മലപ്പുറം: ജില്ലയിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയാവുന്നവരുടെ എണ്ണം വർദ്ധിക്കുകയാണെന്ന് സൈബർ പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ഈ വർഷം ജൂലായ് 26 വരെ ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 290 സൈബർ കേസുകളാണെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് 185 കേസുകളാണ്. 2022, 2021 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 14, 59 എന്നിങ്ങനെയായിരുന്നു. സംസ്ഥാനത്ത് ഈ വർഷം റിപ്പോർട്ട് ചെയ്തത് 1,552 സൈബർ കേസുകളാണ്.
നിക്ഷേപിച്ച പണം ഒരു വർഷത്തിനകം ഇരട്ടിയാക്കാം, ഷെയർ വാങ്ങിച്ചാൽ ഇരട്ടിതുകയ്ക്ക് വിറ്റ് തരാം തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയാണ് ജില്ലയിൽ കൂടുതൽ സൈബർ ക്രൈം തട്ടിപ്പുകളും നടക്കുന്നതെന്ന് മലപ്പുറം സൈബർ പൊലീസ് ഇൻസ്പെക്ടർ ഐ.സി.ചിത്തരഞ്ജൻ പറയുന്നു.
തട്ടിപ്പിന്റെ വഴി
പണം നിക്ഷേപിച്ചാൽ ഇരട്ടി തുക നിശ്ചിത കാലാവധിക്കുള്ളിൽ ലഭിക്കുമെന്ന രീതിയിലുള്ള പരസ്യം ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം തുടങ്ങിയ സമൂഹ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ഇതിൽ ക്ലിക്ക് ചെയ്യുമ്പോൾ വാട്സ്ആപ്പിലെയോ ടെലഗ്രാമിലെയോ ഗ്രൂപ്പുകളിലേക്ക് റീഡയറക്ട് ചെയ്യപ്പെടും. ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെല്ലാം തട്ടിപ്പുകാരുടെ കൂട്ടത്തിലുള്ളവരാണെന്ന് ഇരകൾ അറിയില്ല.
പണം ലഭിച്ചവരുടെ സ്ക്രീൻഷോട്ടുകൾ വ്യാജമായി കാണിച്ച് വിശ്വാസ്യത നേടിയെടുക്കും. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുമ്പോൾ അമിതലാഭം നൽകി വിശ്വാസ്യത നേടിയെടുക്കും. അതുകൊണ്ട് തന്നെ കൂടുതൽ തുക ഇരകൾ നിക്ഷേപിക്കും. എന്നാൽ പിന്നീട് നിക്ഷേപിച്ച പണം നഷ്ടപ്പെടുന്ന സ്ഥിതിയാവും.
ഉന്നത വിദ്യാഭ്യാസമുള്ളവർ പോലും തട്ടിപ്പിന്റെ ഇരകളാവാറുണ്ട്. പാർട്ട് ടൈം ജോലി വാഗ്ദാനം, പ്രമുഖ കമ്പനികളുടെ ഡീലർഷിപ്പ്, വ്യാജ ഓൺലൈൻ ലോൺ തട്ടിപ്പ് എന്നിവയും ഓൺലൈൻ പ്രണയക്കെണിയിലൂടെയുള്ള തട്ടിപ്പുകളും നടക്കുന്നുണ്ട്.
ബോധവത്കരിക്കാം
സൈബർ പൊലീസിന്റെ നേതൃത്വത്തിൽ സ്കൂളുകളിലും കോളേജുകളിലും സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ബോധവത്ക്കരണ പരിപാടികൾ ആഴ്ചയിൽ രണ്ടെണ്ണം വീതം നടത്തിവരുന്നുണ്ട്.
Source link