ഷിരൂരിൽ ഒരു മൃതദേഹം കണ്ടെത്തിയെന്ന് ഈശ്വർ മൽപ്പ; ജീർണിച്ച നിലയിൽ, ഡിഎൻഎ പരിശോധന നടത്തും

ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ ഒരു മൃതദേഹം കണ്ടെത്തി. ജീർണിച്ച ശരീരം ആരുടേതാണെന്ന് വ്യക്തമല്ല. മുങ്ങൽ വിദഗ്ദനായ ഈശ്വർ മൽപ്പയാണ് മൃതദേഹം കണ്ടെത്തിയന്ന കാര്യം അറിയിച്ചത്. അകനാശിനി ബാഡ മേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ജീർണിച്ച അവസ്ഥയിൽ കണ്ടെത്തിയ മൃതദേഹം പുരുഷന്റേതാണെന്നാണ് റിപ്പോർട്ട്. ഈ പ്രദേശത്ത് ഒരു മത്സ്യത്തൊഴിലാളിയെ കാണാതായിരുന്നു. അതേസമയം, മണ്ണിടിച്ചിലിൽ കണാതായ കോഴിക്കോട് സ്വദേശി അർജുന്റേതാണോ എന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന് കുടുംബം ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അർജുന്റെ സഹോദരന്റെ ഡിഎൻഎ സാമ്പിൾ നേരത്തെ ശേഖരിച്ചിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്ക് പൊലീസ് പുറപ്പെട്ടിട്ടുണ്ട്. കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബവും മൃതദേഹം സ്ഥിരീകരിക്കേണ്ടതുണ്ട്. ആദ്യം പ്രാഥമിക പരിശോധന നടത്തിയതിന് ശേഷം മാത്രമാണ് ഡിഎൻഎ പരിശോധനയിലേക്ക് കടക്കുകയുള്ളൂ. മൃതദേഹത്തിന്റെ കാലിൽ വല കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ട്.

മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഷിരൂർ മേഖലയിൽ നടന്നിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് തെരച്ചിൽ നിർത്തിവച്ചത്. അടിയൊഴുക്ക് ശക്തമായ ഗംഗാവലി പുഴയിലേക്ക് ഒരാൾക്ക് ഇറങ്ങി പരിശോധിക്കാനുള്ള സാഹചര്യം ഇല്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. സ്വമേധയ പുഴയിൽ ഇറങ്ങാൻ തയ്യാറാണെന്ന് മത്സ്യത്തൊഴിലാളികളായ ഈശ്വർ മൽപ്പ അറിയിച്ചെങ്കിലും ജില്ലാ ഭരണകൂടം അനുമതി നിഷേധിക്കുകയായിരുന്നു. നാവികസേനയുടെ സഹായത്തോടെ കഴിഞ്ഞ മാസം 26ന് മൂന്ന് തവണ മൽപ്പ പുഴയിൽ ഇറങ്ങാൻ ശ്രമിച്ചിരുന്നു. ഈ സമയത്ത് ഒരു തവണ വടം പൊട്ടി ഒഴുകിപ്പോയിരുന്നു.


Source link
Exit mobile version