ട്രംപിനെ വധിക്കാൻ പദ്ധതി; യുഎസിൽ പാക്കിസ്ഥാനി അറസ്റ്റിൽ
ന്യൂയോർക്ക്: അമേരിക്കയിലെ രാഷ്ട്രീയ നേതാക്കളെയും ഉന്നത ഉദ്യോഗസ്ഥരെയും വധിക്കാൻ പദ്ധതിയിട്ട ഇറേനിയൻ ബന്ധമുള്ള പാക്കിസ്ഥാൻ പൗരൻ ആസിഫ് മർച്ചന്റ് (46) അറസ്റ്റിലായി. മുൻ യുഎസ് പ്രസിഡന്റും നവംബറിലെ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപും ഇയാളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നുവെന്നാണു റിപ്പോർട്ട്. ഇറേനിയൻ മാതൃകയിൽ വാടകക്കൊലയാളികളിലൂടെ കൃത്യം നിർവഹിക്കാനാണ് ആസിഫ് മർച്ചന്റ് ശ്രമിച്ചതെന്ന് എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ റേ അറിയിച്ചു. ജൂലൈയിൽ അറസ്റ്റിലായ ഇയാൾക്കെതിരേ ന്യൂയോർക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കുറച്ചുനാൾ ഇറാനിൽ ചെലവഴിച്ച മർച്ചന്റ് പാക്കിസ്ഥാനിൽനിന്നാണു യുഎസിലെത്തിയത്. വാടകക്കൊലയാളികളെ കണ്ടെത്താനായി ഒരാളെ ബന്ധപ്പെട്ടു. ഇയാൾ ഇക്കാര്യം എഫ്ബിഐ ഉദ്യോഗസ്ഥരെ അറിയിച്ചതാണ് മർച്ചന്റ് പിടിയിലാകാൻ കാരണം.
ട്രംപിന്റെ പേര് കുറ്റപത്രത്തിൽ പരാമർശിക്കുന്നില്ലെങ്കിലും അദ്ദേഹത്തെ വധിക്കാനുള്ള പദ്ധതിയും മർച്ചന്റിനുണ്ടായിരുന്നതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂലൈ 13ന് പെൻസിൽവേനിയയിൽ തെരഞ്ഞെടുപ്പു റാലിക്കിടെ ട്രംപ് നേരിട്ട വധശ്രമത്തിന് ഇതുമായി ബന്ധമില്ല. 2024ൽ ഇറേനിയൻ ജനറൽ ഖ്വാസിം സുലൈമാനിയെ യുഎസ് വധിച്ചതുമുതൽ ട്രംപും അദ്ദേഹത്തിന്റെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന മൈക്ക് പോംപിയോ അടക്കമുള്ള ഉദ്യോഗസ്ഥരും ഇറാന്റെ ഭീഷണി നേരിടുന്നുണ്ട്.
Source link