മതവും സംസ്കാരവും അക്രമത്തിലേക്കല്ല, സാഹോദര്യത്തിലേക്കു നയിക്കണം: മാർപാപ്പ
വത്തിക്കാൻസിറ്റി: മതങ്ങൾ അക്രമങ്ങൾക്കും അനീതിക്കും ആഹ്വാനം ചെയ്യുന്നില്ലെന്നും സമാധാനവും സഹവർത്തിത്തവുമുള്ള സാമൂഹ്യവ്യവസ്ഥിതി കെട്ടിപ്പടുക്കാന്‍ ഏവരും ശ്രമിക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ. മതങ്ങളെ അധികാരത്തിനും രാഷ്ട്രീയ നേട്ടങ്ങൾക്കുമായി ഉപയോഗിക്കുന്നതു തെറ്റാണെന്നും ഇറ്റലിയിലെ അഫ്ഗാൻ സമൂഹത്തിന് ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചയിൽ മാർപാപ്പ പറഞ്ഞു. ഐക്യത്തിലും സഹകരണമനോഭാവത്തിലും ജീവിക്കാനും അതിനായി പരിശ്രമിക്കാനും മാർപാപ്പ ആഹ്വാനം ചെയ്തു. മതവും വംശീയതുമായി ബന്ധപ്പെട്ട ആക്രമണങ്ങൾ അവസാനിപ്പിക്കാനും സമാധാനശ്രമങ്ങളുമായി മുന്നോട്ടുപോകാനും സൗഹൃദത്തിൽ ജീവിക്കുന്ന ഒരു സാമൂഹ്യസ്ഥിതി വളർത്തിയെടുക്കാനും അഫ്ഗാൻ പ്രവാസികളെ മാർപാപ്പ ഉദ്ബോധിപ്പിച്ചു.
നിരവധിയായ യുദ്ധങ്ങളും സായുധസംഘർഷങ്ങളും മൂലം നിരവധി അഫ്ഗാൻ പൗരന്മാർക്ക് സ്വരാജ്യം വിട്ടുപോകേണ്ടി വന്നിട്ടുണ്ടെന്നത് താൻ അറിയുന്നുണ്ടെന്നും ഇറ്റലിയിലെത്തിയ ചില അഫ്ഗാൻ കുടുംബങ്ങളെ താൻ നേരിൽ കണ്ടുമുട്ടിയിട്ടുണ്ടെന്നും മാർപാപ്പ അനുസ്മരിച്ചു. അഫ്ഗാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും പൊതുസമൂഹം തങ്ങളുടെ പാരമ്പര്യങ്ങളിലും സംസ്കാരത്തിലും അഭിമാനിക്കുന്ന വിവിധ ജനതകളെ ഉൾക്കൊള്ളുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഏവരുടെയും അവകാശങ്ങളെ മാനിക്കുന്ന ഒരു സ്ഥിതിയാണ് അവിടെ ഉണ്ടാകേണ്ടതെന്നു പറഞ്ഞ മാർപാപ്പ, എന്നാൽ പലപ്പോഴും ഈ രാജ്യങ്ങളിൽ വൈവിധ്യം വിവേചനങ്ങൾക്കും അവഗണനയ്ക്കും ചിലപ്പോഴെങ്കിലും പീഡനങ്ങൾക്കും കാരണമായി മാറുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
Source link