തിരുവനന്തപുരം: ഗിഗ് തൊഴിലാളി ക്ഷേമത്തിന് സമഗ്രനിയമനിർമ്മാണം നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഗിഗ് തൊഴിലാളികളുടെ ക്ഷേമവും സേവന – വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട അന്തിമബിൽ തയ്യാറാക്കുന്നതിനായി മാസ്‌കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒക്ടോബറിലെ നിയമസഭാ സമ്മേളനത്തിൽ കേരള സ്റ്റേറ്റ് പ്ലാറ്റ്‌ഫോം ബെയിസ്ഡ് ഗിഗ് വർക്കേഴ്സ് (രജിസ്‌ട്രേഷൻ ആൻഡ് വെൽഫെയർ) ബിൽ 2024 കൊണ്ടുവരുകയാണ് ലക്ഷ്യം.
സൊമാറ്റോ, സ്വിഗ്ഗി, ഊബർ, ഓല, ഫ്ളിപ്പ് കാർട്ട്, ആമസോൺ എന്നിവയുടെയെല്ലാം പ്രവർത്തനം ഗിഗ് തൊഴിലാളികളിലൂടെയാണ്.
നിതി ആയോഗിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ 77 ലക്ഷവും കേരളത്തിൽ രണ്ടുലക്ഷവും ഗിഗ് തൊഴിലാളികളുണ്ട്.
ഗിഗ് തൊഴിലാളികൾക്കായി കോർപറേഷന്റെ സഹകരണത്തോടെ തിരുവനന്തപുരം നഗരത്തിൽ മാതൃകാ വിശ്രമകേന്ദ്രം നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു.
തൊഴിൽവകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി അദ്ധ്യക്ഷയായിരുന്നു. ഐ.എൽ.ഒ പ്രതിനിധികളായ മിചികോ മിയാമോട്ടേ, മാരികോ ഔച്ചി, കരുൺ ഗോപിനാഥ്, ഐ.ടി ഫോർ ചേഞ്ച് എക്സിക്യൂട്ടിവ് ഡയറക്ടർ അനിത ഗുരുമൂർത്തി, ഡോ. ധന്യ, വിനയ് സാരഥി, ബൊർണാലി ബന്ധാരി, ഉമാ റാണി അമാര, രാഹത് ഖന്ന, ആയുഷ് ഝാ, പ്രിയങ്ക നൗൾ, മീനു ജോസഫ്, ദീപുകൃഷ്ണ, ആതിര മേനോൻ, മധു ദാമോദരൻ, ലേബർകമ്മിഷണർ വീണ എൻ. മാധവൻ, അഡിഷണൽ ലേബർ കമ്മിഷണർ കെ.എം. സുനിൽ, തൊഴിലുടമകൾ, തൊഴിലാളി പ്രതിനിധികൾ, ഗിഗ് വർക്കേഴ്സ് എക്സ്‌പർട്ട് കമ്മിറ്റിയംഗങ്ങൾ, നിയമവിദഗ്‌ദ്ധർ എന്നിവർ പങ്കെടുത്തു.
Source link