യാത്രക്കാരന്റെ ബോംബ് തമാശ: വിമാനം രണ്ടര മണിക്കൂർ വൈകി; കുടുംബത്തിന്റെ യാത്ര മുടങ്ങി

നെടുമ്പാശേരി: ലഗേജിൽ ബോംബുണ്ടെന്ന യാത്രക്കാരന്റെ ‘തമാശ” വിമാനം രണ്ടര മണിക്കൂർ വൈകാനിടയാക്കി. യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെയും കുടുംബത്തിന്റെയും യാത്ര മുടങ്ങി.

ഇന്നലെ പുലർച്ചെ തായ് എയർലൈൻസ് വിമാനത്തിൽ തായ്‌ലൻഡിലേക്ക് പോകാനെത്തിയ ആഫ്രിക്കയിൽ ബിസിനസുകാരനായ തിരുവനന്തപുരം സ്വദേശി പ്രശാന്തിന്റെ തമാശയാണ് വിമാന യാത്രക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വലച്ചത്. പ്രശാന്തും ഭാര്യയും മകനും മറ്റ് നാല് പേരും ഒരുമിച്ചാണ് ടിക്കറ്റെടുത്തിരുന്നത്.

ഇമിഗ്രേഷൻ പരിശോധനയ്‌ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥർ ബാഗിലെന്താണെന്ന് ചോദിച്ചത് പ്രശാന്തിന് ഇഷ്ടമായില്ല. ബോംബാണെന്ന് ആവർത്തിച്ചതോടെ പ്രശാന്തിനെ കസ്റ്റഡിയിലെടുത്തു. ബാഗ് തുറന്ന് പരിശോധിച്ച ശേഷം ഇയാളെ നെടുമ്പാശേരി പൊലീസിന് കൈമാറി. ഇതോടെ ഭാര്യയും മകനും യാത്ര ഉപേക്ഷിച്ചു.

ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റ് നാല് പേരുടെ ലഗേജുകളും വിമാനത്തിൽ നിന്നിറക്കി വീണ്ടും പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. പുലർച്ചെ 2.10ന് പോകേണ്ടിയിരുന്ന വിമാനം 4.30നാണ് പുറപ്പെട്ടത്.


Source link

Exit mobile version