തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ ഒത്താശയോടെ നടക്കുന്ന അനധികൃതകുടിയേറ്റവും ഖനനവുമാണ് വയനാട്ടിലെ ദുരന്തത്തിന് കാരണമെന്ന് പറഞ്ഞ കേന്ദ്ര വനം പരിസ്ഥിതിമന്ത്രി ഭൂപേന്ദർ യാദവ് വയനാട്ടിൽ ദുരന്തത്തിനിരയായി മരിച്ചവരെ അപമാനിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി.
ആരാണിവിടത്തെ അനധികൃത കുടിയേറ്റക്കാർ? ഈ ദുരന്തത്തിൽ മണ്ണടിഞ്ഞ എസ്റ്റേറ്റിലെ തൊഴിലാളികളോ? തങ്ങളുടെ ചെറിയ തുണ്ടു ഭൂമിയിൽ ജീവിച്ച സാധാരണ മനുഷ്യരോ? കേരളത്തിലെ മലയോര മേഖലയെക്കുറിച്ച് ചെറിയ ധാരണയെങ്കിലും ഉള്ളവർക്ക് അവിടെ ജീവിക്കുന്ന മനുഷ്യരെ കുടിയേറ്റക്കാരായി മുദ്രകുത്താൻ സാധിക്കില്ലെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് കേരളത്തിലെ മലയോര മേഖലയിലേക്കുള്ള കുടിയേറ്റത്തിന്. ദുഷ്‌കരമായ സാഹചര്യങ്ങളോട് മല്ലിട്ട് അവർ പടുത്തുയർത്തിയ ജീവിതത്തിനും സംസ്‌കാരത്തിനും സുദീർഘമായ ചരിത്രമുണ്ട്. അതിനെക്കുറിച്ചൊന്നും ഒരു ധാരണയുമില്ലാതെ മലയോര ജനതയെ കുടിയേറ്റക്കാരെന്ന ഒരൊറ്റ അച്ചിൽ ഒതുക്കുന്ന പ്രചരണങ്ങൾക്ക് ഉത്തരവാദപ്പെട്ട കേന്ദ്രമന്ത്രി തയ്യാറാകുന്നത് ഏറ്റവും ചുരുങ്ങിയ രീതിയിൽ പറഞ്ഞാൽ ഔചിത്യമല്ല-മുഖ്യമന്ത്രി പറഞ്ഞു.
മുണ്ടക്കൈ ഉരുൾപൊട്ടൽ മേഖലയിൽ നിന്ന് ഏറ്റവും അടുത്ത ക്വാറിയിലേക്കുള്ള ദൂരം 10.2കിലോമീറ്റർ ആണ്.
ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിമർശിക്കുന്ന ലേഖനങ്ങളും അഭിപ്രായപ്രകടനങ്ങളും നൽകാൻ ശാസ്ത്രജ്ഞന്മാരെ കേന്ദ്രസർക്കാർ നിർബന്ധിക്കുന്നു എന്നാണ് ചിലമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്ര വനം പരിസ്ഥിതിമന്ത്രിയുടെ പ്രസ്താവന കൂട്ടിവായിക്കുമ്പോൾ അത് ശരിയാണെന്നാണ് മനസ്സിലാക്കേണ്ടത്.
ആദ്യം വിളിച്ചത് രാഹുൽ
ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ ആദ്യം വിളിച്ചത് രാഹുൽ ഗാന്ധിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.രണ്ടാമത് പ്രധാനമന്ത്രി നരേന്ദ്രമോദിയും പിന്നീട് ആഭ്യന്തരമന്ത്രി അമിത് ഷായും വിളിച്ച് വിവരം അന്വേഷിച്ചു. കേന്ദ്രത്തിനുവേണ്ടി വിളിച്ച രണ്ടുപേരും എന്തു സഹായവും നൽകാൻ സന്നദ്ധരാണ് എന്ന രീതിയിലായിരുന്നു സംസാരിച്ചത്.
Source link