കൊച്ചി: കൊച്ചിയിലൂടെ കുതിച്ചുപാഞ്ഞ കർണാടക ആർ.ടി.സി വോൾവോ ബസിന്റെ ‘യാത്രയിൽ’ പന്തികേട്. അറിയിപ്പുകിട്ടിയ ഉടൻ പിന്തുടർന്നെത്തി ബസ് തടഞ്ഞുനിറുത്തിയ സെൻട്രൽ പൊലീസ് കണ്ടത് ‘ഫുൾടാങ്കായ’ ഡ്രൈവറെ! അടിച്ച് പൂസായാണ് ഡ്രൈവർ ബസ് ഓടിച്ചിരുന്നതെന്ന് അറിഞ്ഞപ്പോൾ യാത്രക്കാർക്കും ഞെട്ടൽ. ഒടുവിൽ സഹഡ്രൈവർക്ക് പുറമേ മറ്റൊരു ഡ്രൈവറെ എത്തിച്ച് സർവീസ് തുടരാൻ അനുവദിച്ച് യാത്രാപ്രശ്‌നം പരിഹരിച്ചു. ഡ്രൈവറെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്ത് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ഞായറാഴ്ച രാത്രി 11.45ഓടെ എറണാകുളം സലിംരാജ റോഡിലായിരുന്നു നാടകീയ സംഭവങ്ങൾ. തിരുവനന്തപുരം-ബംഗളൂരു കർണാടക ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് ഡ്രൈവർ ഹാവേരി മകനൂർ സ്വദേശി പ്രദീപാ സാവന്ദയാണ് (42) മദ്യലഹരിയിൽ വാഹനം ഓടിച്ചത്. വൈകിട്ട് തിരുവനന്തപുരത്ത് നിന്ന് യാത്രതിരിച്ച ബസ് രാത്രിയോടെയാണ് ജില്ലാ അതിർത്തി പിന്നിട്ടത്. ഈ സമയം ബസിന് പുറകെ ഉണ്ടായിരുന്ന കാർ യാത്രികരായ അഭിഭാഷകരാണ് വിവരം പൊലീസിനെ അറിയിച്ചത്.
പിന്നാലെ സെൻട്രൽ പൊലീസ് സംഘം ബസിനെ പിന്തുടർന്ന് തടഞ്ഞു നിറുത്തി. സംസാരിക്കുമ്പോൾ തന്നെ മദ്യത്തിന്റെ മണം പരക്കുന്നുണ്ടായിരുന്നു. താൻ മദ്യപിച്ചിട്ടുണ്ടെന്ന് ഡ്രൈവർ കർണാടക ആർ.ടി.സിയുടെ കേരള ഓഫീസിലെ ഉദ്യോഗസ്ഥരോടും പൊലീസിനോടും സമ്മതിച്ചു. വിവിധ ആവശ്യങ്ങൾക്കായി ഇന്ന് ബംഗളൂരുവിൽ എത്തിച്ചേരേണ്ട യാത്രക്കാരായിരുന്നു ബസിൽ. ഇത് കണക്കിലെടുത്താണ് ഡ്രൈവറെ മാത്രം അറസ്റ്റ് ചെയ്തത്. ബസ് രേഖാമൂലം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അറസ്റ്റ് വിവരം പൊലീസ് മോട്ടോർ വാഹന വകുപ്പിനും കൈമാറി.
Source link