ഹജ്ജ് നയം പ്രഖ്യാപിച്ചു: 65ന് മുകളിലുള്ളവർക്ക് നേരിട്ട് അവസരം
മലപ്പുറം: 2025ലെ ഹജ്ജ് തീർത്ഥാടനത്തിൽ 65ന് മുകളിലുള്ള അപേക്ഷകർക്ക് നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം ലഭിക്കും. ഇവരിൽ നിന്ന് സത്യവാങ്മൂലം വാങ്ങും. ഇവർക്കൊപ്പം 18നും 60നും ഇടയിൽ പ്രായമുള്ള ഒരു സഹായിക്കും അവസരമുണ്ട്. ഇതുവരെ 70ന് മുകളിലുള്ളവർക്കാണ് നറുക്കെടുപ്പില്ലാതെ അവസരം നൽകിയിരുന്നത്.
ഇന്ത്യയ്ക്ക് ലഭിക്കുന്ന മൊത്തം ഹജ്ജ് ക്വാട്ടയുടെ 70 ശതമാനം സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്കും 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകൾക്കുമായാണ് വീതം വയ്ക്കുക. ഒരു കവറിൽ പരമാവധി അഞ്ച് മുതിർന്നവർക്കും രണ്ട് വയസിൽ താഴെയുള്ള രണ്ട് കുട്ടികൾക്കും അപേക്ഷിക്കാം. മെഹ്രമില്ലാത്ത വനിതകളുടെ സംഘത്തിനുള്ള മുൻഗണന തുടരും. 65ന് മുകളിലുള്ള മെഹ്രമില്ലാത്ത വനിതകളുടെ സംഘത്തിൽ 45നും 60നും ഇടയിലുള്ള സഹതീർത്ഥാടക നിർബന്ധമാണ്. കേരളത്തിൽ കരിപ്പൂർ, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളെ ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളായി നിലനിറുത്തിയിട്ടുണ്ട്.
ഹെൽത്ത് ആൻഡ് ട്രെയ്നിംഗ് കാർഡ്, വാക്സിനേഷൻ സർട്ടിഫിക്കറ്റ്, ഓറൽ പോളിയോ തുടങ്ങിയവ നിലനിറുത്തിയിട്ടുണ്ട്. ഹജ്ജ് തീർത്ഥാടന വേളയിൽ ഹാജിമാരെ സഹായിക്കുന്നതിനും മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനും നിയോഗിക്കുന്ന ഖാദിമുൽ ഹുജ്ജാജുമാർ ഇനി സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർ എന്നാകും അറിയപ്പെടുക. 150 പേർക്ക് ഒരാൾ എന്ന തോതിൽ ഇവരെ നിയോഗിക്കും.
Source link