CINEMA

വിനേഷ് ഫോഗട്ട് ദംഗൽ നായക കഥാപാത്രത്തിന്റെ ദത്തുപുത്രി:‌ രണ്ടാം ഭാഗം വേണമെന്ന് ആരാധകർ

വിനേഷ് ഫോഗട്ട് ദംഗൽ നായക കഥാപാത്രത്തിന്റെ ദത്തുപുത്രി:‌ രണ്ടാം ഭാഗം വേണമെന്ന് ആരാധകർ | Dangal Part 2 Request | Vinesh Phogat wins Olympic Medal | Aamir Khan

വിനേഷ് ഫോഗട്ട് ദംഗൽ നായക കഥാപാത്രത്തിന്റെ ദത്തുപുത്രി:‌ രണ്ടാം ഭാഗം വേണമെന്ന് ആരാധകർ

മനോരമ ലേഖകൻ

Published: August 07 , 2024 10:59 AM IST

2 minute Read

ദംഗലിൽ ആമിർ ഖാൻ, വിനേഷ് ഫൊഗാട്ട് (Photo: Instagram)

പാരിസ് ഒളിംപിക്സിൽ ഗുസ്തിയിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ട്  ചരിത്രവിജയം നേടിയതോടെ ദംഗൽ സിനിമയുടെ രണ്ടാം ഭാഗത്തിനായി മുറവിളി കൂട്ടി ആരാധകർ. ആമിർ ഖാൻ നായകനായ 2016–ലെ ബ്ലോക്ക്ബസ്റ്റർ സ്പോർട്സ് ബയോപിക് ‘ദംഗൽ’ എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർ ആവശ്യപ്പെടുന്നത്. വലിയ പ്രതിസന്ധികൾ തരണം ചെയ്ത് തന്റെ പെണ്മക്കളെ ഗുസ്തിക്കാരാക്കിയ മഹാവീർ സിംഗ് ഫോഗട്ട് എന്ന ഫയൽവാന്റെ കഥയായിരുന്നുദംഗലിന്റെ പ്രമേയം. 
സിനിമയിൽ പെൺമക്കളായ ഗീത ഫോഗട്ടിനെയും ബബിത കുമാരിയെയും ലോകോത്തര വനിതാ ഗുസ്തിക്കാരാകാൻ പരിശീലിപ്പിക്കുന്ന ഗുസ്തിക്കാരനായ മഹാവീർ സിങ് ആയി അഭിനയിച്ചത് ആമിർ ഖാൻ ആയിരുന്നു. ഇൗ മഹാവീർ സിങ്ങിന്റെ ദത്തുപുത്രിയാണ് വിനേഷ് ഫോഗട്ട്. മഹാവീറിന്റെ അനുജന്റെ മരണശേഷം അനുജന്റെ കുട്ടികളെ സ്വന്തം മക്കളെപ്പോലെ വളർത്തി ഇപ്പോൾ ലോകത്തിന്റെ നെറുകയിൽ എത്തിച്ചിരിക്കുകയാണ് അദ്ദേഹം. ഇതോടെ വിനേഷ് ഫോഗട്ടിന്റെ പ്രചോദനാത്മകമായ യാത്രയും സിനിമയാക്കണമെന്ന ആവശ്യം സോഷ്യൽ മീഡിയ നിറയുകയാണ്. ഒളിംപിക്സ് ഗുസ്തി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ഫോഗട്ട്.

ദംഗൽ എന്ന സിനിമയിൽ നിന്നും (Photo: Instagram/@amirkhanactor_)

മഹാവീറിന്റെ മക്കളായ ഗീത, ബബിത, ഋതു, സംഗീത എന്നിവർക്കൊപ്പം വളർന്ന വിനേഷ് കൂട്ടത്തിലെ ഏറ്റവും മിടുക്കിയായിരുന്നു. ഒൻപതാം വയസ്സിൽ പിതാവിനെ നഷ്ടപ്പെട്ട വിനേഷിനെ മഹാവീർ തന്നെയാണ് വളർത്തിയതും ഗുസ്തിയിലെ അടവുകൾ പഠിപ്പിച്ചതും. 2016 റിയോ ഒളിംപിക്സിലും 2021 ടോക്കിയോ ഒളിംപിക്സിലും ദൗർഭാഗ്യം മൂലം വിനേഷിന് പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിഞ്ഞില്ല. റിയോ ഒളിംപിക്സിൽ 48 കിലോഗ്രാം വിഭാഗം ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെ ‌‌പരുക്കേറ്റാണ് വിനേഷ് പുറത്തായത്. ‌ടോക്കിയോയിൽ 53 കിലോഗ്രാം വിഭാഗം പ്രീക്വാർട്ടറിൽ ആധികാരികമായി ജയിച്ചതിനു ശേഷം ക്വാർട്ടർ ഫൈനലിൽ ബെലാറൂസിന്റെ വനേസ കലാസിൻസ്കായയ്ക്കു മുന്നിൽ വിനേഷ് അപ്രതീക്ഷിതമായി വീണു പോവുകയായിരുന്നു. ആ സങ്കടങ്ങൾ ഈ പാരിസ് ഒളിംപിക്സോടു കൂടി മാറുമെന്നാണ് പ്രതീക്ഷ. 

വനിതാ ഗുസ്തി താരങ്ങളോടു മോശമായി പെരുമാറിയ ദേശീയ റസ്‍ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ കേന്ദ്രസർക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചുള്ള സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു വിനേഷ്. ലോക ചാംപ്യൻഷിപ്പിലും ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലുമെല്ലാം ഇന്ത്യയുടെ അഭിമാനമായ താരത്തെ ആരാധകർ കഴിഞ്ഞ വർഷം കണ്ടത് ന്യൂഡൽഹിയിലെ തെരുവുകളിലാണ്. തനിക്കു കിട്ടിയ ഖേൽരത്‌ന, അർജുന പുരസ്കാരങ്ങൾ പ്രതിഷേധസൂചകമായി ഉപേക്ഷിച്ച വിനേഷ് സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ തുടങ്ങിയവർക്കൊപ്പം പുതിയ സമരമുഖം തന്നെ തുറന്നു. രാജ്യതലസ്ഥാനത്തെ തെരുവീഥിയിൽ പൊലീസുകാരുടെ പിടിയിൽ നിന്നു കുതറുന്ന വിനേഷിന്റെ ചിത്രം ഇന്ത്യൻ കായികപ്രേമികളു‍ടെ നൊമ്പരമായിരുന്നു.  

വിനേഷ് ഫോഗാട്ട് സമരത്തിനിടെ, ഒളിംപിക് വേദിയിൽ വിനേഷ് (Photo: Instagram/@vineshphogat)

ചേച്ചിമാരേക്കാൾ പ്രചോദനാത്മകമായ ജീവിതംനയിച്ച വിനേഷ് ഫോഗട്ടിന്റെ  ജീവിത യാത്ര സിനിമയാക്കണമെന്ന ആവശ്യം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശിപ്പിക്കപ്പെട്ട് 2000 കോടി രൂപ കലക്ഷൻ നേടിയ ബോളിവുഡ്  ചിത്രമായിരുന്നു ‘ദംഗൽ’. പെൺമക്കളെ ഇന്ത്യയിലെ ആദ്യത്തെ ലോകോത്തര വനിതാ ഗുസ്തിക്കാരാകാൻ പരിശീലിപ്പിക്കുന്ന അമേച്വർ ഗുസ്തിക്കാരനായ മഹാവീർ സിങ് ഫോഗട്ടായി ആമിർ ഖാൻ അഭിനയിച്ചപ്പോൾ ഫാത്തിമ സന ​ഷെയ്ഖും സന്യ മൽഹോത്രയും ഫോഗട്ട് സഹോദരിമാരുടെ മുതിർന്ന പതിപ്പുകളും സൈറ വസീമും സുഹാനി ഭട്‌നാഗറും അവരുടെ ചെറുപ്പകാലവും അവതരിപ്പിച്ചു. സാക്ഷി തൻവാറാണ് അവരുടെ അമ്മയുടെ വേഷത്തിലെത്തിയത്. മഹാവീർ സിങ്ങിന്റെ ഇളയമകൾ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുമ്പോൾ അവളുടെ അവിസ്മരണീയമായ ജീവിത യാത്ര ചലച്ചിത്രമാക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-viral rc36tbs0h370v1aimn7n7o8u8 f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-aamirkhan mo-entertainment-common-bollywood mo-sports-wrestling-vineshphogat mo-entertainment-common-bollywoodnews


Source link

Related Articles

Back to top button