ആഘോഷത്തിന്റെ അഗ്നിജ്വാലകൾ

ആഘോഷത്തിന്റെ അഗ്നിജ്വാലകൾ – Ramayanam | ജ്യോതിഷം | Astrology | Manorama Online
ആഘോഷത്തിന്റെ അഗ്നിജ്വാലകൾ
എം.കെ.വിനോദ് കുമാർ
Published: August 08 , 2024 08:54 AM IST
1 minute Read
സീതാദേവിയുടെ പ്രാർഥനയാണ് ലങ്കയെ ചുട്ടു പടർന്ന അഗ്നിയെ ശമിപ്പിച്ചത്.
സഹോദരൻ വിഭീഷണന്റെ വാക്കുകളാണ് ഹനൂമാനോടുള്ള രാവണന്റെ കോപത്തിൽ അൽപമെങ്കിലും അയവു വരുത്തിയത്.വാനരർക്കു ശൗര്യാസ്പദമായിട്ടുള്ളത് വാലാണ്. അതിനാൽ ഇവന്റെ വാലിൽ വസ്ത്രം ചുറ്റി തീകൊളുത്തിയ ശേഷം ‘രാത്രിയിൽ വന്ന കള്ളൻ’ എന്നു വാദ്യഘോഷങ്ങളോടെ വിളംബരം ചെയ്ത് എല്ലായിടത്തും കൊണ്ടുനടക്കാനാണ് രാജകൽപന. പെരുമ്പറ കൊട്ടിയുള്ള കെട്ടിയെഴുന്നള്ളിപ്പ് തലസ്ഥാനനഗരിയുടെ പടിഞ്ഞാറേഗോപുരമെത്തുമ്പോൾ ഹനൂമാൻ പെട്ടെന്നു കൃശഗാത്രനായി പരിണമിക്കുന്നു. വരിഞ്ഞുകെട്ടിയ പാശം അയഞ്ഞ് സ്വതന്ത്രനായി കുതിക്കുന്നു. പെട്ടെന്നു പർവതാകാരംപൂണ്ട് ഗോപുരാഗ്രത്തിലേക്കു ചാടിയശേഷം രാക്ഷസപ്പടയ്ക്ക് ആവുന്നത്ര നാശം വരുത്തി ഹനൂമാൻ അവിടെക്കാണായ കനകമണിമയനിലയങ്ങളൊക്കെ അഗ്നിക്കിരയാക്കുന്നു. അഗ്നിയും ആൾനാശവുംകണ്ട് വിലപിക്കുന്ന രാക്ഷസസ്ത്രീകൾ, എല്ലാറ്റിനും കാരണം രാവണനാണെന്ന് പരസ്പരം പറയുന്നു.
ഇഷ്ടമിത്രമായ പവനന്റെ പുത്രനു പൊള്ളലേൽക്കാതെ അഗ്നി കാത്തു. സീതാദേവിയുടെ പ്രാർഥനയാണ് ലങ്കയെ ചുട്ടു പടർന്ന അഗ്നിയെ ശമിപ്പിച്ചത്. തന്റെ തോളിലേറിപ്പോരാനാണ് സീതാദേവിയോടുള്ള ഹനൂമാന്റെ അപേക്ഷ. എന്നാൽ, സാഗരം കടന്നു വന്ന് രാവണനെക്കൊന്ന് തന്നെ കൊണ്ടുപോകുന്നതാണ് ഭർത്താവിന്റെ കീർത്തിക്കു നല്ലതെന്നാണ് ദേവിയുടെ പക്ഷം. ദേവിയോടു യാത്രാനുമതി തേടി ഹനൂമാൻ മടങ്ങുന്നു. മൂന്നുലോകവും ഉലയ്ക്കുംവിധം അലറിക്കൊണ്ടാണ് ഹനൂമാന്റെ മടങ്ങിവരവ്. ‘കണ്ടിതു സീതയെ’ എന്ന പ്രഖ്യാപനവുമായി പർവതമുകളിൽ പ്രത്യക്ഷനായ വായൂതനയൻ വാനരപ്പടയ്ക്ക് എത്ര ആഹ്ലാദദായകമായ കാഴ്ചയെന്നോ! ആഘോഷമായി അവരുടെ യാത്ര തുടങ്ങുന്നു. പ്രസ്രവണ പർവതത്തിനു സമീപത്തെ മധുവനത്തിൽ കായ്കനികളും മധുരപൂരവും ആസ്വദിച്ചു വിശ്രമിച്ചാണ് യാത്ര തുടരുന്നത്.
തന്റെ നിർദേശപ്രകാരം മാതുലൻ ദധിമുഖൻ സംരക്ഷിച്ചുപോരുന്ന മധുവനത്തിൽ വിലക്കു ലംഘിച്ച് വാനരർ കയറി ആഘോഷിച്ചെന്ന വാർത്ത ആഹ്ലാദത്തോടെയാണു സുഗ്രീവൻ ശ്രവിക്കുന്നത്. സൈന്യം ലക്ഷ്യം സാധിച്ചു വരുന്നതിന്റെ ആഹ്ലാദപ്രകടനമാണതെന്ന് സുഗ്രീവൻ ശ്രീരാമചന്ദ്രനെ അറിയിക്കുന്നു. ഹനൂമാൻ, അംഗദൻ, ജാംബവാൻ തുടങ്ങിയവർ ശ്രീരാമസന്നിധിയണയുന്നു. അനുഭവവിവരണങ്ങൾ കേട്ട് ഹനൂമാനെ നെഞ്ചോടു ചേർത്തു പുണരുകയാണ് ദേവൻ. ഭൂമിയിൽ ഇതുപോലൊരു ഭാഗ്യം മറ്റാർക്കു കിട്ടും?!
ദേവജനങ്ങൾക്കുപോലും ദുഷ്കരമായ കാര്യമാണ് ഹനൂമാൻ സാധിച്ചുവന്നിരിക്കുന്നത്. അതിനു പ്രത്യുപകാരം ചെയ്യാൻ ജഗത്തിലെ ഒന്നും മതിയാകില്ലെന്നാണ് ശ്രീരാമൻ പറയുന്നത്. എനിക്കുള്ള സർവസ്വവും നിനക്കുള്ളതാണെന്നാണ് ദേവനിൽനിന്ന് ഹനൂമാൻ ശ്രവിക്കുന്നത്.
English Summary:
Journey of Hanuman: From Ravana’s Prisoner to Lanka’s Liberator
5t0gl6k9a1eig9lgp7h5p5qirp 30fc1d2hfjh5vdns5f4k730mkn-list mo-religion-karkidakam vinodkumar-m-k mo-religion-ramayana-month-2024 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news mo-religion-ramayana-masam-2024 mo-religion-karkidaka-masam-2024
Source link