തിരുവനന്തപുരം: ഭരണത്തിലെത്തുന്നവർ ജനങ്ങളെ സേവിക്കാനുള്ളവരാണെന്ന കാര്യം മറക്കുന്ന കാലമാണിതെന്ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ഭീതിയില്ലാതെ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമാണ് രാജ്യത്തുണ്ടാകേണ്ടതുണ്ട്. എസ്.കെ. പൊറ്റക്കാട് സ്മാരക സമിതിയുടെ നാലാമത് എസ്.കെ. പൊറ്റക്കാട് സ്മാരക പുരസ്കാരം കെ.പി. രാമനുണ്ണിക്ക് നൽകിയ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
25,000 രൂപയും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരം കെ.പി. രാമനുണ്ണിയുടെ ഹൈന്ദവം എന്ന കൃതിക്കാണ് നൽകിയത്. വിവിധ സാഹിത്യ വിഭാഗങ്ങളിൽ നിന്ന് അക്ബർ അലിക്കര (കഥ), ശിവാസ് വാഴമുട്ടം (കവിത), അഭിഷേക് പള്ളത്തേരി (സഞ്ചാരസാഹിത്യം), ഡോ. എസ്.ഡി. അനിൽകുമാർ (ബാലസാഹിത്യം), ബി.എൻ. റോയി (നോവൽ), ഓസ്റ്റിൻ അജിത്ത് (ബാലപ്രതിഭ), വിശ്വകുമാർ കൃഷ്ണജീവനം (പഠനം) എന്നിവരും പുരസ്കാരം ഏറ്റുവാങ്ങി. കവിയും മുഖ്യമന്ത്രിയുടെ മാദ്ധ്യമ സെക്രട്ടറിയുമായ പ്രഭാവർമ്മ അദ്ധ്യക്ഷത വഹിച്ചു. എസ്. മഹാദേവൻ തമ്പി, ഡോ. സാബു കോട്ടുക്കൽ, ഡോ. മുഞ്ഞിനാട് പദ്മകുമാർ, പി.കെ. റാണി, ശ്യാം തറമേൽ എന്നിവർ പ്രസംഗിച്ചു.
Source link