തുടർച്ചയായ അവധി: ഗുരുവായൂരിൽ വി.ഐ.പി ദർശനത്തിന് നിയന്ത്രണം
ഗുരുവായൂർ: പൊതു അവധിയായ ഈ മാസം 18, 20, 25, 26, 28 തീയതികളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഇടയ്ക്കുള്ള 19, 27 എന്നീ ദിവസങ്ങളിൽ കൂടി ക്ഷേത്രത്തിൽ സ്‌പെഷ്യൽ വി.ഐ.പി ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തി ഗുരുവായൂർ ദേവസ്വം.
പൊതുവരി നിൽക്കുന്ന ഭക്തർക്കെല്ലാം സുഗമമായ ദർശനം ഒരുക്കാനാണിത്. പൊതുഅവധി ദിനങ്ങളിൽ പതിവ് ദർശന നിയന്ത്രണം തുടരും. ഈ ദിനങ്ങളിൽ വൈകിട്ട് 3.30ന് ക്ഷേത്രം നട തുറക്കും. ഇതോടെ ദർശനത്തിനായി ഭക്തർക്ക് ഒരു മണിക്കൂർ അധികം ലഭിക്കും. ഇല്ലംനിറ ചടങ്ങ് നടക്കുന്ന 18ന് പുലർച്ചെ നാലര വരെയേ സ്‌പെഷ്യൽ വി.ഐ.പി, പ്രാദേശിക, സീനിയർ സിറ്റിസൺ ദർശന സൗകര്യം ഉണ്ടാകൂ.ശ്രീകോവിൽ നെയ് വിളക്ക് വഴിപാട് ശീട്ടാക്കുന്നവർക്കുള്ള ദർശനവും പുലർച്ചെ നാലരയ്ക്ക് അവസാനിപ്പിക്കും. ഇല്ലംനിറയുടെ പൂജാവിധികളിലും ശീവേലി എഴുന്നള്ളിപ്പിലും സമയക്രമം പാലിക്കേണ്ടതിനാലാണ് ഈ ക്രമീകരണം. ഇല്ലം നിറ ദിനത്തിൽ ചോറൂൺ കഴിഞ്ഞ കുഞ്ഞുങ്ങൾക്കുള്ള സ്‌പെഷ്യൽ ദർശനം പന്തീരടി പൂജയ്ക്ക് ശേഷമേ ഉണ്ടാകൂ. അഷ്ടമി രോഹിണി ദിനത്തിലും നിയന്ത്രണം തുടരും.
ദേവസ്വം ഭരണസമിതി യോഗത്തിൽ ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ധ്യക്ഷനായി. ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, വി.ജി.രവീന്ദ്രൻ, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി.
Source link