ധാക്ക: ബംഗ്ലാദേശിലെ വിദ്യാർഥികൾ അക്രമം വെടിഞ്ഞ് സംയമനം പാലിക്കണമെന്ന് ഇടക്കാല സർക്കാരിനു നേതൃത്വം നല്കാൻ നിയോഗിക്കപ്പെട്ട പ്രഫ. മുഹമ്മദ് യൂനുസ് അഭ്യർഥിച്ചു. വിജയം നല്ല കാര്യത്തിന് ഉപയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാന്പത്തികവിദഗ്ധനും നൊബേൽ ജേതാവും രാജ്യത്തുനിന്നു പലായനം ചെയ്ത മുൻ പ്രധാനമന്ത്രിയുടെ ശത്രുക്കളിലൊരാളുമായ യൂനുസിനെ പ്രസിഡന്റ് ഷഹാബുദ്ദീൻ ചൊവ്വാഴ്ച രാത്രിയാണു സർക്കാരിന്റെ നേതാവായി നിയമിച്ചത്. ചികിത്സയ്ക്കായി പാരീസിലായിരുന്ന യൂനുസ് ഇന്നലെ ബംഗ്ലാദേശിലേക്കു തിരിച്ചു. വീട്ടുതടങ്കലിൽനിന്നു മോചിതയായ മുൻ പ്രധാനമന്ത്രിയും പ്രതിപക്ഷ ബിഎൻപി പാർട്ടി നേതാവുമായ ഖാലിദ സിയയും സമാധാനത്തിന് ആഹ്വാനം ചെയ്തു. ഹസീനയുടെ മുഖ്യശത്രുവായിരുന്ന ഖാലിദ 2018 മുതൽ തടവ് അനുഭവിക്കുകയായിരുന്നു. എഴുപത്തൊന്പതുകാരിയായ ഖാലിദയ്ക്കു പുതിയ പാസ്പോർട്ട് അനുവദിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലുള്ള ഹസീനയുടെ തുടർപദ്ധതി വ്യക്തമല്ല. പ്രധാനമന്ത്രി മോദിയുമായി ഹസീനയ്ക്ക് നല്ല അടുപ്പമുണ്ടെങ്കിലും ഇന്ത്യയിൽ തുടരില്ലെന്നാണു സൂചന. ബംഗ്ലാദേശിലെ പുതിയ ഭരണകൂടവുമായും നല്ല ബന്ധം തുടരാനായിരിക്കും മോദി സർക്കാർ ആഗ്രഹിക്കുക. ഇതിനിടെ, ക്രമസമാധാനനില വീണ്ടെടുക്കാൻ പോലീസുകാർ ഡ്യൂട്ടിക്കു ഹാജരാകണമെന്നു ബംഗ്ലാദേശിലെ പ്രതിസന്ധി പരിഹരിക്കാൻ നിയോഗിക്കപ്പെട്ട എഐജി ഷഹീദുർ റഹ്മാൻ ആവശ്യപ്പെട്ടു. ചൊവ്വാഴ്ചയും പോലീസ് സ്റ്റേഷനുകൾ ആക്രമിക്കപ്പെട്ടതായും പോലീസുകാർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. പോലീസുകാരുടെ അഭാവത്തിൽ ഇന്നലെയും വിദ്യാർഥികളാണു ട്രാഫിക് നിയന്ത്രിച്ചത്. ബംഗ്ലാദേശ് സ്കൗട്സിലുള്ള വിദ്യാർഥികളും ട്രാഫിക് നിയന്ത്രിക്കാൻ രംഗത്തിറങ്ങി.
ഗാർമെന്റ് യൂണിറ്റുകൾ അടക്കമുള്ള ബിസിനസ് സ്ഥാപനങ്ങൾ ഇന്നലെ പ്രവർത്തിക്കാനാരംഭിച്ചു. എന്നാൽ, അക്രമഭീതിയിൽ ഒട്ടേറെ സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. ഫാക്ടറികളിൽ ഉത്പാദനം പുനരാരംഭിക്കേണ്ടതിനു ക്രമസമാധാനനില ഉടൻ വീണ്ടെടുക്കണമെന്നു വ്യവസായികൾ ആവശ്യപ്പെട്ടു. 2020 മുതൽ അറ്റോർണി ജനറലായിരുന്ന അബു മുഹമ്മദ് അമീൻ, ബംഗ്ലാദേശ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ കാസി സയ്യദുർ റഹ്മാൻ എന്നിവർ ഇന്നലെ രാജിവച്ചു. ചൊവ്വാഴ്ച രാജ്യത്തുടനീളമായി ഹസീനയുടെ അവാമി ലീഗ് പാർട്ടി അംഗങ്ങളായ 29 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഹൈന്ദവരടക്കമുള്ള ന്യൂനപക്ഷങ്ങൾ നേരിട്ട ആക്രമണങ്ങളെക്കുറിച്ചുള്ള കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവന്നു. അക്രമികൾ നാടോടി ഗായകൻ രാഹുൽ ആനന്ദയുടെ വീട്ടുസാധനങ്ങൾ കൊള്ളയടിച്ചശേഷം വീടിനു തീയിട്ടു.
Source link