”വയനാട്ടിലെ ഭക്ഷണം ഒരുക്കുന്നതിനെ പറ്റി ഇനിയൊന്നും എഴുതരുതെന്ന് കരുതിയതാണ്” : ഷെഫ് പിള്ള
വയനാട്ടിലെ ദുരിതബാധിത മേഖലയിൽ ദിവസങ്ങളായി ഷെഫ് സുരേഷ് പിള്ളയുടെ നേതൃത്വത്തിൽ ഭക്ഷണം വിതരണം നടക്കുകയാണ്. ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട് അദ്ദേഹം പങ്കുവച്ച കുറിപ്പ് ഹൃദയഹാരിയാണ്. 18000 ബിരിയാണി തയ്യാറാക്കാനുള്ള അരി കൊച്ചിയിലെ ടോളിൻസ് ഗ്രൂപ്പ് എത്തിച്ചു നൽകിയതും, ദിണ്ടിഗലിലെ ഒരു സ്‌കൂളിൽ നിന്നും കുട്ടികളും അദ്ധ്യാപകരും പിരിച്ചെടുത്ത 20000 രൂപ പ്രിൻസിപ്പൽ ഏൽപ്പിച്ചതും സുരേഷ് പിള്ള കുറിപ്പിൽ പരാമർശിക്കുന്നു.
എഴുത്തിന്റെ പൂർണരൂപം-
”വയനാട്ടിലെ ഭക്ഷണം ഒരുക്കുന്നതിനെ പറ്റി ഇനിയൊന്നും എഴുതരുതെന്ന് കരുതിയതാണ്…!
നാലു ദിവസം മുന്നേ കൊച്ചിയിലെ ടോളിൻസ് ഗ്രുപ്പ് സഞ്ചാരിയിലേക്ക് ബിരിയാണി അരി തന്ന് വിട്ടിരുന്നു… അത് തീരാറായി എന്നറിഞ്ഞനേരം ആരോടും ചോദിക്കാതെ വീണ്ടും രണ്ടായിരം കിലോ അരി ബത്തേരിയിൽ എത്തിച്ചു..!!
ഏകദേശം 18000 ബിരിയാണി തയ്യാറാക്കാനുള്ള അരി…!
ദിണ്ടിഗലിലെ ഒരു സ്‌കൂളിൽ നിന്നും കുട്ടികളും അദ്ധ്യാപകരും പിരിച്ചെടുത്ത 20000 രൂപ പ്രിൻസിപ്പൽ റിയ മേഡം നിർബന്ധപൂർവ്വം ഞങ്ങളെയേൽപ്പിച്ചു..! ഒരു ദിവസത്തെ രാത്രി ഭക്ഷണം അവരുടെ വകയിൽ
ഇതിനൊക്ക എങ്ങനെ നന്ദി പറയണം എന്നറിയില്ല…
സുന്ദരമായ ഭൂമിയിലെ കൃത്യമായി എണ്ണപ്പെട്ട നാളുകളിൽ ജീവിക്കാനാവുന്നതും, ഇതിന്റെയൊക്കെ ചെറിയൊരു ഭാഗമാകാൻ പറ്റുന്നതും അത്യധികം സന്തോഷം തരുന്നു..!
ഒരുപാട് ഒരുപാട് സ്നേഹങ്ങൾ വാരി വിതറുന്നു..!”
ദുരന്തമുണ്ടായ വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും പുനരധിവാസവും ടൗൺഷിപ്പും നടപ്പിലാക്കാൻ വിദേശപരിസ്ഥിതി ആർക്കിടെക്ചർമാരെ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പിരിഞ്ഞുകിട്ടുന്ന ഓരോ പണവും വയനാട്ടിനായി ഉപയോഗിക്കും. പുനരധിവാസത്തിന് എത്രതുക വേണ്ടിവരുമെന്ന് കണക്കാക്കിയിട്ടില്ല. എത്രയായാലും അതു കണ്ടെത്തും. സർക്കാർ നേരിട്ടായിരിക്കും പദ്ധതി നടപ്പാക്കുക. ടൗൺഷിപ്പ് ദുരന്തഭൂമിയിൽ തന്നെ വേണോ, മറ്റേതെങ്കിലും ഇടത്തായിരിക്കുമോ എന്ന് ഉടൻ തീരുമാനിക്കും. ദുരന്തഭൂമിയിലെ വെള്ളാർമല ഗവ. സ്കൂൾ അതേപേരിൽ പുനർനിർമ്മിക്കും. വീടുകളെല്ലാം പുതുതായി നിർമ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Source link