സാറിന്റെ കൂടെ എന്നെ ആക്ടിങ് പഠിപ്പിക്കാൻ വന്ന ആളാണ് ഹക്കിം. അങ്ങനെ ഞങ്ങൾ പരിചയപ്പെട്ടു അത് കുറെ വർഷം മുൻപായിരുന്നു. അങ്ങനെ എനിക്ക് ഹക്കീമിനെ കുറെ വർഷമായിട്ട് അറിയാം. പക്ഷേ സൗഹൃദം ഒന്നും ഉണ്ടായിരുന്നില്ല. പിന്നെ ഞാൻ ആക്ട് ലാബിൽ വീക്കെൻഡ് ക്ലാസ്സ്  പോകുമായിരുന്നു. ആക്ട് ലാബിൽ നാടകങ്ങൾ ഉള്ളപ്പോൾ ആൾക്കാരെ കാണാൻ വിളിക്കും അങ്ങനെ ഞാൻ ഓഡിയൻസ് ആയി പോയപ്പോൾ ഹക്കീമിന്റെ നാടകം കണ്ടിട്ടുണ്ട്.  ഒരു നാടകനടൻ എന്ന നിലയിലാണ് പരിചയപ്പെട്ടത്, അന്ന് ഹക്കിം സിനിമ ചെയ്യുമെന്ന് എനിക്കറിയില്ല. പക്ഷേ ഞാൻ ആ സമയത്ത് സിനിമകൾ ചെയ്യുന്നുണ്ടായിരുന്നു.

സൗഹൃദം എങ്ങനെ പ്രണയമായി?
ഹക്കിം: ഞാൻ താമസിക്കുന്ന ഫ്ലാറ്റിന്റെ അടുത്ത് ആയിരുന്നു സനയുടെ ഫ്ലാറ്റ്. പരിചയപ്പെട്ടു എങ്കിലും ഒരു കോൺടാക്ട് ഉണ്ടായിരുന്നില്ല. കോവിഡ് സമയത്ത് ഞാനും ഹക്കീമും വീട്ടിലായിരുന്നു. അങ്ങനെ ഞങ്ങൾ ലിഫ്റ്റിൽ വച്ച് കാണുമ്പോൾ ഒക്കെ വീണ്ടും സൗഹൃദം പുതുക്കി. പിന്നീട് തുടരെ തുടരെ കാണാൻ തുടങ്ങിയപ്പോൾ കൂടുതൽ അടുത്ത് പെട്ടെന്ന് തന്നെ പ്രണയമായി മാറി. 2020ൽ ആയിരുന്നു അത്. ആദ്യത്തെ ലോക്ഡൗൺ സമയത്ത്. രണ്ടുപേരും ബോറടിച്ചു വീട്ടിലിരിക്കുകയാണ്. എന്നാൽ പിന്നെ ഒരു പ്രണയമാകട്ടെ എന്ന് കരുതി.

ആരാണ് ആദ്യം പ്രണയം പറഞ്ഞത്?

സന: അങ്ങനെ തമ്മിൽ തമ്മിൽ ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്നൊക്കെ പറഞ്ഞ് ഒരു നാടകീയമായ നിമിഷം ഒന്നുമില്ല. അതൊരു  പ്രണയ ബന്ധത്തിന്റെ സാധാരണയായ വളർച്ചയായിരുന്നു. സംസാരിച്ച് സംസാരിച്ച് സുഹൃത്തുക്കൾ ആയി രണ്ടുപേർക്കും അങ്ങോട്ടുമിങ്ങോട്ടും ഇഷ്ടം തോന്നി. എന്നാൽ നമുക്ക് പ്രണയിച്ചു കളയാമെന്ന് ഒരു നിമിഷത്തിൽ തോന്നിയതല്ല അത് ക്രമേണ വളർന്നുവന്ന ഒരു അടുപ്പമാണ്. പിന്നെ പിന്നെ ഞങ്ങൾ ഇഷ്ടത്തിൽ ആണെന്ന് എല്ലാവർക്കും മനസ്സിലായി തുടങ്ങി. എന്റെ സഹോദരങ്ങൾക്കും ഹക്കീമിന്റെ സഹോദരങ്ങൾക്കും മനസ്സിലായി. ഞാനെപ്പോഴും അവരുടെ ഫ്ലാറ്റിൽ പോകും. കോവിഡ് സമയത്ത് ഹാങ്ങ് ഔട്ട്സ് സ്പോട് ഒന്നുമില്ലല്ലോ, ഞാൻ ആകെ പോകുന്നത് അവരുടെ വീട്ടിലായിരുന്നു. 
വിവാഹം കഴിക്കാൻ തീരുമാനമെടുത്തത് എപ്പോൾ 
സന: വിവാഹം എന്ന് പറയുന്ന ഒരു കാര്യത്തോട് താല്പര്യം ഉണ്ടായിരുന്നില്ല. എന്റെ ഏതെങ്കിലും സുഹൃത്ത് കല്യാണം കഴിച്ചാൽ ഞാൻ ചോദിക്കുന്നത് എന്തിനാ നിങ്ങൾ കല്യാണം കഴിക്കുന്നത് നാണം ഉണ്ടോ കല്യാണം കഴിക്കാൻ എന്നൊക്കെയാണ്. എന്റെ സഹോദരി 26ാം വയസ്സിലാണ് കല്യാണം കഴിച്ചത്. ഞാൻ അവരെ പോയി ഒരുപാട് ഉപദേശിച്ചു, ഇത്രയും നേരത്തെ കല്യാണം കഴിക്കേണ്ട ആവശ്യമുണ്ടോ, നിങ്ങൾ വളരെ ചെറുപ്പം ആണ് ഒരു 30 കഴിഞ്ഞിട്ട് കെട്ടിയാൽ പോരേ എന്നൊക്കെ.  ഞാൻ എന്റെ ജോലിക്ക് വേണ്ടി ബെംഗളൂരിലേക്ക് പോയി. ബെംഗളൂരിൽ വീടെടുത്ത് ഒറ്റയ്ക്ക് താമസിച്ചപ്പോഴാണ് എനിക്ക്  എനിക്ക് മനസ്സിലായത്, എനിക്ക് ഒരു കുടുംബം വേണം കല്യാണം കഴിക്കണം എന്നൊക്കെ, എന്റെ മാത്രം തീരുമാനമാണ്, അല്ലെങ്കിൽ ഞങ്ങളുടെ തീരുമാനമായിരുന്നു, വീട്ടിൽ നിന്ന് ഒരു തരത്തിലും പ്രഷർ ഉണ്ടായിരുന്നില്ല, അങ്ങോട്ട് പോയി പറഞ്ഞതാണ് പ്ലീസ് ഒന്ന് കെട്ടിച്ചു തരുമോ എന്ന്. 

ഹക്കിം: ഞങ്ങൾ കല്യാണത്തെക്കുറിച്ച് ഒക്കെ സംസാരിച്ചു തുടങ്ങിയപ്പോൾ എന്നാൽ പിന്നെ കല്യാണം കഴിച്ചാലോ എന്ന് തോന്നി. കല്യാണം കഴിച്ചാലും ഇല്ലെങ്കിലും ഞങ്ങൾക്ക് ഒരു വ്യത്യാസവും തോന്നുന്നില്ല. കല്യാണം കഴിച്ചു കഴിഞ്ഞപ്പോൾ ജീവിതം മാറിയെന്നോ അതിനു മുന്നേ ഇങ്ങനെ അല്ലായിരുന്നു എന്നോ ഒന്നുമില്ല. എല്ലാം പഴയത് പോലെ തന്നെ. ഞങ്ങളുടെ രണ്ടുപേരുടെയും കുടുംബത്തിനും സുഹൃത്തുക്കൾക്കും എല്ലാം ഞങ്ങളുടെ ബന്ധത്തെപ്പറ്റി അറിയാം പിന്നെ ഒരു ഒപ്പിട്ടാൽ എന്ത് വ്യത്യാസമാണ് ഉണ്ടാകുന്നത് അല്ലെങ്കിൽ ഇട്ടില്ലെങ്കിൽ എന്ത് വ്യത്യാസമാണ് ഉണ്ടാകുന്നത്. എന്തായാലും ഒപ്പിടാം എന്ന് തീരുമാനിച്ചു.

കോവിഡ് കാലത്തെ പ്രണയം 
സന: ഞങ്ങൾ തമ്മിലുള്ള പ്രണയബന്ധം ഫ്ലാറ്റിൽ എല്ലാവർക്കും അറിയാമായിരുന്നു. ആര് എവിടെ നോക്കിയാലും ഞങ്ങൾ ഉണ്ടായിരുന്നു ടെറസിൽ പോയാൽ ഞങ്ങൾ, പ്ലേഗ്രൗണ്ടിൽ നോക്കിയാൽ ഞങ്ങൾ. ഞങ്ങൾ താമസിക്കുന്നത് വളരെ നല്ല ഒരു കമ്യുണിറ്റിയിൽ ആയിരുന്നു ആൾക്കാർ ഞങ്ങളോട് വന്നത് സംസാരിക്കും അല്ലാതെ വേറൊരു തരത്തിലുള്ള ഇടപെടലും ഉണ്ടായിരുന്നില്ല. വളരെ എളുപ്പമായിരുന്നു ഞങ്ങളുടെ ബന്ധം. ഒരുതരത്തിലുള്ള പ്രശ്നങ്ങളും വീട്ടിലുണ്ടായിട്ടില്ല. വീട്ടിൽ ഒന്നും പോയി പറയേണ്ടി വന്നിട്ടില്ല, അവർക്ക് ഞങ്ങളെ മനസ്സിലായി .
ഹക്കിം പണ്ട് വിവാഹം വേണ്ട എന്ന് തീരുമാനമെടുക്കാൻ കാരണമെന്താണ്?
ഹക്കിം:വിവാഹം എന്നുള്ള ഒരു ബന്ധത്തോട് എനിക്ക് താല്പര്യമില്ലായിരുന്നു. അതg വേറെ കാര്യം കൊണ്ടൊന്നുമല്ല. പക്ഷേ നമുക്ക് ചേരുന്ന ഒരാളെ കണ്ടെത്തുമ്പോൾ ആ തീരുമാനമൊക്കെ മാറ്റും എന്ന് മനസ്സിലായി. സനയ്ക്കും കല്യാണത്തോട് താൽപര്യമില്ലാത്ത ഒരാളായിരുന്നു. ആ ഒരു രീതിയിൽ ഞങ്ങളുടെ രണ്ടുപേരുടെയും സ്വഭാവം ഏകദേശം ഒരുപോലെ ആയിരുന്നു. കല്യാണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അതിൽ കുറെ നിയമങ്ങളും കാര്യങ്ങളും ചടങ്ങുകളും ഒക്കെ ഉള്ളതാണല്ലോ അതിനോട് എനിക്ക് താല്പര്യമില്ലായിരുന്നു. എന്തിനാണ് ഈ പരിപാടി ചെയ്യാൻ നിൽക്കുന്നത് എന്ന് അന്നൊക്കെ പുച്ഛിക്കുമായിരുന്നു പക്ഷേ നമ്മുടെ സമയമായപ്പോൾ എന്നാപ്പിന്നെ നമുക്കും ഒന്ന് കല്യാണം കഴിച്ചാലോ എന്ന് തോന്നി.

സോഷ്യൽ മീഡിയയിൽ എന്തുകൊണ്ട് പറഞ്ഞില്ല 
ഹക്കിം: ഞങ്ങളോട് കുറച്ചു മീഡിയ ഒക്കെ ചോദിച്ചിരുന്നു, ‘എന്നാണ് ചടങ്ങ് ഞങ്ങൾ വരട്ടെ’ എന്നൊക്കെ. പക്ഷേ ഞാൻ പറഞ്ഞു വരണ്ട ഇത് വളരെ പ്രൈവറ്റ് ആയി ചെയ്യുന്ന ഒരു കാര്യമാണ് എന്ന്. പക്ഷേ എന്നിട്ടും ചിലരൊക്കെ വന്നു അതുകൊണ്ടാണ് തന്നെ ചോദിച്ചത് വരണ്ട എന്ന് പറഞ്ഞിരുന്നതല്ലേ പിന്നെ എന്തിനാണ് വന്നത് എന്ന്. നമ്മുടെ കല്യാണം എങ്ങനെ വേണ്ടത് എന്ന് നമുക്ക് ഒരു തീരുമാനം ഉണ്ടായിരിക്കുമല്ലോ പക്ഷേ ഞങ്ങൾ തീരുമാനിച്ചതുപോലെ ഒന്നുമല്ല സംഭവിച്ചത്. 
സന: ഞാൻ സുഹൃത്തുക്കളോട് എന്തൊക്കെ പറഞ്ഞിരുന്നത് ഫോട്ടോ ഒന്നും പുറത്തുവിടേണ്ട എന്നാണ്. എന്റെ സുഹൃത്തുക്കൾ ഒന്നും ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇട്ടില്ല. പക്ഷേ ഒരു ചാനൽ ഫോട്ടോയെടുത്ത് രണ്ടുമണിക്കൂറിനുള്ളിൽ അതെല്ലാം പബ്ലിഷ് ചെയ്തു. എന്റെ കുറെ സുഹൃത്തുക്കളെ ഞാൻ വിളിച്ചിട്ട് ഉണ്ടായിരുന്നില്ല, അന്ന് തന്നെ ഫോട്ടോ എല്ലായിടത്തും വന്നപ്പോൾ എല്ലാം അവരും അറിഞ്ഞു. അത് എനിക്ക് ചെറിയ ബുദ്ധിമുട്ട് ആയി. ചിലരൊക്കെ എന്നോട് ചോദിച്ചിരുന്നു ബൗൺസേസിനെ വെക്കുന്നുണ്ടോ എന്ന്. അപ്പോൾ ഞാൻ ചോദിച്ചു വേറെ ആരെയും വിളിച്ചിട്ടില്ല പിന്നെ എന്തിനാണ് ബൗൺസേസിനെ ഒക്കെ വയ്ക്കുന്നത് എന്ന്.
സോഷ്യൽ മീഡിയയുമായി സിനിമക്കാർക്ക് ഒരു അടുപ്പം വേണ്ടതല്ലേ?

ഹക്കിം:അങ്ങനെ വേണം എന്നൊക്കെ എന്നോട് ആൾക്കാർ പറയാറുണ്ട്. പക്ഷേ എനിക്ക് അത്തരത്തിൽ ഒരു ചിന്ത ഇല്ല. പടത്തിന്റെ പ്രമോഷന്റെ ഭാഗമായി എന്തെങ്കിലും ഒക്കെ ചെയ്യ് എന്ന് ചിലരൊക്കെ പറയുമ്പോഴാണ് ചെയ്യാമെന്ന് വിചാരിക്കുന്നത് അല്ലെങ്കിൽ എനിക്ക് സോഷ്യൽ മീഡിയ അധികം ഉപയോഗിക്കാൻ താല്പര്യം ഇല്ലാത്ത ഒരാളാണ്. എന്റെ ഫോട്ടോയുടെ അടിയിൽ വന്ന് ആർക്കും കമന്റ് ചെയ്യാൻ പറ്റില്ല. ഞാൻ ആ രീതിയിലാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ഞാനാരെയും ഫോളോ ചെയ്യുന്നില്ല. ഞാനൊരു പ്രത്യേകതരം സോഷ്യൽ മീഡിയ ജീവിയാണ്. വേണമെങ്കിൽ വരിക കാണുക അതിൽ കയറി കമന്റ് അടിച്ചു വർത്തമാനം പറഞ്ഞു എന്തിനാണ് നീ അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് എന്നൊക്കെ പറയിപ്പിക്കുന്നത്. പോടാ എനിക്ക് ഇതിലൊന്നും താൽപര്യമില്ല എന്നേ ഞാൻ പറയൂ. 
വിവാഹം മിനിമൽ ആക്കിയപ്പോൾ പരാതി ഉണ്ടായോ?
ഹക്കിം: എന്നെ വിളിച്ചില്ലല്ലോ എന്ന് ആരെങ്കിലും പറഞ്ഞാൽ ,ഞാൻ അതിന് അത്ര ചെവി കൊടുക്കാറില്ല. നീ എന്നെയും വിളിക്കേണ്ട എന്ന് പറയും എനിക്ക് പരാതിയില്ല. എന്നെ വിളിക്കാതിരുന്നാൽ അത്രയും സന്തോഷം. ഞാൻ കല്യാണം എന്നൊക്കെ പറയുന്നതിനോട് താല്പര്യം ഇല്ലാത്ത ആളാണ്. ഭയങ്കര ബഹളവും ആളും ഇൻവെസ്റ്റ്മെന്റും ഒക്കെ ഉള്ള ഒരു പരിപാടിയാണ് കല്യാണം എല്ലാവരുടെയും സമയവും പോകും. അത് വളരെ മിനിമലായി നടത്തുന്നതാണ് നല്ലത്. ഞങ്ങൾക്ക് ക്ലോസ് ഫ്രണ്ട് ആൻഡ് ഫാമിലി മാത്രമുള്ള ചടങ്ങായിരുന്നു ഇഷ്ടം. അത് ഞങ്ങളുടെ കാര്യമാണ് പക്ഷേ വളരെ ആർഭാടമായി നടത്തുന്നത് ഇഷ്ടപ്പെടുന്നവരും ഉണ്ട് അത് അവരുടെ സന്തോഷമാണ്. വളരെ കുറച്ച് ആളെ പങ്കെടുപ്പിച്ചു നടത്തുന്ന ഒരു ചടങ്ങായിരുന്നു ഞങ്ങളുടെ മനസ്സിൽ ഞങ്ങളുടെ കല്യാണത്തിന്. രണ്ടുപേരും തമ്മിലുള്ള വളരെ വ്യക്തിപരമായ കാര്യമാണ് കല്യാണം. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം വന്നാൽ മതിയെന്നാണ് എന്റെ താല്പര്യം.
ഒടിയന് ശേഷം അഭിനയിക്കാത്തത് 
സന: ഞാൻ ബികോം ചെയ്തിട്ടുണ്ട്. ബിഎസ്​സി, പിന്നെ ചാർട്ടേഡ് അക്കൗണ്ടൻസി സർട്ടിഫിക്കറ്റ് കോഴ്സ് ചെയ്ത് ജോലിക്ക് കയറി. ഞാൻ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നുണ്ട്. എനിക്ക് സിനിമയിൽ അഭിനയിക്കാൻ വലിയ താല്പര്യം ഇല്ല. അഭിനയം ഇഷ്ടമാണ് എങ്കിലും അഭിനയിക്കാൻ വലിയ താല്പര്യമില്ല അതുകൊണ്ടാണ് ചെയ്യാതിരിക്കുന്നത് എനിക്ക് കിട്ടിക്കൊണ്ടിരുന്ന കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് ഒരു നല്ല കരിയർ ഉണ്ടാക്കിയെടുക്കാൻ പറ്റും എന്ന് എനിക്ക് തോന്നിയില്ല. അവസരങ്ങൾ ഉണ്ടായിരുന്നു. പക്ഷേ അയ്യോ എനിക്ക് സിനിമ ചെയ്തേ പറ്റൂ എന്ന് തോന്നുന്ന ഒരു റോളും കിട്ടിയിട്ടില്ല. എന്റെ വിദ്യാഭ്യാസം ഉപേക്ഷിച്ചിട്ട് സിനിമ ചെയ്യണം എന്ന് തോന്നുന്ന സിനിമ ഒന്നും വന്നില്ല. അതൊരു അഞ്ചാറു വർഷം ചെയ്യാൻ പറ്റുമായിരിക്കും. പക്ഷേ 30ഉം 40ഉം 50ഉം ഒക്കെ ആകുമ്പോൾ പിന്നെ എന്ത് ചെയ്യും എന്ന ഒരു കാര്യം വരും. അതുകൊണ്ട് എനിക്ക് നല്ലൊരു കരിയർ ഉണ്ടാക്കാൻ പറ്റുമന്ന് തോന്നിയില്ല, അതുകൊണ്ടാണ് ഞാൻ പിന്നെ സിനിമ ചെയ്യാത്തത്. 
ഹക്കിം: എനിക്ക് അഭിനയമാണ് ഏറ്റവും ഇഷ്ടം ഇതൊരു ജോലിയായിട്ട് കാണുക അഭിനയിക്കുക, ഇതുതന്നെ ചെയ്തുകൊണ്ട് പോകുക, മനസ്സിന് ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങൾ ചെയ്യുക അതാണ് എന്റെ തീരുമാനം. ഇഷ്ടപ്പെടാതെ ചെയ്തിട്ട് കാര്യമില്ല അപ്പോൾ പിന്നെ പണിയെടുക്കാൻ മടിയുണ്ടാകും.
നിങ്ങൾ ഒരുമിച്ച് സിനിമ ചെയ്യാൻ സാധ്യതയുണ്ടോ?
ഹക്കിം: ഞങ്ങൾ ഒരുമിച്ച് ഉള്ള ഒന്ന് രണ്ട് സ്ക്രിപ്റ്റുകൾ വന്നിരുന്നു. ഞങ്ങൾ തമ്മിൽ ബന്ധമുണ്ട് എന്ന് അറിഞ്ഞതിനുശേഷം വന്നതാണ്.. പിന്നെ പരസ്യ ചിത്രങ്ങളും വന്നിരുന്നു പക്ഷേ ഞങ്ങളുടെ ബന്ധത്തെ വിൽക്കാനുള്ള ഒരു പരിപാടിയായിട്ട് എനിക്ക് പരസ്യ ചിത്രങ്ങൾ തോന്നി. ഞങ്ങളുടെ ബന്ധം വിൽക്കാൻ ഇട്ടുകൊടുക്കണ്ട എന്ന് കരുതി ചെയ്തില്ല.

വഴക്കിടാറുണ്ടോ 
സന: ഞങ്ങൾ തമ്മിൽ കളിയാക്കലാണ് എപ്പോഴും. ഫുൾടൈം റോസ്റ്റിങ് ആണ്. ഞങ്ങൾ അങ്ങനെ വഴക്കിടാറില്ല വഴക്ക് ഇട്ടാൽ തന്നെയും ആ രാത്രിക്ക് മുമ്പ് തന്നെ അത് പറഞ്ഞു തീർക്കണം എന്നതാണ് ഞങ്ങൾക്കിടയിലെ നിയമം. ഒരു വഴക്കും രാത്രി കടന്നുപോകാൻ സമ്മതിക്കരുത്. ചെറിയ ചെറിയ കാര്യങ്ങൾക്കാണ് വഴക്കിടാറ് ഉള്ളത്.

ഹണിമൂൺ പ്ലാനിങ്ങിൽ ഉണ്ടായ തമാശ
സന: ഹക്കീമിനെ എവിടെയാണ് ഹണിമൂണിന് പോകേണ്ടത് എന്ന് പോലും അറിയില്ല ആദ്യം വിചാരിച്ചു ഹോങ്കൊങ് പക്ഷേ പോയത് ബാങ്കോക്കിൽ. 
ഹക്കിം: ഫാമിലി പ്ലാനിങ് മുഴുവൻ സനയ്ക്ക് വിട്ടു കൊടുത്തിരിക്കുകയാണ്. ഹണിമൂണിന് എവിടെയോ പോകുന്നുണ്ടെന്ന് അറിയാം ഹോങ്കോങ് ആണോ ബാങ്കോക്ക് ആണോ എന്നറിയില്ല ഹോങ്കോങ് ആണെന്നാണ് ഞാൻ വിചാരിച്ചത് പക്ഷേ ചെന്നിറങ്ങിയത് ബാങ്കോക്കിൽ ആണ്. 

പെട്ടെന്നുള്ള വിവാഹവാർത്ത അറിഞ്ഞപ്പോൾ ആളുകളുടെ പ്രതികരണം
ഹക്കിം: ഇൻസ്റ്റഗ്രാമിൽ മെസ്സേജ് ഒക്കെ വരാറുണ്ട് അത് ഞങ്ങൾ മൈൻഡ് ചെയ്യാറില്ല, പിന്നെ വീട്ടിലേക്ക് വിളി വരാറുണ്ട് എന്റെ ഉപ്പായ്ക്കും അവളുടെ ഉപ്പായ്ക്കും കുറെ വിളി വരാറുണ്ട്. റജിസ്റ്റർ കഴിഞ്ഞു എന്ന് അറിഞ്ഞപ്പോൾ ഒളിച്ചോടിപ്പോയി ചെയ്തതാണോ എന്നൊക്കെ ചോദിച്ചിരുന്നു. അതെന്താ ഇങ്ങനെ ചെയ്തത് നിങ്ങൾക്ക് രണ്ടുപേർക്കും എല്ലാവർക്കും അറിയാവുന്നതല്ലേ, കല്യാണം കഴിച്ചു കൊടുത്താൽ പോരായിരുന്നോ എന്നൊക്കെ വീട്ടുകാരോട് ചോദിച്ചു. പക്ഷേ റജിസ്ട്രേഷൻ കഴിഞ്ഞ് അഞ്ചു ദിവസം കഴിഞ്ഞ് ഫാമിലി മാത്രം ഒരു ഫങ്ഷൻ ഉണ്ടായിരുന്നു. പക്ഷേ ഇതൊന്നും ആരെയും ബോധിപ്പിക്കേണ്ട കാര്യമുണ്ടെന്ന് ഞങ്ങൾക്ക് തോന്നുന്നില്ല.
പുതിയ പ്രൊജക്റ്റ്‌
ഹക്കിം: എനിക്ക് കുറച്ചു പടങ്ങൾ വരുന്നുണ്ട്. ഒന്ന് രണ്ട് തമിഴ് സിനിമകൾ, ഒരു മലയാളം ഇപ്പോൾ കഴിഞ്ഞിട്ടുണ്ട്.  ബസൂക്ക ഇപ്പോഴും പോസ്റ്റ് പ്രൊഡക്‌ഷൻ ചെയ്തുകൊണ്ടിരിക്കുകയാണ്. ആ പടത്തെ പറ്റി ഒന്നും പറയാൻ കഴിയില്ല മമ്മൂക്കയുടെ പടമായതുകൊണ്ട് വലിയ പ്രതീക്ഷയിലാണ്. എല്ലാവരും അതുകൊണ്ട് അതിനെപ്പറ്റി എന്തുപറഞ്ഞാലും ചർച്ചയാവും. അതുകൊണ്ട് ഒന്നും പറയുന്നില്ല. നായകനായി ഒന്ന് രണ്ട് പടങ്ങൾ ഉണ്ട്.  ഇപ്പോൾ മീശ എന്നൊരു പടം ചെയ്തുകൊണ്ടിരിക്കുന്നു. അതിൽ ഞാൻ സുധി കോപ്പ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് ഉള്ളത്, പിന്നെ കഥ ഇതുവരെ, ഒരു കട്ടിൽ ഒരു മുറി എന്നൊരു പടവും വരുന്നുണ്ട്.
സന: ഞാനും എന്റെ കസിനും ചേർന്ന് സ്റ്റുഡിയോ എവരിതിങ് എന്ന പേരിൽ ഒരു പ്രൊഡക്‌ഷൻ ഹൗസ് തുടങ്ങി. അതിൽ ഞങ്ങൾ ഒരു മ്യൂസിക് വിഡിയോ ചെയ്തിട്ടുണ്ട് ഞാനാണ് അഭിനയിച്ചിരിക്കുന്നത്. അത് ഇനി ഇറങ്ങാൻ ഉണ്ട്.


Source link

Related Articles

Back to top button