ദുരന്തത്തിന്റെ ഒൻപതാം നാൾ; വകുപ്പുമേധാവികളുടെ നേതൃത്വത്തിൽ ഇന്നും പരിശോധന തുടരും

കൽപ്പറ്റ: മേപ്പാടി ഉരുൾപൊട്ടൽ മേഖലയിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരുമെന്ന് അധികൃതർ അറിയിച്ചു.ദുരന്തത്തിന്റെ ഒൻപതാം ദിവസമായ ഇന്ന് വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

സൺറൈസ് വാലിയിൽ ഇന്നും പ്രത്യേക സംഘം പരിശോധന നടത്തും. ചാലിയാറിലെ ദുർഘടമേഖലയായ സൺറൈസ് വാലിയിൽ തെരച്ചിലിനുള്ള ദൗത്യ സംഘത്തെ ഹെലികോപ്റ്ററിലാണെത്തിച്ചത്. ആറ് കരസേനാംഗങ്ങളും പൊലീസ് സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പിലെ നാല് പേരും രണ്ട് വനം വകുപ്പ് വാച്ചർമാരും അടങ്ങിയ സംഘത്തെയാണ് രണ്ട് തവണയായി ഹെലികോപ്റ്ററിലെത്തിച്ച് വടത്തിന്റെയും ബാസ്‌കറ്റിന്റെയും സഹായത്തോടെ ഇറക്കിയത്. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഇറങ്ങിയ പ്രത്യേക സംഘം കഴിഞ്ഞദിവസം നാലുകിലോമീറ്റർ ദൂരംവരെ പരിശോധന നടത്തിയിരുന്നു. ഇന്ന് ആറുകിലോമീറ്റർവരെ തെരച്ചിൽ നടത്തുമെന്നാണ് വിവരം.

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ സ്ഥിരീകരിച്ച സംഖ്യ 224 ലെത്തി.181 ശരീരഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്. 154പേരെ കാണാതായി. 88 പേർ ആശുപത്രികളിലാണ്. ചൂരൽമല ഭാഗത്ത് ഒൻപത് ക്യാമ്പുകളിലായി 1381 പേർ കഴിയുന്നു. തിരിച്ചറിയാത്ത 218 മൃതദേഹങ്ങളാണ് സംസ്‌കരിച്ചത്. പുത്തുമലയിലെ ശ്‌മശാനഭൂമി പ്രത്യേക വേലി കെട്ടിത്തിരിച്ച് സ്ഥിരം ശ്മശാനഭൂമിയാക്കും. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ ഡി.എൻ.എ പരിശോധന സ്വകാര്യലാബുകളിലും ചെയ്യുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും ആരുടേതെന്നറിയാൻ ഡി.എൻ.എ പരിശോധന ഇന്നുമുതൽ തുടങ്ങും. ഉറ്റവരെ തേടിയെത്തിയവരിൽ നിന്ന് ശേഖരിച്ച നൂറിലധികം രക്തസാമ്പിളുകളുമായി ഇത് ഒത്തുനോക്കും. കേരള പൊലീസിന്റെ കണ്ണൂർ റീജിയണൽ ഫോറൻസിക് ലാബിലാണ് പരിശോധന നടത്തുന്നത്. ശരീരഭാഗങ്ങളിൽ നിന്നുൾപ്പെടെ 400ഓളം സാമ്പിളുകൾ ലാബിലെത്തിച്ചിട്ടുണ്ട്.


Source link
Exit mobile version